കോഴിക്കോട്: സംവരണം 50 ശതമാനത്തിൽ അധികം ആകാൻപാടില്ലെന്ന സുപ്രീംകോടതി വിധിയോട് പ്രതികരിച്ചു കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ. മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണമെന്നുമുള്ള കേരള സർക്കാരിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് പുതിയ സുപ്രീം കോടതി വിധിയെന്ന് പുന്നല പ്രതികരിച്ചു. ഇന്ദിരാസാഹ്നി കേസ് പുനഃപരിശോധിക്കേണ്ടതില്ലെന്ന ജസ്റ്റിസ് അശോക് ഭൂഷൻ അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രസ്താവം സാമൂഹ്യനീതി സങ്കൽപങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ദിരാസാഹ്നി കേസ് പുനഃപരിശോധിക്കേണ്ടതില്ലെന്ന ജസ്റ്റിസ് അശോക് ഭൂഷൻ അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രസ്താവം സാമൂഹ്യനീതി സങ്കൽപ്പങ്ങൾക്ക് കരുത്ത് പകരുന്നതാണ്. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഇരുപതിലധികം വ്യവഹാരങ്ങളിൽ ഈ വിധിയുടെ പ്രതിഫലനമുണ്ടാവുമെന്ന് പ്രത്യാശിക്കാം.

സംവരണത്തിന്റെ പരിധി 50 ശതമാനത്തിൽ കവിയാൻ പാടില്ല എന്നതിലുപരി 1992 ലെ ഇന്ദിരാ സാഹ്നി കേസ്സിലെ വിധി പ്രസ്താവത്തിന്റെ ആത്മാവ് സംവരണത്തിന്റെ മാനദണ്ഡം സാമുഹ്യ പിന്നോക്കാവസ്ഥയാണെന്നതും, സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്നതുമാണ്. പഠനത്തിന്റെയും സ്ഥിതിവിവരക്കണക്കുകളുടെയും അഭാവത്തിൽ സാമൂഹ്യ പദവിയുള്ളവർക്ക് സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ഓപ്പൺ മെറിറ്റിലെ പത്ത് ശതമാനം അവസരങ്ങൾ സംവരണമായി നൽകാനും, SIUC ഒഴികെയുള്ള നാടാർ വിഭാഗത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംവരണവും ഇതിലൂടെ പ്രതിസന്ധിയിലാവും. സംവരണം അമ്പത് ശതമാനത്തിൽ അധികമാവാമെന്നും, മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടിനേറ്റ തിരിച്ചടികൂടിയാണ് ഇപ്പോഴുണ്ടായിട്ടുള്ള കോടതി വിധി.' - പുന്നല പറഞ്ഞു.

മഹാരാഷ്ട്രയിൽ മറാത്ത വിഭാഗത്തെ പിന്നാക്ക വിഭാഗമായി പരിഗണിച്ച് സംവരണം നൽകാനുള്ള നിയമമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. സംവരണം അമ്പത് ശതമാനത്തിൽ കൂടരുതെന്ന 1992ലെ ഇന്ദിരാ സാഹ്നി കേസിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി. 1992 ലെ ഇന്ദിര സാഹ്നി കേസ് പുനഃപരിശോധിക്കില്ലെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു.

1992 ലാണ്, ആകെ സംവരണം അമ്പത് ശതമാനത്തിന് മുകളിൽ ഉയരുന്നത് അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളൂ എന്ന് സുപ്രീംകോടതി വിധിച്ചത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് ശേഷമുള്ള ഇന്ദിര സാഹ്നി കേസിലായിരുന്നു 9 അംഗ ഭരണഘടന ബഞ്ചിന്റെ നിർദ്ദേശം. സംസ്ഥാനത്ത് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സംവരണത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. സംവരണം 50 ശതമാനത്തിൽ അധികം ആകുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. മറാഠ സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

പിന്നാക്ക വിഭാഗ പട്ടിക നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനെന്നും സംസ്ഥാനങ്ങൾക്ക് വേറെ പട്ടിക തയാറാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പിന്നാക്ക പട്ടിക രാഷ്ട്രപതിയുടെ അധികാര പരിധിയിലാണ്. പട്ടിക തയാറാക്കാൻ നിയമസഭയ്ക്ക് അധികാരം വേണമെന്ന് കേരളം വാദിച്ചിരുന്നു. സംവരണം 50 ശതമാനം കടക്കാമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. മുന്നാക്കക്കാരിലെ സാമ്പത്തികമായി ദുർബല വിഭാഗത്തിനുവേണ്ടിയായിരുന്നു കേരളം വാദിച്ചത്. എന്നാൽ സുപ്രീംകോടതി വിധിയോടെ കേരളത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് പത്ത് ശതമാനം സംവരണം ഒരുക്കാൻ സർക്കാർ മറ്റ് മാർഗങ്ങൾ തേടേണ്ടി വരും.

നിലവിലുള്ള സമുദായ സംവരണത്തെ ഒരു വിധത്തിലും ബാധിക്കാത്ത വിധത്തിൽ 10% സാമ്പത്തിക സംവരണം കൂടി നടപ്പാക്കണമെന്നു ഭരണഘടനാ ഭേദഗതി കൊണ്ടു വരികയാണ് ഇതു മറികടക്കാനുള്ള പോംവഴിയെന്നാണ് നിയമ മന്ത്രിയായ എ.കെ. ബാലന്റെ പ്രതികരണം. കേരളത്തിൽ നിലവിൽ 50% ജനസംഖ്യാനുപാതിക സമുദായ സംവരണമുണ്ട്. ശേഷിക്കുന്ന 50% വരുന്ന പൊതു വിഭാഗത്തിൽ നിന്നാണു നമ്മൾ 10% സാമ്പത്തിക സംവരണം നടപ്പാക്കിയത്. ഭരണഘടനാ ഭേദഗതിയുടെ പിൻബലത്തിലാണ് ഇതു കൊണ്ടു വന്നത്. എന്നാൽ നിലവിലുള്ള ഭരണഘടനാ ഭേദഗതി ഈ സാമ്പത്തിക സംവരണം സംരക്ഷിക്കുന്നതിന് അപര്യാപ്തമാണ്.

നിലവിലുള്ള 50% സാമുദായിക സംവരണത്തെ ഒരു വിധത്തിലും നമുക്കു തൊടാനാവില്ല. ഒപ്പം 10% സാമ്പത്തിക സംവരണം കൂടി നൽകാൻ സാധിക്കുകയും വേണം. സുപ്രീം കോടതി വിധി വന്നതിനാൽ സാമ്പത്തിക സംവണത്തിനായി നമ്മൾ എടുത്ത നടപടികൾ ഇനി നിലനിൽക്കില്ല. സംവരണത്തിന് അർഹമായ പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതു രാഷ്ട്രപതിയുടെ അധികാരത്തിൽപ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി പറയുന്നു. സംസ്ഥാനത്തു പിന്നാക്ക വിഭാഗ കമ്മിഷനാണ് ഇതു തീരുമാനിച്ചിരുന്നത്. എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ വിഭാഗത്തിനു സംവരണം നൽകാൻ തീരുമാനിച്ചതു കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മന്ത്രിസഭ ആയിരുന്നു. ഇനി മുതൽ ഇങ്ങനെ സംവരണം നൽകണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതിക്കു വിടണം.