ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമം. ഉത്തർപ്രദേശിൽ അത്തരത്തിലൊരു പുനഃസംഘടനയെ കുറിച്ചും ചിന്തിക്കുന്നില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹൻ സിങ് വ്യക്തമാക്കി. ഉത്തർപ്രദേശിന്റെ ചുമതല രാധാമോഹനാണ്. ഗവർണർ ആനന്ദിബെൻ പട്ടേലുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാധാമോഹന്റെ പ്രതികരണം.

ഉത്തർപ്രദേശ് സർക്കാരും സംഘടനയും വളരെ ശക്തമായാണ് മുന്നോട്ടുപോകുന്നത്. 'കരുത്തേറിയ സംഘടനയും ജനപ്രിയസർക്കാരുമാണ് യുപിയിൽ പ്രവർത്തിക്കുന്നത്.' മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് രാധാ മോഹൻ പ്രതികരിച്ചു.

'ഉത്തർപ്രദേശിലെ പാർട്ടിയുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ട ശേഷം ഗവർണറെ ഞാൻ കണ്ടിരുന്നില്ല. അവർ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഞാൻ കൃഷിമന്ത്രിയായിരുന്നു. കഴിഞ്ഞ ആറുമാസമായി അവരെ കാണാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇത് തികച്ചും വ്യക്തിപരവും ഔപചാരികവുമായ ഒരു കൂടിക്കാഴ്ചയാണ്.' സിങ് പറഞ്ഞു.

2022 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ബിജെപി ഇതിനകം യുപിയിൽ ആരംഭിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് ലഭിക്കുന്നതിന് പ്രവർത്തന മികവ് തന്നെയായിരിക്കും മാനദണ്ഡം. പശ്ചിമബംഗാളിൽ നടത്തിയിരുന്നത് പോലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയും ഉത്തർപ്രദേശിൽ പ്രതിമാസ സന്ദർശനം നടത്തും.

ഉത്തർപ്രദേശിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന കാര്യത്തിലും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന്മദിനത്തിന് ബിജെപി കേന്ദ്ര നേതൃത്വവും മോദിയും ഉൾപ്പടെയുള്ള നേതാക്കൾ പരസ്യമായി ആശംസകൾ അറിയിക്കാതിരുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു അഭ്യൂങ്ങൾ. ബിജെപി നേതൃത്വവും ആദിത്യനാഥും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണോ എന്ന ചോദ്യമാണ് പലരും ഉയർത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അനുമോദിച്ചുള്ള ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ ട്വീറ്റ് ഈ അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കളഞ്ഞു.