ചണ്ഡിഗഢ്: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധുവിന്റെ ഉപദേശകരുടെ വിവാദ പരാമർശത്തിന് പിന്നാലെ മുഖ്യമന്ത്രി അമരീന്ദർ സിങിനെ മാറ്റണമെന്ന ആവശ്യവുമായി ഒരുവിഭാഗം എംഎൽഎമാർ രംഗത്തെത്തി. അമരീന്ദറിനെ മാറ്റണമെന്ന് പാർട്ടിയിലെ 23 എംഎൽഎമാരാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് പാർട്ടി നേതൃത്വത്തെ സമീപിക്കുമെന്നും എംഎൽഎമാർ വ്യക്തമാക്കി.

ക്യാപ്റ്റൻ അമരീന്ദർ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം. അല്ലാത്തപക്ഷം കോൺഗ്രസ് രക്ഷപ്പെടില്ല. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ല. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി തൃപ്ത് സിങ് ബജ്വ പറഞ്ഞു.

അതേസമയം വിവാദ പരാമർശത്തിൽ നവ്ജ്യോത് സിങ് സിദ്ധുവിന്റെ ഉപദേശകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അമരീന്ദർ സിങിന്റെ വിശ്വസ്തരായ മന്ത്രിമാരും എംഎൽഎമാരും ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചാബിൽ ഏറെ നാളായി തുടരുന്ന അമരീന്ദർ- സിദ്ധു പോരിന് ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പരസ്യവിമർശനങ്ങളിലൂടെ പലപ്പോഴും തർക്കം രൂക്ഷമാവുകയാണ്. സിദ്ധുവിനെ സംസ്ഥാനത്ത കോൺഗ്രസ് അധ്യക്ഷനാക്കുന്നതിനെതിരേയും നേരത്തെ അമരീന്ദർ രംഗത്തെത്തിയിരുന്നു.

ഓഗസ്റ്റ് 11-നാണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധുവിന്റെ ഉപദേശകരായി മൽവീന്ദർ സിങ്ങും ഗാർഗും ചുമതലയേറ്റത്. പിന്നാലെ ഇരുവരും പാക്കിസ്ഥാൻ, കശ്മീർ വിഷയങ്ങളിൽ വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് അറിവില്ലാത്ത വിഷയങ്ങളെക്കുറിച്ച് സംസാരിക്കരുതെന്നും ഉപദേശകരെ സിദ്ധു നിയന്ത്രിക്കണമെന്നും പരസ്യമായി മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി അമരീന്ദറും രംഗത്തെത്തി. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസിനുള്ളിലെ ചേരിപ്പോര് രൂക്ഷമാവുകയും ചെയ്തു.

പഞ്ചാബിൽ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് എംഎൽഎമാർ പരസ്യമായി രംഗത്തെത്തുന്നത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് എംഎൽഎമാർ ഹൈക്കമാൻഡിനെ സമീപിച്ചപ്പോൾ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നത് ഉചിതമാവില്ലെന്നായിരുന്നു ഹൈക്കമാൻഡിന്റെ പ്രതികരണം.