തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന പിഎസ് സി ഉദ്യോഗാർഥികളുമായി സർക്കാർ ഔദ്യോഗിക തലത്തിൽ വൈകിട്ട് ആദ്യ ചർച്ച നടത്തും. 26 ദിവസമായി തുടരുന്ന സമരത്തിൽ ആദ്യമായാണ് സർക്കാർ ചർച്ച തയാറാകുന്നത്. ഉദ്യോഗസ്ഥതല ചർച്ചയാണ് വൈകിട്ട് 4.30ന് നിശ്ചിയിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയും എഡിജിപി മനോജ് എബ്രഹാമും സർക്കാർ പ്രതിനിധികളായി ചർച്ചയ്ക്ക് എത്തും. സമരം ചെയ്യുന്ന എല്ലാ വിഭാഗം ഉദ്യോഗാർഥികളുടെ പ്രതിനിധികളും ആവശ്യങ്ങൾ ഉദ്യോഗസ്ഥരെ അറിയിക്കും.

സർക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി തന്നെ ചർച്ചയ്ക്ക് തയാറാവണമെന്ന് നിർബന്ധമില്ലെന്നും സമരക്കാരുടെ നേതാവ് ലയ രാജേഷ് പ്രതികരിച്ചു. ഇന്ന് ഉച്ചയോടെയാണ് ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഉദ്യോഗാർഥികളുടെ പ്രതിനിധികൾക്ക് കത്ത് നൽകിയത്.

കത്തുമായി സർക്കാർ ഉദ്യോഗസ്ഥൻ എത്തിയെന്ന് എൽജിഎസ് ഉദ്യോഗാർത്ഥി ലയാ രാജേഷ് പറഞ്ഞു. എന്നാൽ, കത്ത് തന്റെ പേരിലല്ലായിരുന്നു. റിജു എന്ന ഉദ്യോഗാർത്ഥിയുടെ പേരിലായിരുന്നു കത്ത്. ഈ ഉദ്യോഗാർത്ഥി സ്ഥലത്തില്ലാത്തതിനാൽ പിന്നീട് ലയയുടെ പേരിൽ മാറ്റി നൽകി.

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ഉദ്യോഗാർത്ഥികളുടെ സമരം 26 ദിവസം പിന്നിട്ടു. 13 ആം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം. മന്ത്രിതല ചർച്ചയാണ് ഉദ്യോഗാർത്ഥികൾ പ്രതീക്ഷിച്ചത്. ചർച്ച വേണ്ട എന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രിയോട് കടുംപിടിത്തം വേണ്ട എന്ന് പാർട്ടി നിർദ്ദേശിച്ചിരുന്നു. ചർച്ചയ്ക്ക് തയ്യാറാവണമെന്ന് ഗവർണറും ആവശ്യപ്പെട്ടതായാണ് സൂചന. ചർച്ച വേണ്ടെന്ന നിലപാട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്തതടക്കം സർക്കാർ കൈകൊണ്ട നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്താനാണ് തീരുമാനം. ഉപാധികളില്ലാതെ സർക്കാർ ചർച്ച നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യം. എന്നാൽ, സർക്കാർ ചർച്ചക്ക് ഒരുങ്ങുമ്പോഴും വ്യക്തമായ ഫോർമുലയില്ല. കൂടുതലൊന്നും ചെയ്യാനില്ലെന്ന വാദമാകും സർക്കാർ ചർച്ചയിലും അറിയിക്കുക.ണ്.

അസാധ്യമായ കാര്യങ്ങൾക്ക് വേണ്ടിയാണ് റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരമെന്ന് സിപിഎം താത്കാലിക സെക്രട്ടറി എ.വിജയരാഘവൻ ഇന്നും പ്രതികരിച്ചു.