കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം ബന്ധം ആരോപിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എവിടെയൊക്കെ പോകുമ്പോഴും കോൺഗ്രസ് മുക്ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. എഴുന്നേൽക്കുന്നതും ഉറങ്ങുന്നതും ഇത് പറഞ്ഞ് തന്നെ. എന്നാൽ ഒരിക്കലും സിപിഎം മുക്ത ഭാരതമെന്ന് പറഞ്ഞിട്ടില്ല.സിപിഎമ്മിനെതിരെ ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുൽ കോഴിക്കോട് പുറമേരിയിൽ തെരഞ്ഞെടുപ്പു റാലിയിൽ ആരോപിച്ചു.

ആർഎസ്എസിന് ഭീഷണി ഉണ്ടാകുന്നത് കോൺഗ്രസിൽ നിന്നാണെന്ന് അവർക്കറിയാം. ഇടതുപക്ഷവും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആശയമാണെന്ന് അവർക്കറിയാം. അതാണ് പരസ്യമായി എതിർപ്പുണ്ടാകാത്തത്. ഇടതുപക്ഷം തുടരെ തുടരെ കോൺഗ്രസ് പ്രവർത്തകരെ കൊന്നൊടുക്കുകയാണ്. ഇത് തന്നെയാണ് ബിജെപിയും ചെയ്യുന്നത്. എന്നാൽ കോൺഗ്രസ് അങ്ങനെ ചെയ്യുന്നില്ല. സൗഹാർദ്ദമില്ലാതെ ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാകില്ല.

താൻ ഇടതു പക്ഷത്തെ കടന്നാക്രമിക്കുന്നില്ല. അതിന് കാരണം അതെല്ലാം ജനങ്ങൾക്കറിയാമെന്നതുകൊണ്ടാണ്.അവരെ ആക്രമിച്ച് താൻ സമയം കളയുന്നില്ല. തന്റെ പ്രസംഗത്തിന്റെ 90% ഉം ചെലവഴിക്കുന്നത് കോൺഗ്രസിന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കാനാണ്. സന്തോഷവും സമാധാനവും പുലരുന്ന കേരളമാണ് യുഡിഎഫിന്റെ വാഗ്ദാനം. സമ്പദ്ഘടന മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കാൾ മാർക്‌സിന്റെ പുസ്തകങ്ങൾ പരിശോധിച്ചിട്ട് കാര്യമില്ല. ആളുകളുടെ കയ്യിൽ പണമെത്തിയാലേ സമ്പദ്ഘടന മെച്ചപ്പെടൂ. അതാണ് യുഡിഎഫ് ലക്ഷ്യം. ഇതിനായി ന്യായ് പദ്ധതി നടപ്പാക്കും. സംസ്ഥാന ചരിത്രത്തിലാദ്യമായി പാവപ്പെട്ടവന് മിനിമം വേതനം അനുവദിക്കുന്ന പരിപാടി യുഡിഎഫ് നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുലിന്റെ തെരഞ്ഞെടുപ്പു പ്രചരണം മലബാറിലെ ജില്ലകളിൽ തുടരുകയാണ്. യുഡിഎഫിന് മാത്രമല്ല ഇടതുമുന്നണിയും എൻഡിഎയും എന്തിന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവുമടക്കം രാഹുൽ ഗാന്ധിയുടെ പ്രചരണം എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന വിശകലനങ്ങൾ നടത്തുന്നുണ്ട്. കേന്ദ്ര ഏജൻസികളും മുഖ്യപ്രതിപക്ഷ നിരയിലെ നേതാവിന്റെ പരിപാടികൾ നിരീക്ഷിക്കുന്നുണ്ടത്രേ.

രാഹുലിന്റ വരവോടെ മൂന്ന് ജില്ലകളിൽ വലിയ അട്ടിമറികൾ ഉണ്ടായേക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ പ്രധാനം രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാടാണ്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് വയനാട് ലോക്‌സഭ മണ്ഡലം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങൾ ഇടതു മുന്നണിയും മൂന്നിടത്ത് യുഡിഎഫുമായിരുന്നു വിജയിച്ചത്. മാനന്തവാടി, കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ മണ്ഡലങ്ങളായിരുന്നു ഇടതിന് ലഭിച്ചത്. യുഡിഎഫിന് സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ മണ്ഡലങ്ങളും. ഇത്തവണ രാഹുലിനെ സംബന്ധിച്ച് ഈ മണ്ഡലങ്ങൾ അഭിമാന പ്രശ്‌നമാണ്.

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഇവിടെ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് രാഹുൽ പ്രചരണം നയിക്കുന്നത്. മുതിർന്ന നേതാവായ കെസി വേണുഗോപാലും രാഹുലിനൊപ്പം സജീവ സാന്നിധ്യമായി മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മണ്ഡലങ്ങൾക്കൊപ്പം തന്നെ സമീപ മണ്ഡലങ്ങളിലും മറ്റ് ചില കോൺഗ്രസ് സ്വാധീനമുള്ള മണ്ഡലങ്ങളിലും രാഹുൽ ഇഫക്ട് ഉണ്ടായേക്കുമെന്നാണ് ിനിരീക്ഷിക്കപ്പെടുന്നത്.

രാഹുൽ പ്രചരണത്തിനിറങ്ങിയാൽ മറിയാവുന്ന പത്ത് മണ്ഡലങ്ങൾ ഉണ്ടെന്ന് രാഹുൽ ഗാന്ധിയുടെ സർവ്വേ ടീം റിപ്പോർട്ടിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. മലബാറിൽ കോഴിക്കോട്, തെക്കൻ കേരളത്തിൽ കൊല്ലം, തിരുവനന്തപുരം,ആലപ്പുഴ എന്നീ ജില്ലകളിലാണ് അട്ടിമറി ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നത്.കോഴിക്കോട് ജില്ലയിൽ നാദാപുരവും കോഴിക്കോട് നോർത്തുമാണ് ഇത്തവണ യുഡിഎഫിന് ലഭിക്കാൻ സാധ്യത ഉണ്ടെന്ന് സർവ്വേ ടീമിന്റെ കണ്ടെത്തിയത്.

കൽപ്പറ്റ, മാനന്തവാടി സീറ്റുകൾ രാഹുൽ ഗാന്ധി ഇറങ്ങിയാൽ ഉറപ്പായും യുഡിഎഫിന് ലഭിക്കുമെന്നും സർവ്വേ സൂചിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം മേഖലയിൽ സജീവമാക്കാനൊരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം.അതിനിടെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തനിക്ക് വേണ്ടി പ്രചരണം നയിച്ച നേതാക്കൾക്കായി ശക്തമായ പ്രചരണം നയിക്കുകയാണ് രാഹുൽ.