കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ കുറ്റപത്രം പെൻഡ്രൈവിലാക്കി നൽകാനുള്ള ശ്രമം പാളിയതോടെ എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് പ്രോസിക്യൂഷനും ന്യായാധിപന്മാരും. കുറ്റപത്രത്തിന്റെ ദൈർഘ്യമാണ് കോടതിക്ക് തലവേദനയാകുന്നത്. പതിനായിരത്തിലധികം പേജുകളാണ് കുറ്റപത്രത്തിനുള്ളത്. 52 പ്രതികൾക്ക് വേണ്ടി പകർപ്പെടുക്കാൻ 15 ലക്ഷത്തോളം പേപ്പറുകൾ വേണ്ടി വരും. സാക്ഷിമൊഴി പകർപ്പെടുക്കാൻ മാത്രം 5.5 അഞ്ച് ലക്ഷം പേപ്പറുകൾ വേണ്ടിവരും. ഇത് അസാധ്യമായ സാഹചര്യത്തിലാണ് തീരുമാനം പ്രഖ്യാപിക്കുന്നതിന് കേസ് ജനുവരി 12 ലേയ്ക്ക് മാറ്റിയത്.

കുറ്റപത്രത്തിന്റെ വലിപ്പം മൂലം പെൻഡ്രൈവിൽ നൽകാൻ അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചിരുന്നു. എന്നാൽ ആരെങ്കിലും പകർപ്പ് ആവശ്യപ്പെട്ടാൽ അവർക്ക് മാത്രം പകർപ്പെടുത്ത് നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കേസിലെ 14 പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ. ലത മോഹൻദാസ് കടലാസ് പകർപ്പ് വേണമെന്നു കാണിച്ചു കോടതിയിൽ അപേക്ഷ നൽകിയതോടെയാണ് കോടതി ധർമസങ്കടത്തിലായത്. 1,2,4,6 മുതൽ 12 വരെ, 21, 56 മുതൽ 58 വരെ പ്രതികൾക്കു വേണ്ടിയാണ് അപേക്ഷ നൽകിയത്. 38 മുതൽ 54 വരെ പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ. പാരിപ്പള്ളി രവീന്ദ്രൻ, ക്ഷേത്ര പൂജാരി കുടുംബത്തിനു വേണ്ടി ഹാജരായ അഡ്വ. ഇ. ഷാനവാസ്ഖാൻ എന്നിവരും കടലാസ് പകർപ്പ് നൽകണമെന്നു വാക്കാൽ ആവശ്യപ്പെട്ടു.

ഇതു പ്രായോഗികമല്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. എൻഐഎ കോടതിയിൽ കൂടുതൽ പേജുള്ള കുറ്റപത്രങ്ങൾ ഡിജിറ്റൽ രൂപത്തിലാണ് നൽകുന്നത്. ലാലുപ്രസാദ് യാദവിന് എതിരെയുള്ള കേസിന്റെ കുറ്റപത്രവും ഡിജിറ്റൽ രൂപത്തിലാണു നൽകിയത്. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ കഴിയുന്നത്ര പേജുകൾ കടലാസിലും മറ്റുള്ളവ ഡിജിറ്റൽ രൂപത്തിലും നൽകാൻ കോടതി ഉത്തരവായിരുന്നു. 12നു നടക്കുന്ന വാദത്തിൽ ഇതുസംബന്ധിച്ച വ്യക്തത പ്രോസിക്യൂഷൻ ആവശ്യപ്പെടും. പെൻഡ്രൈവിനു പുറമേ 500 പേജുള്ള സംക്ഷിപ്തവും നൽകാനാണു പ്രോസിക്യൂഷൻ ശ്രമിക്കുന്നത്.

പുറ്റിങ്ങൽ ദുരന്തത്തിൽ മരിച്ച 110 പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, 110 ഇൻക്വസ്റ്റ് റിപ്പോർട്ട്, 1658 സാക്ഷിമൊഴികൾ, 750 പരിക്ക് സർട്ടിഫിക്കറ്റുകൾ, 448 തൊണ്ടിമുതൽ രേഖകൾ, സ്ഫോടകവസ്തുക്കളെക്കുറിച്ചുള്ള സെൻട്രൽ ഫൊറൻസിക് ലാബ് റിപ്പോർട്ട്, ഡി.എൻ.എ. പരിശോധനാ ഫലം എന്നിവ അടങ്ങുന്നതാണ് കുറ്റപത്രം. അന്വേഷണം സംഘം ദീർഘനാൾ എടുത്താണ് കുറ്റപത്രം പെൻഡ്രൈവിൽ ആക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് കുറ്റപത്രം പൂർണമായി ഡിജിറ്റൽ രൂപത്തിൽ പ്രതികൾക്കു കൈമാറാൻ തീരുമാനിച്ചത്. അന്വേഷണ സംഘത്തലവൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പി: ഷാജഹാന്റെ നേതൃത്വത്തിലാണു കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത്.

ക്ഷേത്ര കമ്മിറ്റി അംഗമായ ഒരു പ്രതി വിദേശത്തും വെടിക്കെട്ട് തൊഴിലാളികളായ 2 പേർ തമിഴ്‌നാട്ടിലുമാണ്. കുറ്റപത്രത്തിന്റെ വലുപ്പം കണക്കിലെടുത്താണ് പെൻഡ്രൈവിലാക്കി നൽകാൻ ശ്രമിച്ചത്. എന്നാൽ പ്രതികളിൽ മിക്കവരും സാധാരണക്കാരും കൂലിപ്പണിക്കാരും ആണെന്നും ലോക്ഡൗണിനെത്തുടർന്നു കഷ്ടപ്പാടിലായ അവർക്കു പ്രോസിക്യൂഷന്റെ ചെലവിൽ പകർപ്പെടുത്തു നൽകണമെന്നുമാണു പ്രതിഭാഗം വാദിച്ചത്. വിശദമായ വാദം 12നു നടക്കും. അഡ്വ. പാരിപ്പള്ളി രവീന്ദ്രനാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.

കുറ്റപത്രത്തിന്റെ പകർപ്പു പ്രതികൾക്കു നൽകിയ ശേഷം കേസ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു കൈമാറും. പ്രത്യേക കോടതിയിലാണ് വിചാരണ. ഇതിനു വേണ്ടി പ്രത്യേക കോടതി അനുവദിച്ചിട്ടുണ്ട്. ചിന്നക്കട ക്ലോക്ക് ടവറിനു സമീപമുള്ള കോർപറേഷൻ വ്യാപാര സമുച്ചയത്തിന്റെ മുകൾ നിലയിലായിരിക്കും പ്രത്യേക കോടതി പ്രവർത്തിക്കുക. തുടർച്ചയായി വിചാരണ നടക്കും.