കൽപറ്റ: തെരഞ്ഞെടുപ്പു സർവേകളെല്ലാം പ്രവചിക്കുന്നത് ഇടതു മുന്നണിയുടെ തുടർഭരണമാണ്. എന്നാൽ, ഈ സർവേകളെ അവഗണിച്ചു പ്രവർത്തിക്കാനാണ് കോൺഗ്രസും ഇടതു മുന്നണിയും പ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം രാഹുൽ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ വയനാട്ടിൽ മൂന്ന് മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് ഇക്കുറി നടക്കുന്നത്. കൽപ്പറ്റയിൽ വിജയിച്ചാലും ബത്തേരിയിലും മാനന്തവാടിയിലും ശക്തമായ മത്സരമാണ് ഇക്കുറി നടക്കുന്നത്. അതുകൊണ്ട് തന്നെ സ്വന്തം കോട്ട കാക്കാൻ രാഹുൽ ഗാന്ധി നേരിട്ട് കളത്തിൽ ഇറങ്ങുകയാണ്. പണക്കൊഴുപ്പിലുള്ള സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രചരണ തന്ത്രങ്ങളെ മറികടക്കാൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും വയനാട്ടിലെത്തും.

ഏപ്രിൽ ഒന്നിനാണ് രാഹുൽഗാന്ധി പ്രചാരണത്തിനായി ജില്ലയിലെത്തുക. വയനാടിനെ ഇളക്കി മറിച്ചുള്ള പ്രചരണത്തിനാണ് രാഹുൽ പദ്ധതിയിടുന്നത്. മാനന്തവാടി, ബത്തേരി നിയോജകമണ്ഡലങ്ങളിൽ റോഡ് ഷോ നടത്തുന്ന രാഹുൽ ഗാന്ധി കൽപറ്റയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും. കൊട്ടിക്കലാശത്തിനാണ് രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ജില്ലയിലെത്തുന്നത്. ഇരുവരും ഒരുമിച്ച് നയിക്കുന്ന റോഡ് ഷോയും ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ നടക്കുമെന്ന് യു.ഡി.എഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും പ്രചരണത്തിനെത്തും. രാവിലെ 10 മണിക്ക് കൽപറ്റ മണ്ഡലത്തിലെ പടിഞ്ഞാറത്തറയിലും, 11ന് മാനന്തവാടി കല്ലോടിയിലും,12ന് ബത്തേരി മണ്ഡലത്തിലെ പുൽപള്ളിയിലും നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം സംസാരിക്കും. അവസാന വട്ടം രാഹുൽ മണ്ഡലത്തിലേക്ക് എത്തുമ്പോൾ കൃത്യമായി പ്രചരണ തന്ത്രം തന്നെയാകും കോൺഗ്രസ് പയറ്റുക. വയനാടിനെ അവഗണിക്കുന്ന എൽഡിഎഫ് സർക്കാറിന്റെ നയത്തിനെതിരെ രാഹുൽ വിമർശനവും ഉന്നയിച്ചേക്കും.

കഴിഞ്ഞ അഞ്ച് വർഷക്കാലം വയനാട് ജില്ലയെ പൂർണമായി അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ജില്ലയിൽ ഏറ്റവും അത്യാവശ്യമായിരുന്ന മെഡിക്കൽകോളജ് പ്രാവർത്തികമാക്കാൻ അഞ്ച് വർഷം ഭരിച്ചിട്ടും ഇടതുസർക്കാരിന് സാധിച്ചില്ല. സൗജന്യമായി ലഭിച്ച സ്ഥലം അനുയോജ്യമല്ലെന്ന് പറയുകയും, പിന്നീട് തരംപോലെ മാറ്റി പറയുകയുമാണുണ്ടായത്. കാലാവധി അവസാനിക്കാൻ 60 ദിവസം മാത്രമുള്ളപ്പോൾ ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളജ് പൂർത്തീകരിച്ചുവെന്ന് പറയാനാണ് ശ്രമിച്ചതെന്നത് അടക്കമുള്ള വിഷയങ്ങൽ രാഹുലിനെ കൊണ്ട് ഉന്നയിപ്പിക്കാനാണ് യു.ഡി.എഫ് നേതാക്കൾ ശ്രമിക്കുന്നത്.

റോഡ് ഷോയും ജനങ്ങളെ ചേർത്തുപിടിച്ചുള്ള പ്രചാരണവുമായി കേരളത്തിൽ രാഹുൽ കളം പിടിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. തെക്കൻ കേരളത്തിൽ എൽഡിഎഫിന്റെ കോട്ട തകർക്കാനാണ് കേരളത്തിൽ ഏറെ ആരാധകരുള്ള പ്രിയങ്കയെ തന്നെ യുഡിഎഫ് എത്തിക്കുന്നത്. കേരളത്തിൽ പ്രചാരണത്തിൽ അധികം എത്താറില്ലാത്ത പ്രിയങ്കയുടെ വരവ് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. 30, 31 തീയതികളിൽ പ്രിയങ്ക ഗാന്ധി കേരളത്തിൽ എത്തുന്നത്.

കൊല്ലം ജില്ലയിലെ മണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണത്തിനെത്തും. കായംകുളം, കരുനാഗപ്പള്ളി, കുന്നത്തൂർ, ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ, കുണ്ടറ തുടങ്ങി കൊല്ലത്തെ എല്ലാ മണ്ഡലങ്ങളിലും പ്രിയങ്ക വോട്ടുചോദിച്ചെത്തും. ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും ജയിക്കാൻ ആകാതെ പോയ കൊല്ലത്ത് ശക്തമായ മടങ്ങിവരവാണ് നേതൃത്വത്തിന്റെ ലക്ഷ്യം. രാഹുലിന്റെ പ്രചാരണത്തിനും വൻജനപങ്കാളിത്തമാണ് ലഭിക്കുന്നത്. നേമം അടക്കമുള്ള സ്റ്റാർ മണ്ഡലങ്ങളിലും പ്രിയങ്ക വോട്ടുചോദിച്ചെത്തും. ഇന്ദിരാ ഗാന്ധിയുടെ സ്മരണയുണർത്തും വിധം കേരളത്തിൽ പ്രിയങ്കയെ അവതരിപ്പിക്കാനാണു സംസ്ഥാന നേതൃത്വത്തിനു പാർട്ടി ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദ്ദേശം. പ്രിയങ്കയെ വരവേറ്റുള്ള പോസ്റ്ററുകളിൽ ഇന്ദിരയുടെ മുഖവും തെളിയുമെന്നാണ് സൂചന.

രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രീകരിച്ചത് മധ്യകേരളത്തിലാണ് എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ അദ്ദേഹം കഴിഞ്ഞ ദിവസങ്ങൾ പ്രചരാണം പൂർത്തിയാക്കി കഴിഞ്ഞു. അയ്യപ്പനെയും വാവരെയും കണ്ടാണ് രാഹുലിന്റെ മടക്കം. ഇനി പ്രിയങ്ക ഗാന്ധി വരികയാണ്. പ്രിയങ്ക ഗാന്ധിയെ അനുകൂലിക്കുന്നവരും അവരുടെ രാഷ്ട്രീയ വരവിൽ പ്രതീക്ഷ അർപ്പിക്കുന്നതുമായ വലിയൊരു വിഭാഗം യുവജനങ്ങൾ കേരളത്തിലുണ്ട് എന്നാണ് കോൺഗ്രസ് ഹൈക്കമാന്റ് മനസിലാക്കുന്നത്. അതുകൊണ്ടുതന്നെയാണ് പ്രിയങ്കയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാക്കാൻ കോൺഗ്രസ് തീരുമാനിച്ചതും.

അതേസമയം, സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാരയുണ്ട് എന്ന പ്രചാരണത്തിന് കൊഴുപ്പേകാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കിറ്റ് വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകുമ്പോൾ തിരിച്ചടി ലഭിക്കാതിരിക്കാൻ പ്രത്യേക നിർദ്ദേശവും നേതൃത്വം നൽകി. ഏഴിടത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ട് എന്നാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ പറയുന്നത്.