കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമർശിച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് പിന്നാലെ കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദനെ ഫേസ്‌ബുക്ക് വിലക്കിയ സംഭവം സമൂഹത്തിൽ വലിയ തോതിൽ ചർച്ചയാകുകയാണ്. ഫേസ്‌ബുക്ക് നടപടിക്കെതിരെ ശശി തരൂർ അടക്കമുള്ള പ്രമുഖർ രംഗത്തെത്തുകകയും ചെയ്തു. ഡിവൈഎഫ്‌ഐ അടക്കം സച്ചിദാനന്ദനെ പിന്തുണച്ചു കൊണ്ട് രംഗത്തുവരികയും ചെയ്തു.

അതിനിടെ സച്ചിദാനന്ദനെ പിന്തുണച്ചെത്തിയ നാടക പ്രവർത്തകൻ റഫീഖ് മംഗലശ്ശേരിയുടെ ഫേസ്‌ബുക്ക് കുറിപ്പ് പുതിയ ചർച്ചകൾക്ക് ഇടം നൽകിയിരിക്കുകയാണ്. സച്ചിദാനന്ദന്റെ മുൻകാല നിലപാടുകളെ തള്ളിപ്പറഞ്ഞു കൊണ്ടാണ് റഫീഖ് മംഗലശ്ശേരി രംഗത്തുവന്നിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് റഫീഖ് തന്റെ അനുഭവം ഓർമ്മിപ്പിക്കുന്നത്.

സച്ചിദാനന്ദന് ഒപ്പമാണെന്ന് പറഞ്ഞുതുടങ്ങുന്ന കുറിപ്പിൽ റഫീഖ് സംവിധാനം ചെയ്ത 'കിത്താബ്' എന്ന നാടകത്തിന് നേരിടേണ്ടി വന്ന വിലക്കിനെകുറിച്ച് സൂചിപ്പിക്കുന്നു. ജില്ലാ സ്‌ക്കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനം ലഭിച്ച കിത്താബ് ഇസ്ലാമോഫോബിക് ആണെന്ന് പറഞ്ഞ് സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. നാടകം അവതരിപ്പിച്ച വടകരയിൽ മേമുണ്ട ഹയർസെക്കണ്ടറി സ്‌ക്കൂളിനെതിരേയും വലിയ വിമർശനം ഉയർന്നതോടെ സ്‌ക്കൂൾ അധികൃതരും പിന്മാറി.

തുടർന്ന് നിരവധി സാംസ്‌കാരിക പ്രവർത്തകർ പിന്തുണയുമായെത്തുകയും നാടകത്തിനായി ഒരു സംയുക്ത പ്രസ്താവനയും ഇറക്കി. സച്ചിദാനന്ദനും പ്രസ്താവനയിൽ ഒപ്പ് വെച്ചെങ്കിലും നാടകം ഇസ്ലാമോഫോബിക്ക് ആണെന്ന് പറഞ്ഞത് സച്ചിൻ ഒപ്പ് പിൻവലിക്കുകയായിരുന്നു. പിന്മാറ്റം ഇസ്ലാമിക തീവ്രവാദികൾക്ക് ഊർജം പകരുകയായിരുന്നുവെന്ന് റഫീഖ് പറയുന്നു. ഈ അനുഭവത്തെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു റഫീഖിന്റെ കുറിപ്പ്.

റഫീഖ് അഹമ്മദിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

സച്ചിദാനന്ദനോടൊപ്പമാണ് ..... !
പക്ഷേ ,,,,
കവി മറന്നു പോയോ എന്നറിയില്ല .....,
ഈയുള്ളവന്റെ #കിത്താബ്
നാടകം മതമൗലികവാദികളുടെ ഭീഷണിയെത്തുടർന്ന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നിന്ന് പിൻവലിച്ചപ്പോൾ ,
ഏറെ ദിവസങ്ങൾക്കു ശേഷം ( സോഷ്യൽ മീഡിയയിൽ കിത്താബ്
നാടകത്തിനുവേണ്ടിയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ) കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകരും ബുദ്ധിജീവികളും എഴുത്തുകാരുമൊക്കെ ചേർന്ന് നാടകത്തിന് വേണ്ടി ഒരു സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു ...!
കവി സച്ചിദാനന്ദനും ആ പ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നു ...!
എന്നാൽ ,
ഒപ്പ് വെച്ച് മഷി ഉണങ്ങുന്നതിനു മുമ്പേ സച്ചിദാനന്ദൻ ആ പ്രസ്താവനയിൽ നിന്ന് ഒപ്പ് പിൻവലിക്കുകയും ,
നാടകം ഇസ്ലാമോഫോബിയ പരത്തുന്നതാണെന്നും കൂടി പറഞ്ഞു വെക്കുകയും ചെയ്തു ....!
സച്ചിദാനന്ദന്റെ
ആ പിന്മാറ്റം ഇസ്ലാമിക തീവ്രവാദികൾക്ക് ഊർജം പകരുകയായിരുന്നു...!
ലോകമറിയുന്ന മലയാള കവിയായ സച്ചിദാനന്ദനടക്കം #കിത്താബ് നാടകത്തെ തള്ളിപ്പറഞ്ഞില്ലേ
എന്ന് പറഞ്ഞു കൊണ്ടായിരുന്നു പിന്നീടങ്ങോട്ട് മതമൗലികവാദികൾ എനിക്കു നേരെ ഉറഞ്ഞു തുള്ളിയത് .....!
ഇതൊക്കെ സച്ചിദാനന്ദന് ഓർമ്മയുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് മറക്കാനാവില്ല ....!
കാരണം ,
ആ സമയത്ത് എന്നെ
ഒരു കൂട്ടം
മത തീവ്രവാദികളുടെ മുമ്പിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു സച്ചിദാനന്ദനടക്കം പലരും ...