തിരുവനന്തപുരം:സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ നിയമിച്ചതാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) കേരളത്തിൽ ഏറ്റവും പ്രതിക്കൂട്ടിലായ സംഭവം. ഈ വിവാദത്തിൽ സർക്കാറിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എന്നാൽ, എത്ര തിരിച്ചടിയേറ്റാനും പിബ്ല്യസിയെ കൈവിടാൻ കേരളാ സർക്കാർ തയ്യാറല്ലെന്ന വിവരമാണ് പുറത്തുവരുന്നത്. പിഡബ്ല്യൂസിയെ ഐടി വകുപ്പിൽ നിന്നും പുറത്താക്കണമെന്ന ശുപാർശ നിയമ വകുപ്പ് മടക്കുകയാണ് ഉണ്ടായത്.

ചീഫ് സെക്രട്ടറിതല സമിതിയുടെ ശുപാർശയാണ് നിയമ വകുപ്പ് ഇടപെട്ട് വെട്ടിനീക്കിയത്. ഇന്റർനെറ്റ് അടിസ്ഥാനസൗകര്യ വികസന പദ്ധതിയായ കെഫോൺ ഉൾപ്പെടെയുള്ള പദ്ധതികളിൽ കരാർ കാലാവധി പൂർത്തിയാക്കും വരെ പിഡബ്ല്യുസി തുടരുമെന്ന് ഇതോടെ ഉറപ്പായി.
ഓരോ പദ്ധതിയിലും വ്യത്യസ്ത കരാറായതിനാൽ കാലാവധി തീരും മുൻപ് ഒഴിവാക്കുന്നതു പ്രായോഗികമല്ലെന്നാണു നിയമ വകുപ്പിന്റെ വിശദീകരണം. ഇതോടെ, സ്വപ്നയുടെ സേവനത്തിനായി ചെലവഴിച്ച 19.06 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടതിൽ ഒതുങ്ങും പിഡബ്ല്യുസിക്കെതിരായ നടപടി.

ക്രിമിനൽ പശ്ചാത്തലമുള്ള വ്യാജ ബിരുദക്കാരിയെ നിയമിച്ച് കരാർ ലംഘനം നടത്തിയതിനാൽ പിഡബ്ല്യുസിക്കു വിലക്കേർപ്പെടുത്തണമെന്നാണു ചീഫ് സെക്രട്ടറിതല സമിതി ശുപാർശ ചെയ്തത്. ഇത് ഉടൻ നടപ്പാക്കണമെന്നു ജൂലൈ 17 നു ചീഫ് സെക്രട്ടറി കത്തു നൽകിയിരുന്നു. സ്വപ്ന ജോലി ചെയ്തിരുന്ന കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ എംഡി തുടർന്നു സർക്കാരിലേക്കു കത്ത് അയച്ചു. കെഫോണിൽ പിഡബ്ല്യുസി തുടരുന്നതിൽ ഉപദേശം നൽകണമെന്നായിരുന്നു ആവശ്യം.

പിഡബ്ല്യുസിയെ ഒഴിവാക്കണമെന്ന് ഐടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സഞ്ജയ് എം.കൗളും ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങും ഫയലിൽ എഴുതി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഈ ഫയൽ നിയമ വകുപ്പിനു കൈമാറിയെങ്കിലും തീരുമാനം നീണ്ടുപോയി. കെഫോൺ പദ്ധതിയിൽ ഈ മാസം 30 വരെയാണു പിഡബ്ല്യുസിയുടെ കരാർ. പദ്ധതി നീളുമെന്നതിനാൽ കാലാവധി സ്വാഭാവികമായി നീട്ടേണ്ടതാണ്. എന്നാൽ അതു വേണ്ടെന്നാണ് ഐടി വകുപ്പിന്റെ തീരുമാനം. പകരം പുതിയ ടീമിനെ വകുപ്പിൽനിന്നു തന്നെ സജ്ജമാക്കാനാണ് ആലോചന.