അമൃത്സർ: പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ കാൽച്ചോട്ടിലെ മണ്ണിളകുകയാണോ? കടുത്ത വിമർശകനായ നവജ്യോത് സിങ് സിദ്ദു തുറന്നുപോരിന് ഇറങ്ങിയപ്പോൾ അമരീന്ദറിന്റെ അനുയായികൾ നിശ്ശബ്ദത പാലിക്കുന്നതാണ് സംശയം കൂട്ടുന്നത്. പട്യാലയിൽ നിന്ന് മത്സരിക്കാൻ സിദ്ദുവിനെ അമരീന്ദർ വെല്ലുവിളിച്ചിട്ട് അധികദിവസം ആയിട്ടില്ല. മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തിയത് രണ്ടുമന്ത്രിമാരും, ഒരുഎംപിയും മാത്രമാണ് എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു.

നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രമാണ് അവശേഷിക്കുന്നത്. ഒരു കൂട്ടം മന്ത്രിമാരുമായും എംഎ‍ൽഎമാരുമായും സിദ്ദു കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത വന്നതോടെ പഞ്ചാബ് കോൺഗ്രസിൽ അസ്വസ്ഥത പുകയുകയാണ്. അമരീന്ദറിനെതിരെ ഒരുപോർമുഖം തുറക്കുകയാണ് പാർട്ടിയിലെ എതിരാളികൾ. ഇതുവരെ സിദ്ദുവിന്റേത് ഒറ്റയാൻ പോരാട്ടമായിരുന്നു. പിസിസി അദ്ധ്യക്ഷൻ പ്രതാപ് സിങ് ബജ്വയും, കോൺഗ്രസ് രാജ്യസഭാ എംപി ഷംസേർ സിങ് ഡുല്ലോയും ഇടയ്ക്കിടെ അമരീന്ദറിനെ വിമർശിച്ചത് ഒഴിച്ചുനിർത്തിയാൽ കാര്യമായ ഭീഷണി ഉണ്ടായിരുന്നില്ല.

കോർപറേഷൻ-ജയിൽ മന്ത്രി സുഖ്ജിന്ദർ രണ്ഡാവ, ടെക്‌നിക്കൽ എഡ്യുക്കേഷൻ-ടൂറിസം-സാംസ്‌കാരിക മന്ത്രി ചരൺജിത്ത് ചന്നി, ബജ്വയുടെ സഹോദരൻ ഫത്തേ ജുങ് സിങ് ബജ്വ അടക്കം നാല് എംഎൽഎമാരും സിദ്ദു ഒരുക്കിയ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സിഖ് മതഗ്രന്ഥത്തെ അപമാനിച്ചെന്ന ബർഗരി കേസിലും തുടർന്നുണ്ടായ വെടിവെപ്പിലും നീതി നടപ്പാക്കാൻ മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ഈ രണ്ട് വിഷയങ്ങളായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമെന്ന് നേതാക്കൾ പറയുന്നു. ബർഗരിയിലെ മതനിന്ദ കേസിൽ നീതി നടപ്പാക്കാത്തതിൽ ജനങ്ങൾ അസ്വസ്ഥരാണെന്ന് ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തുമെന്നും വൃത്തങ്ങൾ പറഞ്ഞു.

മതനിന്ദ കേസിൽ സർക്കാരിന്റേത് മൃദുസമീപനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറയുന്നു. കേസിൽ ഉൾപ്പെട്ടവർക്കെതിരെയും വെടിവെപ്പിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഈ പ്രശ്‌നം മൂലമാണ് അകാലിദൾ സർക്കാരിന് അധികാരം നഷ്ടപ്പെട്ടത്. മയക്കുമരുന്ന് മാഫിയകളെ ഇല്ലാതാക്കുമെന്നും അമരീന്ദർ വാഗ്ദാനം ചെയ്തിരുന്നു. ഈ രണ്ട് വിഷയങ്ങളിലും ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ എംഎൽഎമാർ വരുന്ന തെരഞ്ഞെടുപ്പിൽ എങ്ങനെ വോട്ട് ചോദിക്കുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

കോർപറേഷൻ-ജയിൽ മന്ത്രി സുഖ്ജിന്ദർ രണ്ഡാവ അമരീന്ദറിനോട് നീരസത്തിലുമാണ്. മതനിന്ദ കേസ് ചർച്ച ചെയ്യാൻ വിളിച്ച മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി തന്നെ വിമർശിച്ചതാണ് രണ്ഡാവയെ പ്രകോപിപ്പിച്ചത്. ഒരുകടലാസിൽ രാജിക്കത്ത് എഴുതി നൽകിയെങ്കിലും അമരീന്ദർ അത് കീറിക്കളഞ്ഞുവെന്നാണ് വാർത്ത. മതനിന്ദാ കേസിൽ നീതി നടപ്പാക്കുക, മയക്കുമരുന്ന് സംഘങ്ങളെ അകത്താക്കുക, വൈദ്യുതി നിരക്ക് കുറയ്ക്കുക എന്നീ കാര്യങ്ങളിലെ മെല്ലപ്പോക്കാണ് വിമതർക്ക് ഇന്ധനം നൽകുന്നത്.

വരും ദിവസങ്ങളിൽ പാർട്ടി എംപി രവ്‌നീത് സിങ് ബിട്ടു പുതിയ ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. സർക്കാരിനെതിരെ തുറന്നടിച്ച് അച്ചടക്കലംഘനം നടത്തുകയല്ല ലക്ഷ്യം. എന്നാൽ, കോൺഗ്രസും അകാലിദളും തമ്മിൽ ഒത്തുകളിയാണെന്ന് ജനം സംശയിച്ചാൽ മറ്റുസംസ്ഥാനങ്ങെളിലെ പോലെ പഞ്ചാബിലും കോൺഗ്രസ് ഫിനിഷ്ഡ് ആകുമെന്നാണ് വിമതർ പറയുന്നത്. കോട്കാപുര വെടിവെപ്പ് കേസിൽ പ്രത്യക അന്വേഷണ സംഘത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിമർശിച്ചതും സർക്കാരിന് ക്ഷീണമായി. മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ ഗൂഢാലോചന ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തനാക്കിയതും സർക്കാരിന് തിരിച്ചടിയായേക്കും. ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യാൻ എംപിമാരുടെ യോഗം മെയ് നാലിന് അമരീന്ദർ യോഗം വിളിച്ചെങ്കിലു, കോവിഡ് വ്യാപനം ചൂണ്ടികാട്ടി റദ്ദാക്കുകയായിരുന്നു.