ന്യൂഡൽഹി: അതിർത്തിയിൽ ചൈനീസ് സേനയുമായുള്ള സംഘർഷം മുറുകവേ മറ്റൊരു കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. കേന്ദ്ര ഐടി മന്ത്രാലയമാണ് നിരോധന നടപടി സ്വീകരിച്ചിരിക്കുന്നത്. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. നേരത്തെ തന്നെ ജനപ്രിയമായ പബ്ജി ലോക്ക് ഡൗൺ കാലത്ത് അൽഭുതകരമായ വളർച്ചയായിരുന്നു സ്വന്തമാക്കിയത്.

പബ്ജി യഥാത്ഥത്തിൽ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിയാണ് പബ്ജി കോർപ്പറേഷൻ. സോളാണ് കമ്പനിയുടെ ആസ്ഥാനം. ടെൻസെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തിൽ മാത്രം സമ്മാനിച്ചത് 1700 കോടിയിൽപരം രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്‌ളേ എന്നിവയിൽ നിന്ന് മെയ് 1 മുതൽ മെയ് 31 വരെ ശേഖരിച്ച വിവരങ്ങൾ വച്ചാണ് ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത് മെയ് 2020 -ലെ ഏറ്റവും കൂടുതൽ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയിൽ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി മൊബൈൽ.

പബ്ജിക്ക് പുറമേ വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ടൗട്ട്, വാർപാത്ത്, ഗെയിം ഓഫ് സുൽത്താൻ, ചെസ് റക്ഷ്, സൈബർ ഹണ്ടർ, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ഹൈഡ് ആപ്പ്, കിറ്റി ലൈവ്, മൈക്കോ ചാറ്റ് തുടങ്ങിയവ നിരോധിച്ച ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഈ ആപ്പുകൾ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവയെ നിരോധിക്കാൻ തീരുമാനിച്ചതെന്ന് ഐടി മന്ത്രാലയത്തിന്റെ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. ഇവ സുരക്ഷയ്ക്ക് ഭീഷണിയായതുകൊണ്ട് നിരോധിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയും തീരുമാനത്തിന് കാരണമായതായി കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

ഓഗസ്റ്റ് 29 നും 30 നുമിടയിൽ അർദ്ധ രാത്രിയിൽ നടന്ന ചൈനീസ് നീക്കത്തെ ഇന്ത്യൻ സൈന്യം തടഞ്ഞതായി കരസേന നേരത്തെ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ചൈനീസ് സൈന്യം സമവായം ലംഘിച്ചതായും സ്ഥിതിഗതികൾ മാറ്റാൻ പ്രകോപനപരമായ സൈനിക നീക്കം നടത്തിയതായും കരസേന വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരം, പ്രതിരോധം, രാജ്യത്തിന്റെ സുരക്ഷ, പൊതുനിയമം എന്നിവ മുൻനിർത്തിയാണ് ആപ്പുകൾ നിരോധിക്കുന്നതെന്നു അധികൃതർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. നിലവിൽ 3.3 കോടിയോളം പേർ ഇന്ത്യയിൽ പബ്ജി ഉപയോഗിക്കുന്നുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിന്റെ സെക്ഷൻ 69 എ പ്രകാരമാണ് ആപ്പുകൾ നിരോധിച്ചത്.

നേരത്തെ ജനപ്രിയ ആപ്പുകളിൽ ഒന്നായ ടിക് ടോക്, യുസി ബ്രൗസർ ഉൾപ്പടെ 59 ചൈനീസ് അപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ചൈനയിലുള്ളതോ ചൈനക്കാർക്കു മുതൽമുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകളാണ് നിരോധിച്ചത്. ഇതിന് പിന്നാലെ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടിക് ടോക് നീക്കം ചെയ്തിരുന്നു. ചൈനയുമായി ഉള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജൂണിൽ ആപ്പുകൾ നിരോധിച്ചത്. ഈ ആപ്ലിക്കേഷനുകൾ കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും സ്വകാര്യതാ ലംഘനം നടത്തുന്നുവെന്നതുമാണ് നിരോധനത്തിന് കാരണമെന്ന് ഉന്നത ഇന്റലിനജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ നിരോധിത ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണു നടപടി.