പുൽപള്ളി: വ്യാജവാറ്റിനായി കൂട്ടത്തല്ല് എന്ന പേരിൽ വ്യാജ വിഡിയോ എടുത്തു സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾക്കെതിരെ കോവിഡ് മാനദണ്ഡ ലംഘനത്തിന് കേസ്. അതീവ രസകരമായി ചിത്രീകരിച്ച വീഡിയോയാണ് പ്രശ്‌നത്തിലാകുന്നത്.

പുൽപള്ളി വണ്ടിക്കടവ് സ്വദേശികളായ യൂജിൻ ജോസ്(22), ടി.ജെ. ടിനു(22), കെ.ബി. റോബിൻ(22), അനീഷ് ചന്ദ്രൻ(24), ഇ.വി. വിഷ്ണു(23), ശ്രീക്കുട്ടൻ രമേഷ്(22), എം വി അബിൻ(22), സി.ടി. രാഹുൽ (22) എന്നിവർക്കെതിരെയാണ് വിഡിയോ ചിത്രീകരിക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു പുൽപള്ളി പൊലീസ് കേസ് എടുത്തത്. ആളുകൾ കൂട്ടം കൂടിയതാണ് പ്രശ്‌നമായത്.

വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയ ഒരുസംഘമാളുകൾ വാറ്റുകാരോടു മദ്യം ആവശ്യപ്പെടുന്നതും കിട്ടാതെ വന്നപ്പോൾ തമ്മിൽത്തല്ലുന്നതുമായിരുന്നു ഈ യുവാക്കൾ ചിത്രീകരിച്ച വിഡിയോയുടെ ഉള്ളടക്കം. ലുങ്കിയുടുത്ത് ഒരു സംഘം വാറ്റു കേന്ദ്രത്തിൽ എത്തുന്നു. അതിന് ശേഷം അവിടെ ഉള്ളവരോട് മദ്യം ചോദിക്കുന്നു. സെറ്റിട്ട വ്യാജ വാറ്റ് കേന്ദ്രത്തിലായിരുന്നു ഷൂട്ടിങ്.

സാധനം തന്നില്ലെങ്കിൽ വിഡിയോ പൊലീസിനെ കാണിക്കണമെന്നും പണി കൊടുക്കണമെന്നും പറഞ്ഞുകൊണ്ട് യുവാക്കൾ വാറ്റുകേന്ദ്രത്തിലേക്കു കയറി വരുന്നതും ഒടുവിലെ പൊരിഞ്ഞ തല്ലും യഥാർഥമെന്നു കരുതി ഏറെപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പിന്നീടാണ് ഇതിന് പിന്നിലെ സത്യം തിരിച്ചറിഞ്ഞത്. അത് വിവാദമാകുകയും ചെയ്തു. പൊരിഞ്ഞ തല്ല് നല്ല ഒർജിനാലിറ്റിയിലാണ് ഷൂട്ട് ചെയ്തത്. എല്ലാം ഒറ്റ ഷോട്ടും.

യുട്യൂബ് ചാനലിൽ വൈറലാക്കാനാണ് യുവാക്കൾ വിഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാജവാറ്റിനെതിരെ സമൂഹ മനസാക്ഷി ഉണർത്തുകയായിരുന്നു വിഡിയോ ചിത്രീകരണത്തിന്റെ യഥാർഥ ലക്ഷ്യമെന്നും ഇതിനായി രണ്ടാമത്തെ എപ്പിസോഡ് കൂടി ഇറക്കാനിരിക്കുകയായിരുന്നു യുവാക്കളെന്നും വിശദീകരണമുണ്ട്.

സിനിമയിലെ സംഘർഷത്തെ പോലും വെല്ലുന്ന തരത്തിലെ നാടൻ തല്ലായിരുന്നു വീഡിയോ. പുഴയുടെ തീരത്താണ് സെറ്റിട്ടത്. ആർക്കും പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനും കഴിയുന്ന സാഹചര്യമല്ലായിരുന്നു പൊലീസ്. എന്നാൽ കോവിഡു കാലത്തു ഷൂട്ടിംഗുകൾ നിരോധിച്ചിട്ടുണ്ട്. പ്രത്യേക്ക് പുറം ചിത്രീകരണങ്ങൾ. ഇതിന്റെ ലംഘനമാണ് നടന്നത്. ഇതുകൊണ്ടാണ് കേസ് എടുക്കാനായത്.