ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ വിമുഖനാണെങ്കിലും, തന്റേതായ രീതിയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട് രാഹുൽ ഗാന്ധി. ചരിത്രകാരൻ ദീപേഷ് ചക്രവർത്തിയുമായും, ഷിക്കാഗോ സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളുമായും രാഹുൽ ഓൺലൈനിൽ സംസാരിക്കുന്ന സമയത്താണ് ഇന്നലെ രാത്രി ഉത്തരേന്ത്യയെ പിടിച്ചുകുലുക്കി ഭൂചലനമുണ്ടായത്. മീഡിയ സെൻസർഷിപ്പിനെയും സോഷ്യൽ മീഡിയ ട്രോളിങ്ങിനെയും കുറിച്ച് സംസാരിക്കുന്നതിനിടെ, രാഹുൽ ഒരു സെക്കൻഡ് പറഞ്ഞുനിർത്തി. ചെറുതായി പുഞ്ചിരിച്ച് കൊണ്ട് കൂളായി പറഞ്ഞു: ' ഇവിടെ ഇപ്പോൾ ഒരു ഭൂചലനം സംഭവിക്കുന്നു....എന്റെ മുറി മുഴുവൻ കുലുങ്ങുന്നു'. ഭൂചലനം തന്നെ തെല്ലും ബാധിച്ചിട്ടില്ലെന്ന മട്ടിൽ ശാന്തനായി വിവരം അറിയിച്ച ശേഷം ചിരിച്ച് കൊണ്ട് സംസാരം തുടർന്നു. രാഹുലിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായി.

ട്രോളുകൾ വഴികാട്ടി

ട്രോളുകൾ തനിക്ക് വഴികാട്ടി പോലെയാണെന്ന് രാഹുൽ ഒരുവിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 'എന്തിന് വേണ്ടി നിലകൊള്ളണം എന്ന് പലപ്പോഴും എനിക്ക് വഴികാട്ടിയാവുന്നത് ട്രോളുകളാണ്. ഇതൊരു സ്വയം പരിഷ്‌കരണത്തിന് സഹായിക്കുന്നു'-രാഹുൽ പറഞ്ഞു.

കുടുംബവാഴ്ചയെ കുറിച്ചുള്ള വിമർശനം

ബിജെിപി അടക്കമുള്ള എതിരാളികൾ പലപ്പോഴും രാഹുലിനെ അധിക്ഷേപിക്കാറുള്ളത് നെഹ്‌റു കുടുംബത്തിന്റെ കുടുംബവാഴ്ച ആരോപിച്ചാണ്. തന്റെ കുടുംബത്തിൽ നിന്ന് ഏതെങ്കിലും ഒരാൾ പ്രധാനമന്ത്രിയായിട്ട് 30 ലധികം വർഷമായെന്ന് ചക്രവർത്തിയുടെ ചോദ്യത്തിന് മറുപടി. 'എന്റെ കുടുംബാംഗങ്ങളാരും യുപിഎ സർക്കാരിൽ ഇല്ലായിരുന്നു. എനിക്ക് പ്രത്യയശാസ്ത്രപരമായ വീക്ഷണമുണ്ട്. ഞാൻ ചില ആശയങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നത്. രാജീവ് ഗാന്ധി എന്റെ പിതാവായതുകൊണ്ട ഞാൻ അത്തരം ആശയങ്ങൾക്ക് വേണ്ടി പോരാടരുത് എന്നാണ് നിങ്ങൾ പറയരുതെങ്കിൽ, എനിക്ക് പറയാനുള്ളത് ഇതാണ്. എന്റെ അച്ഛനോ മുത്തച്ഛനോ ആരെന്നതല്ല. ഈ ആശയങ്ങളാണ് ഞാൻ മൂല്യവത്തായി കാണുന്നത്. അവയ്ക്ക് വേണ്ടിയാണ് ഞാൻ പോരാടാൻ പോകുന്നത്-രാഹുൽ പറഞ്ഞു.

യുപിഎ സർക്കാരിന് സംഭവിച്ചത്

യുപിഎ സർക്കാരിന് ജനപിന്തുണ നഷ്ടമായതിനെക്കുറിച്ചും രാഹുൽ സംസാരിച്ചു. 'ഓരോ കാലഘട്ടത്തിലേക്കുള്ള വീക്ഷണമാണ് നൽകേണ്ടത്. ഈ നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്തേക്കുള്ള വീക്ഷണം ഞങ്ങൾ നൽകി. ഹരിത വിപ്ലവത്തിന്റെ വീക്ഷണം നൽകി. ഉദാരവത്കരണത്തെക്കുറിച്ചുള്ള വീക്ഷണം നൽകി. 2004ൽ രാജ്യത്തിന് പുതിയൊരു വീക്ഷണം നൽകി. 1990കളുടെ വീക്ഷണത്തിന്റെ പുതിയൊരു ഭാഗമായിരുന്നു അത്. വലിയൊരു വിഭാഗം ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു പുറത്തുകൊണ്ടുവരാനായി തയാറാക്കിയതാണ് അത്. ആ വീക്ഷണം 2012ൽ അവസാനിച്ചു. പുതിയൊരു വീക്ഷണം വേണ്ടിയിരുന്നു.

മോദിയുടെ വീക്ഷണം ദുരന്തമായി

10 വർഷമെന്നത് ഇന്ത്യയിലെ ഒരു സർക്കാരിന് ദീർഘ കാലാവധിയാണ്. ചില പിഴവുകൾ വന്നിട്ടുണ്ട്. 2008ൽ സാമ്പത്തിക മാന്ദ്യം ആഞ്ഞടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയൊരു കാഴ്ചപ്പാടുമായി എത്തി. ആ കാഴ്ചപ്പാടിന്റെ ഫലം വലിയൊരു ദുരന്തമായിത്തീർന്നെന്ന് നിങ്ങൾക്കും കാണാം. ഇനി ഞങ്ങളുടെ ജോലിയെന്തെന്നാൽ ഇവിടെനിന്ന് രാജ്യത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നതാണ്.

മൂന്നു കാർഷിക നിയമങ്ങളുടെ പേരിലും അദ്ദേഹം കേന്ദ്രസർക്കാരിനെ വിമർശിച്ചു. ഇക്കാര്യത്തിൽ സർക്കാർ പിന്നോട്ടുപോകണം. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമരം കൂടുതൽ വ്യാപിക്കും. അതുരാജ്യത്തിന് നല്ലതല്ല. കാർഷിക പരിഷ്‌കാരങ്ങൾ ആവശ്യമാണ്. എന്നാൽ കൃഷിയെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ബില്ലുകൾ പിൻവലിക്കുകയും, കാർഷിക പരിഷ്‌കരണത്തിനായി പാർലമെന്റിൽ പുതിയ സംവാദത്തിന് തുടക്കമിടുകയും വേണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.