തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ രാജനേയും അമ്പിളിയേയും ഗ്രേഡ് എസ് ഐ അനിൽ കുമാർ കത്തിച്ചു കൊന്നത് സത്യമെല്ലാം മറച്ചു വച്ച്. നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവുമായി ജപ്തി ചെയ്യാൻ എത്തിയ പൊലീസുകാർക്ക് മുമ്പിൽ ആ കുടുംബം കരഞ്ഞു നീതി തേടിയെങ്കിലും അനുവദിച്ചില്ല. സമാനതകളില്ലാത്ത ക്രൂരതയാണ് നടന്നത്. ആ പൊലീസുകാരൻ യഥാർത്ഥ കൊലയാളിയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ മറുനാടൻ പുറത്തു വിടുകയാണ്. സത്യം മനസ്സിലാക്കി തന്നെയാണ് രാജനെതിരെ കള്ളക്കളിക്ക് കേസ് കൊടുത്ത അയൽവാസിയും കൂട്ടു നിന്നത്. പൊലീസ് നടത്തിയത് നിയമ വിരുദ്ധമായ ഇടപെടലായിരുന്നു.

രാജനും ഭാര്യയ്ക്കും നിയമപരമായ അറിവുകൾ കുറവായിരുന്നു. അതുകൊണ്ടാണ് നെയ്യാറ്റിൻകര കോടതിയിൽ ശക്തമായ ഇടപെടൽ നടത്താനാവാത്തത്. കോവിഡു കാലത്തെ കോടതി നടപടികൾ അവർ അറിഞ്ഞതു പോലുമില്ല. അങ്ങനെ വസന്തയ്ക്ക് അനുകൂലമായി വിധി വന്നത്. ഇതിന് ശേഷം അഭിഭാഷകനെ മാറ്റി ഹൈക്കോടതിയിൽ അപ്പീലുമായി എത്തി. ഇതിനിടെ ഈ കേസ് മുൻസിഫ് കോടതിയും പരിഗണിച്ചിരുന്നു. അന്ന് കോടതിയെ ഹൈക്കോടതിയിലേക്ക് നിയമ പോരാട്ടം കൊണ്ടു പോയത് അഭിഭാഷകൻ അറിയിക്കുകയും ചെയ്തു. ഇതോടെ ഹൈക്കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ ജപ്തി നടപടികൾ തൽകാലം നിർത്തി വയ്ക്കുകയും ചെയ്തു. ക്രിസ്മസ് അവധിക്ക് തൊട്ടു മുമ്പായിരുന്നു ഇത്. അതായത് ഡിസംബർ 22ന് തന്നെ നെയ്യാറ്റിൻകര കോടതി ഹൈക്കോടതിയിൽ നിന്നും തീരുമാനം ഉണ്ടാകാൻ വേണ്ടി തീരുമാനം താൽകാലികമായി മരവിപ്പിച്ചികുന്നു.

ഹൈക്കോടതിയിൽ കേസ് നിലവിലുള്ളതിനാൽ ഡിസംബർ 15നുള്ള ഉത്തരവ് ജനുവരി 4വരെ മരവിപ്പിക്കുന്നതായിട്ടായിരുന്നു ഉത്തരവ്. ഇത് മറച്ചു വച്ചാണ് അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസിനുള്ളിലും ഗൂഢാലോചന നടന്നത്. എങ്ങനേയും ഹൈക്കോടതി വിധിക്ക് മുമ്പ് രാജനേയും കുടുംബത്തേയും പുറത്താക്കാനായിരുന്നു നീക്കം. ഇതിന് അഭിഭാഷക കമ്മീഷനേയും കൂട്ടു പിടിച്ചു. ഡിസംബർ 15ന് മുൻസിഫ് കോടതി കേസ് പരിഗണിച്ചപ്പോൾ ഉത്തരവ് നടപ്പാക്കാനായിരുന്നു നിർദ്ദേശം. ഇത് 22ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇത് അനുസരിച്ച് 22ന് കേസ് കോടതിയുടെ മുമ്പിലെത്തി. ഈ സമയമായിരുന്നു ഹൈക്കോടതിയിൽ ഹർജി കൊടുത്തത് മുൻസിഫ് കോടതിയിൽ അഭിഭാഷകൻ അറിയിച്ചത്. ഇതോടെയാണ് മുൻസിഫ് കോടതി തന്നെ പഴയ ഉത്തരവ് മരവിപ്പിച്ചത്.

ഇത് രാജന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എല്ലാ കണ്ണുകളും ഹൈക്കോടതിയിലുമായിരുന്നു. എന്നാൽ മുൻസിഫ് കോടതിയിലെ നടപടി ക്രമത്തിന് ശേഷമാണ് 22ന് ഉച്ചയോടെ അനിൽകുമാർ പൊലീസും സംഘവും രാജന്റെ വീട്ടിലെത്തുന്നത്. രാജന്റെ വീട്ടിൽ പൊലീസ് ഗുണ്ടകളെന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്നവർ എത്തിയപ്പോൾ തന്നെ മുൻസിഫ് കോടതിയുടെ മരവിപ്പിക്കൽ ഉത്തരവും വന്നിരുന്നു. ഇതിൽ നിന്ന് തന്നെ ഗൂഢാലോചന വ്യക്തമാണ്. എങ്ങനേയും ഒഴുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയതു കൊണ്ടു മാത്രമാണ് പെട്രോൾ ഒഴിച്ചു ലൈറ്ററും കത്തിച്ച് ഭീഷണിയുമായി നിന്ന ദമ്പതികളെ അനിൽകുമാർ എന്ന ഗ്രേഡ് എസ് ഐയുടെ ഉള്ളിലെ ക്രൂരത മരണത്തിലേക്ക് തള്ളിയിട്ടത്. അതായത് വ്യക്തമായ നിയമ ലംഘനമായിരുന്നു അനിൽകുമാർ നടത്തിയതെന്ന് സാരം.

ഇനി മുൻസിഫ് കോടതി വിധി അറിയാതെയാണ് വരവെന്ന വാദവും നിലനിൽക്കില്ല. 15ന് തന്നെ കോടതി ഈ കേസ് 22ന് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. കോടതി രാവിലെ 11 മണിക്ക് ചേരും. അതുകൊണ്ട് തന്നെ ഈ വിഷയം അന്ന് ഇതേ കോടതിയുടെ പരിഗണനയ്ക്ക് വന്നിരിക്കുമെന്ന് പൊലീസും അഡ്വക്കേറ്റ് കമ്മീഷനും അറിയേണ്ടതാണ്. വാദിയുടെ അഭിഭാഷകനും ഇത് അറിഞ്ഞിട്ടുണ്ടാകാം. എന്നാൽ ഉച്ചയ്ക്ക് ശേഷമാണ് സംഘം നടപടിക്ക് എത്തിയത്. ഇതിൽ നിന്ന് തന്നെ ഗൂഢാലോചന വ്യക്തമാണ്. ഇതിനിടെയാണ് ഹൈക്കോടതിയും കേസ് സ്‌റ്റേ ചെയ്തത്. മുൻസിഫ് കോടതിയിൽ ഹൈക്കോടതിയിലെ ഹർജിയുടെ കാര്യം പരമാർശിച്ചത് മനസ്സിലാക്കിയാണോ സംഘം ഓടിയെത്തിയതെന്ന സംശയവും സജീവമാണ്.

പൊള്ളലേറ്റത് കോടതിയെയും അറിയിച്ചു ജസ്റ്റിസ് വി. ഷേർസിയുടെ ബെഞ്ചിൽ 134-ാം നന്പർ കേസായാണ് രാജന്റെ അപ്പീൽ പരിഗണിച്ചത്. 126-ാം നമ്പർ കേസ് പരിഗണിക്കവേ തന്നെ രാജനും ഭാര്യയ്ക്കും ഗുരുതര പൊള്ളലേറ്റ വിവരം അറിഞ്ഞതായി ഇവർക്കായി ഹൈക്കോടതിയിൽ ഹാജരായ അഡ്വ. ജിനേഷ് പോൾ പറഞ്ഞു. അത് കോടതിയെ അറിയിച്ചു. ഇത്തരം ഹർജികൾ ഫയൽ ചെയ്യുന്നതിലെ താമസം ഒഴിവാക്കണമെന്നായിരുന്നു കോടതിയുടെ പ്രതികരണം. മുൻസിഫ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഹർജി ജനുവരി 15-ന് വീണ്ടും പരിഗണിക്കാൻ മാറ്റി. ഒഴിപ്പിക്കാൻ വന്ന സംഘത്തോട് ഹൈക്കോടതിയിൽ കേസുള്ള കാര്യം രാജനും കൂട്ടരും പറഞ്ഞതായാണ് തിരുവനന്തപുരത്തെ അഭിഭാഷകൻ പറഞ്ഞതെന്നും അഡ്വ. ജിനേഷ് പോൾ പറഞ്ഞു.

പൊലീസിന്റെ ക്രൂരതയിൽ വെന്തു മരിച്ച രാജന്റെയും അമ്പിളിയുടെയും മൃതദേഹങ്ങൾ അവർ താമസിച്ചിരുന്ന വീട്ടുവളപ്പിൽത്തന്നെ സംസ്‌കരിച്ചു. അച്ഛന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോഗത്തോടെ രഞ്ജിത്തും രാഹുലും അനാഥരായി. തങ്ങളുടെ അച്ഛനെയും അമ്മയെയും അവർ താമസിച്ചിരുന്ന സ്ഥലത്തുതന്നെ അടക്കം ചെയ്യണമെന്ന ഇവരുടെ വിലാപം പോലും ആദ്യം പൊലീസ് കേട്ടിരുന്നില്ല. പിന്നെ നാട്ടുകാരുടെ രോഷം തിരിച്ചറിഞ്ഞ് പൊലീസ് പിന്മാറി. ഞായറാഴ്ച രാത്രിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജൻ മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അമ്പിളിയും മരിച്ചു.

രാജന്റെ മൃതദേഹം സംസ്‌കരിക്കാൻ ഇളയ മകൻ രഞ്ജിത്താണ് കുഴിയെടുത്തത്. ഇതിനടുത്തായി അമ്പിളിയെയും സംസ്‌കരിച്ചു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതോടൊപ്പം സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് വീട് സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.