ന്യൂഡൽഹി: റഫാലിൽ വീണ്ടും കേന്ദ്ര സർക്കരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിൽ, ഓഫ്സെറ്റ് കരാറുകളെ കുറിച്ച് പരാമർശമില്ലെന്ന വാർത്ത ട്വീറ്റ് ചെയ്തായിരുന്നു രാഹുലിന്റെ വിമർശനം.

റഫാലിൽ ഇന്ത്യയുടെ ഖജനാവിൽനിന്നാണ് പണം മോഷ്ടിക്കപ്പെട്ടതെന്ന് രാഹുൽ ട്വിറ്ററിൽ പറഞ്ഞു. സത്യം ഒന്നേയുള്ളു, പാതകൾ നിരവധിയാണ്- എന്ന ഗാന്ധി സൂക്തവും ട്വീറ്റിൽ ചേർത്തു.

ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തയാണ് കേന്ദ്ര സർക്കാരിനെതിരെ ആയുധമായി രാഹുൽ ട്വീറ്റ് ചെയ്തത്. റഫാലിന്റെ 'ഓഫ്സെറ്റ്' കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സിഎജിക്കു കൈമാറാൻ പ്രതിരോധ മന്ത്രാലയം തയാറായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

കരാർ ഒപ്പിട്ട് മൂന്നു വർഷത്തിനു ശേഷമേ 'ഓഫ്സെറ്റ്' പങ്കാളികളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കൂ എന്നാണ് ദസോ ഏവിയേഷൻ അറിയിച്ചിട്ടുള്ളത് എന്നാണ് പ്രതിരോധമന്ത്രാലയം അറിയിച്ചതെന്നും ഓഡിറ്റിംഗിൽ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.