ജയ്​പുർ: കമിതാക്കൾക്ക്​ നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. രാജസ്​ഥാനിലെ ഭരത്​പുർ ജില്ലയിലാണ്​ സംഭവം. ആളൊഴിഞ്ഞ സ്​ഥലത്ത്​ സംസാരിച്ചിരുന്ന കമിതാക്കളെ ആൾക്കൂട്ടം വളയുകയായിരുന്നു. സദാചാര ​ഗുണ്ടകൾ എത്തിയതോടെ ആൺകുട്ടി സംഭവ സ്​ഥലത്തുനിന്ന്​ ഓടി രക്ഷപ്പെട്ടു. തുടർന്നാണ് സംഘം പെൺകുട്ടിയെ പിടികൂടി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

പെൺകുട്ടിയെ​ 20ൽ അധികം പേർ കൂട്ടമായി ചേർന്ന്​ മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഓൺലൈനിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടും നടപടി​യെടുക്കാൻ പൊലീസ്​ തയാറാകാത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്​. പെൺകുട്ടിയെ റോഡിലൂടെ വലിക്കുന്നതും ദുപ്പട്ട അഴിച്ചുമാറ്റുന്നതും വിഡിയോയിൽ കാണാം.

സഹായത്തിനായി പെൺകുട്ടി അലറു​ന്നുണ്ടെങ്കിലും ആരും രക്ഷപ്പെടുത്താൻ തയാറാകുന്നില്ല. തുടർന്ന്​ പെൺകുട്ടിയെ ഗുണ്ടകൾ അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്​. അതേസമയം, സംഭവം നടന്നതെന്നാണെന്ന്​ വ്യക്തമല്ല. സംഭവത്തിന്റെ സത്യാവസ്​ഥ അന്വേഷിക്കുമെന്നും കുറ്റവാളികളെ നിയമത്തിന്​ മുമ്പിൽ കൊണ്ടുവരുമെന്നും ​പൊലീസ്​ പറഞ്ഞു.