ലഖ്നൗ: ഉത്തർപ്രദേശിന്റെ തലസ്ഥാന ന​ഗരിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന് പിന്നിൽ 14കാരിയായ പെൺകുട്ടിയാണ് എന്ന പൊലീസിന്റെ കണ്ടെത്തൽ വിശ്വസിക്കാനാകാതെ ന​ഗരവാസികൾ. പഠനത്തിൽ ബഹുമിടുക്കിയായിരുന്ന പെൺകുട്ടി വിഷാദ രോ​ഗത്തിന് അടിമയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദേശീയ ഷൂട്ടിം​ഗ് താരമായ പെൺകുട്ടി സ്വന്തം അമ്മയേയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വന്തം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. മാനസികാരോഗ്യവിദഗ്ധന്റെ സഹായത്തോടെയുള്ള ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചത്.

പെൺകുട്ടിയുടെ മുറിയിൽനിന്ന് വെടിവെക്കാൻ ഉപയോഗിച്ച തോക്കും വിചിത്രമായ ചില ചിത്രങ്ങളും കളിപ്പാട്ടങ്ങളും കണ്ടെത്തി. പഠനത്തിൽ മികച്ചനിലവാരം പുലർത്തിയിരുന്ന പെൺകുട്ടി ഏത് സാഹചര്യത്തിലാണ് കൊലപാതകത്തിന് മുതിർന്നതെന്ന് അന്വേഷിക്കുമെന്നും ഇതിന് മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുമെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് റെയിൽവെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന രാജേഷ് ദത്ത് ബാജ്പെയ്‌യുടെ ഭാര്യ മാലിനി ബാജ്പെയ്(45), മകൻ ശരത്(20) എന്നിവർ കൊല്ലപ്പെട്ടത്. മകൾക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപമായിരുന്നു സംഭവം നടന്ന സ്ഥലം. രാജേഷ് ദത്ത് സംഭവ സ്ഥലത്ത് ഇല്ലായിരുന്നു. അതിസുരക്ഷാമേഖലയിൽ ഇത്തരമൊരു അക്രമം അരങ്ങേറിയത് സർക്കാരിനെയും പൊലീസിനെയും പ്രതിരോധത്തിലാക്കി.

കവർച്ചാശ്രമമല്ലെന്ന് തുടക്കത്തിലേ ബോധ്യമായതോടെ പെൺകുട്ടിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പെൺകുട്ടിയുടെ മുറി പരിശോധിച്ചതോടെ ചില അസ്വാഭാവികതകൾ പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ മാനസികാരോഗ്യവിദഗ്ധന്റെ സഹായത്തോടെ ചോദ്യം ചെയ്തതോടെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്. വിഷാദത്തിന് അടിമപ്പെട്ടിരുന്നതിനാലാണ് പെൺകുട്ടി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മുറിയിലെ കുറിപ്പുകളും ശുചിമുറിയിലെ കണ്ണാടി തകർന്നതുമെല്ലാം തുടക്കം മുതലേ സംശയത്തിനിടയാക്കിയിരുന്നു.

ഇതേത്തുടർന്നാണ് പൊലീസ് പെൺകുട്ടിയെ ചോദ്യംചെയ്തത്. കുളിമുറിയിലെ കണ്ണാടിയിൽ ‘ഞാൻ അയോഗ്യനായ മനുഷ്യൻ' എന്ന് എഴുതിയശേഷം വെടിവച്ചു തകർത്തു. പിന്നാലെ ഉറങ്ങിക്കിടന്ന അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മരിച്ചതിന് ശേഷം പെൺകുട്ടി ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു.