ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാൾ വായിക്കുകയാണെന്ന ഒറ്റ വരിയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പെഗസ്സസ് വിവാദം പാർലമെന്റിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയതിനു പിന്നാലെയാണ് രാഹുലിന്റെ പരിഹാസ ട്വീറ്റ്.

മോദി സർക്കാരിലെ നിലവിലെ രണ്ട് മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഒരു സുപ്രീം കോടതി ജഡ്ജി, നാൽപ്പത് മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ ഫോൺ വിവരങ്ങൾ പെഗസ്സസ് സ്പൈ വെയർ ഉപയോഗിച്ച് ചോർത്തപ്പെട്ടു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടിനെ കേന്ദ്ര സർക്കാർ തള്ളി. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിച്ചമച്ച കഥകളാണ് പ്രചരിക്കുന്നതെന്നും കേന്ദ്ര സർക്കാർ പ്രസ്താവനയിറക്കി. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. 2019 ലും സമാനമായ ആരോപണം വന്നിരുന്നെന്നും എന്നാൽ അന്നും ഇത്തരം വാദങ്ങൾ തെറ്റാണെന്ന് വ്യക്തമായതാണെന്നും സർക്കാർ പറഞ്ഞു.

സ്പൈവെയർ നിരീക്ഷണത്തിലുള്ള ജഡ്ജി ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ട ഫോൺ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. അന്താരാഷ്ട്ര മാധ്യമങ്ങളായ ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ് എന്നീ മാധ്യമങ്ങളാണ് വിവരങ്ങൾ പുറത്തു വിട്ടത്. ഇന്ത്യാ ടുഡേ, ഇന്ത്യൻ എക്സ്പ്രസ്, ദ ഹിന്ദു, ന്യൂസ് 18 തുടങ്ങിയ മാധ്യമ സ്ഥാപങ്ങളിലെ ജേർണലിസ്റ്റുകളുടെ വിവരങ്ങളാണ് ചോർന്നത്. ഹിന്ദുസ്ഥാൻ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ ഷിഷിർ ഗുപ്ത, ദ വയറിലെ ജേർണലിസ്റ്റുകളായ സിദ്ധാർത്ഥ് വരദരാജ്, എം.കെ വേണു. രോഹിണി സിങ്, മലയാളി ജേർണലിസ്റ്റായ ജെ ഗോപികൃഷ്ണൻ തുടങ്ങിയവരുടെ ചോർത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്.