തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പില്ലെങ്കിൽ അതിൽ കാര്യമായി എന്തോപ്രശ്‌നമുണ്ട് എന്നു വേണം കരുതാൻ. എന്നാൽ, ഇക്കുറി ഗ്രൂപ്പു മാനേജർമാരുടെ ചരടുവലികൾ എളുപ്പം നടക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കാരണം, എഐസിസി നേരിട്ടാകും ഇക്കുറി സ്ഥാനാർത്ഥികളെ നിർണയിക്കുക. വിജയസാധ്യത മാത്രമാണ് ഇവിടെ മാനദണ്ഡമെന്നാണ് രാഹുൽ ഗാന്ധി നേതാക്കളോട് നിർദേശിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥി നിർണയത്തിൽ ഒരു പാളിച്ച പോലും അനുവദിക്കാനാവില്ലെന്നു യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പു നൽകി പുതുമുഖങ്ങൾക്കും ചെറുപ്പക്കാർക്കും കൂടുതൽ അവസരം കൊടുത്തേ പറ്റൂ. കഷ്ടിച്ചു സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമല്ല, വൻ വിജയം തന്നെ ലക്ഷ്യം വയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

സ്ഥാനാർത്ഥി നിർണയത്തിൽ സൂക്ഷ്മത പുലർത്തിയേ തീരൂവെന്നു യുഡിഎഫ് യോഗ ശേഷം ചേർന്ന കോൺഗ്രസ് തിരഞ്ഞെടുപ്പു മേൽനോട്ട സമിതിയിലും രാഹുൽ ആവശ്യപ്പെട്ടു. മറ്റെല്ലാ താൽപര്യങ്ങളും നേതാക്കൾ മാറ്റിവയ്ക്കണം. വിജയസാധ്യത മാത്രം മുൻനിർത്തി മികച്ച സ്ഥാനാർത്ഥികളെ ഇറക്കണം. അതിനു തയാറാണെന്നു കേരള നേതൃത്വം ഇതിനകം ഉറപ്പു നൽകിയിട്ടുണ്ട്. അതു പാലിക്കണം.

സംഘടനാപരമായ പോരായ്മകളും തിരുത്തണം. കേരളത്തിൽ പരമാവധി സമയം ചെലവഴിക്കുമെന്നും രാഹുൽ ഉറപ്പു നൽകി. പ്രകടന പത്രിക രൂപീകരണത്തിന്റെ പുരോഗതിയും എഐസിസി സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സംഘടനാ അഴിച്ചുപണി പ്രക്രിയയും രാഹുൽ വിലയിരുത്തി.

ഘടകകക്ഷി നേതാക്കളെല്ലാം സംസാരിച്ച ശേഷം മറുപടി എന്ന നിലയ്ക്കാണു യുഡിഎഫ് യോഗത്തിൽ രാഹുൽ സംസാരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുടെ സാഹചര്യത്തെ അതിജീവിച്ചു കോൺഗ്രസും യുഡിഎഫും മുന്നോട്ടു വന്നതിൽ അദ്ദേഹം തൃപ്തി പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 'ഐശ്വര്യ കേരള യാത്ര' അതിൽ വഹിച്ച പങ്ക് എടുത്തു പറഞ്ഞു.

എന്നാൽ ഇതുകൊണ്ടു മാത്രം കാര്യമില്ലെന്ന മുഖവുരയോടെയാണു സ്ഥാനാർത്ഥി നിർണയത്തിനു നൽകേണ്ട പ്രാധാന്യം അടിവരയിട്ടു പറഞ്ഞത്. അക്കാര്യത്തിൽ വീഴ്ച ഉണ്ടായാൽ ചെയ്തതെല്ലാം വെള്ളത്തിലാകും. കോൺഗ്രസ് മാത്രമല്ല, യുഡിഎഫ് ആകെ ചെറുപ്പക്കാർക്കു കൂടുതൽ പരിഗണന നൽകണമെന്നാണു തന്റെ അഭ്യർത്ഥനയെന്നും വ്യക്തമാക്കി.

രാഹുലിന്റെ നിർദ്ദേശം അടക്കം ഇക്കുറി സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാനമാകും എന്നത് ഉറപ്പാണ്. തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിൽ വിജയിക്കാൻ വേണ്ടി യുവനേതാക്കളെ സ്ഥാനാർത്ഥികളാക്കണമെന്ന് യൂത്ത് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുവാക്കളെ മത്സരിപ്പിച്ചാൽ വിജയിക്കാൻ സാധിക്കുമെന്നാണ് പൊതുവേയുള്ള വികാരം. ഇതറിഞ്ഞു തന്നെയാണ് രാഹുൽ ഗാന്ധി മികച്ച സ്ഥാനാർത്ഥികൾ വേണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചത്.