തിരുവല്ല: മണിച്ചന്റെയും യമഹ സുരേന്ദ്രന്റെയും മാസപ്പടി ഡയറിയിൽ പൊലീസ്-എക്സൈസ് ഉദ്യോസ്ഥരും രാഷ്ട്രീയക്കാരും ഉൾപ്പെട്ടതു പോലെ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മോഷണക്കേസിൽ നിരവധി പ്രതികളുണ്ടാകാൻ സാധ്യത.

നിലവിലുള്ള ഏഴു പേർക്ക് പുറമേ സ്പിരിറ്റ് എത്തിക്കാൻ കരാർ എടുത്ത ടോംസി, ടാങ്കർ ലോറി ഉടമ ഷാജു, പുളിക്കീഴ് എക്സൈസ് സിഐ എന്നിവരും പ്രതിപ്പട്ടികയിൽ കടന്നു കൂടാൻ സാധ്യതയുള്ളതായി സൂചന.

സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കരാർ കമ്പനി ഉടമ, ടാങ്കർ ലോറി ഉടമ എന്നിവർ ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴിയിൽ പൊരുത്തക്കേടുള്ളതിനാൽ ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്.

കൊച്ചി പരവൂർ കേന്ദ്രീകരിച്ചുള്ള കെഇടി എൻജിനീയേഴ്സ് കമ്പനി ഉടമ ടോംസി, ടാങ്കർ ലോറി ഉടമ ഷാജു എന്നിവരാണ് ഇതു സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന പുളിക്കീഴ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ട്രാവൻകൂർ ഷുഗേഴ്സിലേക്ക് സ്പിരിറ്റ് എത്തിക്കാൻ ആറു മാസത്തെ കരാറാണ് ട്രാൻസ്പോർട്ടിങ് കമ്പനി ഉടമ കുടിയായ ടോംസി ഏറ്റെടുത്തത്. പൊലീസിന്റെ നോട്ടീസ് പ്രകാരം ഇന്നലെ ഇവർ ചോദ്യം ചെയ്യലിന് ഹാജരായി.

കരാർപ്രകാരം 1.15 ലക്ഷം സ്പിരിറ്റാണ് ഏറ്റവും ഒടുവിലത്തെ ലോഡിൽ എത്തിക്കേണ്ടിയിരുന്നത്. 57 ലക്ഷം രൂപ ഇതിനായി ചെലവാക്കി. ട്രാവൻകൂർ ഷുഗേഴ്സിൽ സ്പിരിറ്റ് എത്തിച്ച ശേഷം തിരുവനന്തപുരത്തെ ലാബിൽ സാമ്പിൾ പരിശോധിച്ച് ഉറപ്പാക്കിയിട്ടാണ് സ്പിരിറ്റിന്റെ പണം ലഭിക്കാറുള്ളത്. മോഷണക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ഡ്രൈവർമാരായ നന്ദകുമാറും സിജോ തോമസും ഒന്നര വർഷം മുമ്പാണ് ഇവരുടെ ടാങ്കറിൽ ജോലിക്ക് കയറിയത്.

മദ്യപാനം ഉൾപ്പെടെയുള്ള ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആളുകളെ രഹസ്യമായി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കുഴപ്പങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. തങ്ങൾ വില നൽകി വാങ്ങിയ സ്പിരിറ്റാണ് ടാങ്കർ ഡ്രൈവർമാർ അടങ്ങുന്ന സംഘം ചോർത്തി വിറ്റത്. ഏറെനാളായി പ്രവർത്തിക്കുന്ന കമ്പനി ആദ്യമായാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ കരാർ ഏറ്റെടുത്തതെന്നും അവർ മൊഴി നൽകി. ക്രമക്കേട് കണ്ടെത്തിയ ടാങ്കറുകൾ കരാറുകാരും പൊലീസും ചേർന്ന് പരിശോധിച്ചു.

ട്രാൻസ്പോർട്ടിങ് ആവശ്യത്തിനായി വിവിധ സ്ഥലങ്ങളിൽ പല തവണ ടാങ്കറുകൾ കൊണ്ടു പോയിട്ടുണ്ടെങ്കിലും ഇലക്ടോണിക് ലോക്കിങ് സംവിധാനത്തിലെ ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റിയത് ആദ്യത്തെ സംഭവമാണെന്നും അവർ മൊഴി നൽകി. ഇൻസ്പെക്ടർ ബിജു വി നായരുടെ നേതൃത്വത്തിൽ പ്രതികളെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു.

അതേ സമയം, മോഷണക്കേസിൽ മൂന്നു മുതൽ ആറു വരെ പ്രതികളായ ജനറൽ മാനേജർ അലക്സ് പി. ഏബ്രഹാം, പേഴ്സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരെ കെഎസ്ബിസി എംഡി യോഗേഷ് ഗുപ്ത സസ്പെൻഡ് ചെയ്തു. ഒളിവിലുള്ള ഈ ഉദ്യോഗസ്ഥർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

എക്സൈസ് ഉദ്യോഗസ്ഥരുടെയും അറിവോടെയല്ലാതെ കമ്പനിയിൽ ഇത്തരത്തിലുള്ള തട്ടിപ്പ് നടത്താനാകില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. പുതിയ ജീവനക്കാർക്ക് ചുമതല നൽകി നാളെ മുതൽ മദ്യ നിർമ്മാണം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ബിവറേജസ് കോർപ്പറേഷൻ. 2015 മുതലുള്ള കമ്പനിയുടെ പ്രവർത്തനങ്ങളും പൊലീസ് പരിശോധിക്കും.

വിരമിച്ച ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ഇന്ന് കമ്പനിയിലെ തൊഴിലാളികളെല്ലാവരും ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ കോടികളുടെ സമ്പാദ്യം ഉള്ളതായാണ് വിവരം. ഇവരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഭരണ പ്രതിപക്ഷ യൂണിയനുകളും രംഗത്തുണ്ട്. താൽക്കാലിക ജീവനക്കാരിയായ പ്രൊഡക്ഷൻ മാനേജർ മേഘ മുരളിയുടെ നിയമനത്തിൽ തിരിമറി നടന്നിട്ടുണ്ടോ എന്നും ഇവരുടെ യോഗ്യത സംബന്ധിച്ച രേഖകളും പൊലീസ് പരിശോധിക്കും.

അതിനിടെ പ്രതിപ്പട്ടികയിൽ ഇടം പിടിച്ച ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ഉന്നത തല നീക്കം തകൃതിയായി നടന്നുവെന്നും സംശയം. പ്രതിപ്പട്ടികയിൽ ഉണ്ടാകുമെന്ന സൂചന ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകുകയും മുൻകൂർ ജാമ്യഹർജി നൽകാൻ അവസരമൊരുക്കുകയുമാണ് ചെയ്തത്.