കൊൽക്കത്ത: ബംഗാളിൽ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ, ബിജെപിയിൽ പ്രവർത്തിച്ചതിന് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാധാരണ പ്രവർത്തകർ. ഓട്ടോ റിക്ഷകളിൽ മൈക്ക് വെച്ചുകെട്ടി തെറ്റ് ഏറ്റുപറയുകയാണ് ഒരുവിഭാഗം പ്രവർത്തകർ. ഈ മാപ്പു പറച്ചിലിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

ഇ-ഓട്ടോറിക്ഷയിൽ മൈക്ക് കെട്ടി ചിലർ ജനങ്ങളോട് മാപ്പ് അഭ്യർത്ഥിച്ച് രംഗത്തുവന്നു. 'തൃണമൂലിൽ നിന്ന് രാജിവെക്കാൻ പാടില്ലായിരുന്നു. ബിജെപിയെ വിശ്വസിച്ചത് തെറ്റായിപ്പോയെന്നും ജനങ്ങളെല്ലാം തങ്ങളോട് മാപ്പ് തരണമെന്നും' ഇ-റിക്ഷാ തൊഴിലാളികളായ ചിലർ അനൗൺസ്മെന്റിൽ അഭ്യർത്ഥിച്ചു. ബംഗാളിലെ നാലിലധികം ജില്ലകളിൽ ഇത്തരത്തിൽ മാപ്പ് അഭ്യർത്ഥിച്ച് അനൗൺസ്മെന്റ് നടത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബിജെപിയിൽ ചേക്കേറിയ നേതാക്കൾ തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. മുകുൾ റോയ് ഉൾപ്പെടെയുള്ള ചില നേതാക്കളെ മമത ബാനർജി തിരികെ സ്വീകരിക്കുകയും ചെയ്തിരുന്നു.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചാണ് മുകുൾ റോയ് തൃണമൂൽ പാളയത്തിലേക്ക് തിരികെയെത്തിയത്. മകൻ സുഭ്രാൻശുവിനൊപ്പമായിരുന്നു മുകുളിന്റെ മടങ്ങിവരവ്. ബംഗാളിലെയും ഇന്ത്യയിലെയും ഒരേയൊരു നേതാവ് മമതയാണ് എന്നായിരുന്നു തിരിച്ചെത്തിയ മുകുൾ റോയിയുടെ പ്രശംസ.

ഹിന്ദി ഹൃദയ ഭൂമികയിൽ നിന്ന് പുറത്തേക്ക് ചുവടുവെക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് മുകുൾ റോയിയുടെ തൃണമൂലിലേക്കുള്ള മടക്കം. റോയിയോടൊപ്പം നിരവധി പേരാണ് മാതൃസംഘടനയായ തൃണമൂലിലേക്ക് ബിജെപിയിൽ നിന്ന് മടങ്ങിപ്പോകാൻ ബംഗാളിൽ തയ്യാറെടുക്കുന്നത്. ബിജെപിയുടെ ഹിന്ദുത്വ ആശയങ്ങൾക്ക് ബംഗാളിൽ വേണ്ടത്ര വേരുപിടിക്കാൻ കഴിയുന്നില്ലെന്നാണ് സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങൾ നൽകുന്ന സൂചന.

ബിജെപിയിലേക്ക് പുതുതായി വന്നുചേരുന്നവർ ഹിന്ദുത്വ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരല്ല. അതുകൊണ്ട് തന്നെ ആശയപരമായ ഉത്തരവാദിത്വം അവർക്ക് പാർട്ടിയോട് ഇല്ലായെന്നതാണ് ബംഗാൾ നൽകുന്ന പാഠം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പാർട്ടിയുടെ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കടന്നുകയറ്റവും ഇതിൽ നിന്നും മാറിനിൽക്കുന്നതല്ല.