തിരുവനന്തപുരം: ''തിരിച്ചുചെന്നിട്ട് ചോറ് വിളമ്പിക്കഴിക്കണം. ഞാൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല'' -ആംബുലൻസിൽവെച്ച് അമ്പിളി അവസാനമായി അമ്മ മകനോട് പറഞ്ഞത് കരുതലിന്റെ ഈ വാക്കുകളായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് എല്ലാവരും ചോറുണ്ണാനിരിക്കുമ്പോഴായിരുന്നു കുടിയൊഴിപ്പിക്കാനായി പൊലീസ് എത്തിയത്. ടാർപോളിൻകൊണ്ട് രണ്ടു മുറികളാക്കിത്തിരിച്ച വീടിന്റെ അടുക്കളിയിൽ ആ അമ്മ അവസാനംവെച്ച ചോറും കറികളും കഞ്ഞിവെള്ളം നിറഞ്ഞ പാത്രങ്ങളും അതേപടിയിരിക്കുന്നു. അലക്കുകല്ലിൽ പാതി അലക്കിവെച്ച തുണികൾ-രാജന്റേയും അമ്പിളിയുടേയും മരണം അറിഞ്ഞെത്തിയവരുടെ കണ്ണ് നിറയ്ക്കുന്നതായിരുന്നു ഈ കാഴ്ചകൾ.

'നിങ്ങളെല്ലാരുംകൂടിയാണ് കൊന്നത്... സാറേ... ഇനി എന്റെ അമ്മയും കൂടിയേ ബാക്കിയുള്ളൂ''. എന്നാൽ, അപ്പന്റെ കുഴിമൂടിക്കഴിയുമ്പോഴേക്ക് ആ അമ്മയും പോയി. ആ കുടുംബം ചേർത്തുപിടിക്കാൻ നോക്കിയ അതേ മണ്ണിൽ രണ്ടു ശവക്കുഴികൾ പിറന്നു. ആർക്കും ഇറക്കിവിടാൻകഴിയാത്ത ആറടിമണ്ണിൽ അപ്പനുമമ്മയും ഒരുമിച്ചുറങ്ങി. പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മൃതദേഹങ്ങൾ ആ വീട്ടുമുറ്റത്ത് അടുത്തടുത്തായി സംസ്‌കരിക്കുമ്പോൾ മക്കളായ രാഹുലും രഞ്ജിത്തും മലയാളിക്ക് നൽകുന്നത് വേദന മാത്രമാണ്.

വസ്തു ഒഴിപ്പിക്കാനാണ് പൊലീസും കോടതി കമ്മീഷനും വന്നത്. ഒഴിപ്പിക്കരുതെന്ന ഹർജി അപ്പോൾ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. ഒഴിപ്പിക്കാൻ വന്നവർ അരമണിക്കൂർ ക്ഷമിച്ചിരുന്നെങ്കിൽ വിലപ്പെട്ട രണ്ടു ജീവനുകൾ രക്ഷിക്കാമായിരുന്നു, ഡിസംബർ 22-ന് ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിക്കുന്നതിനുമുമ്പേ നെയ്യാറ്റിൻകര നെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്തേക്ക് തീ ആളിക്കത്തി. പിന്നാലെ രാജനെയും കുടുംബത്തെയും ജനുവരി 15 വരെ ഒഴിപ്പിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുവന്നു. എതിർകക്ഷിക്ക് നോട്ടീസ് അയക്കാനും നിർദ്ദേശിച്ചു.

ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് എത്തുന്നതിന് അരമണിക്കൂർമുമ്പാണ് പൊലീസും അഭിഭാഷക കമ്മിഷനും ഒഴിപ്പിക്കലിനെത്തുന്നത്. സ്റ്റേ ഉത്തരവിന്റെ രേഖകൾ എത്തിക്കാമെന്നു പറഞ്ഞിട്ടും അല്പംപോലും കാക്കാതെയാണ് ഉച്ചഭക്ഷണത്തിനു മുന്നിലിരുന്ന രാജനെ പൊലീസ് വീട്ടിൽനിന്ന് വലിച്ചിറക്കിയതെന്നാണ് മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്.അയൽവാസിയുടെ പരാതിയിൽ, ജൂൺ 16-നാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവുവന്നത്. ഇതിനെതിരേ ഒക്ടോബറിൽ ജില്ലാ കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ നൽകാൻ വൈകിയതിനാൽ ഇതു പരിഗണിക്കുന്നതിൽ താമസമുണ്ടായി.

ഇതിനിടെ, നിലവിലെ ഉത്തരവ് നടപ്പാക്കണമെന്ന് മുൻസിഫ് കോടതി ഉത്തരവിട്ടു. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത് പൊലീസും അറിഞ്ഞിരുന്നു. ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ എത്തും മുമ്പേ കുടുംബത്തെ തെരുവിൽ ഇറക്കി വിടാനായിരുന്നു പൊലീസ് പദ്ധതി. അതാണ് ദുരന്തമായതും.