കോട്ടയം: കനത്ത മഴയെ തുടർന്ന് പൂഞ്ഞാറിൽ ഉരുൾപൊട്ടിയ സാഹചര്യത്തിൽ മീനച്ചിലാറിന്റെ കരകളിൽ ആശങ്ക. പാലാ ടൗണിൽ ഏതു നിമിഷവും വെള്ളം കയറാമെന്ന ഭീതിയിലാണ് പ്രദേശവാസികളും വ്യാപാരികളും.

പാലായിലെയും പരിസരത്തെയും തോടുകൾ കരകവിയുകയും മീനച്ചിലാറ്റിൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുകയും ചെയ്യുകയാണ്. ആയതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പാലാ എംഎൽഎ മാണി സി. കാപ്പൻ അറിയിച്ചു.റവന്യൂ, പൊലീസ്, ഫയർഫോഴ്‌സ് അധികൃതർക്കു അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പാലാ ആർഡിഒ, തഹസീൽദാർ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കാഞ്ഞിരപ്പള്ളി ടൗണും വെള്ളത്തിനടിയിലായി. ആദ്യമായാണ് കാഞ്ഞിരപ്പള്ളി ടൗണിൽ വെള്ളം കയറുന്നത്. മേരി ക്യൂൻസ് ആശുപത്രിയും പരിസരവും വെള്ളം നിറഞ്ഞു. കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു.

കൂട്ടിക്കലിലിനു പുറമേ കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും ഒറ്റപ്പെട്ട നിലയിലാണ്. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൾപ്പെടെയുള്ളവർ പ്ലാപ്പള്ളിയിലേക്ക് തിരിച്ചെങ്കിലും വഴിയിൽ കുടുങ്ങി. പിന്നീട് ഇവർ മറ്റൊരു വലിയ വാഹനത്തിൽ പ്രദേശത്തേയ്ക്ക് പുറപ്പെട്ടു.