ജയ്പുർ: രാജസ്ഥാനിലെ 12 ജില്ലകളിലെ 45 നഗരസഭയിൽ 33 ലും ചെയർമാൻ സ്ഥാനം കോൺഗ്രസിന്്. ബിജെപിക്ക് 10 ചെയർമാൻ സ്ഥാനം മാത്രമാണുള്ളത്. രണ്ട് സീറ്റിൽ സ്വതന്ത്രനാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ അഞ്ച് പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

രാജസ്ഥാനിലെ 12 ജില്ലകളിലെ നഗരസഭാധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. രണ്ട് മുതൽ 10 വരെയാണ് വോട്ടെടുപ്പ് നടന്നത്. 101 പേരാണ് മത്സരിച്ചത്. മായാവതിയുടെ ബിഎസ്‌പി ഏഴ് സീറ്റിലും സിപിഐയും സിപിഐഎമ്മും രണ്ട് സീറ്റിൽ വീതവും വിജയിച്ചിരുന്നു. ആർഎൽപി ഒരു സീറ്റിലും വിജയിച്ചു.

രാജസ്ഥാനിലെ നഗര പ്രാദേശിക തെരഞ്ഞെടുപ്പിൽ 1775 വാർഡുകളിൽ 619 ഇടത്തും കോൺഗ്രസായിരുന്നു വിജയിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥികൾ നേടിയതിനെക്കാൾ കുറവ് സീറ്റുകളാണ് ബിജെപിക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. 596 വാർഡുകളിലാണ് സ്വതന്ത്രസ്ഥാനാർത്ഥികൾ വിജയിച്ചത്. എന്നാൽ ബിജെപി 548 വാർഡുകളിൽ ഒതുങ്ങി.

അതേസമയം പഞ്ചായത്ത് രാജ് തെരഞ്ഞെടുപ്പിൽ ജില്ലാ പരിഷത്തുകളിലേക്ക് ബിജെപി 12 ജില്ലാ പ്രമുഖുമാരെ വിജയിപ്പിച്ചെടുത്തപ്പോൾ കോൺഗ്രസിന്റെ വിജയം അഞ്ചിൽ ഒതുങ്ങി.