ജയ്‌പ്പൂർ: സംസ്ഥാന ഭരണം ഉണ്ടായിട്ടും രാജസ്ഥാനിലും കോൺ​ഗ്രസിന് കാലിടറുന്നു. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി ബിജെപി. 4371 പഞ്ചായത്ത് സമിതികളിൽ 1833 സീറ്റുകൾ ബിജെപി നേടിയപ്പോൾ ഭരണകക്ഷിയായ കോൺ​ഗ്രസ് 1713 സീറ്റുകളാണ് നേടിയത്. 420 സ്വതന്ത്രരും എൻഡിഎ ഘടകകക്ഷിയായ ആർഎൽപി (രാഷ്ട്രീയ ലോക് താന്ത്രിക്ക് പാർട്ടി) 56 സീറ്റുകളും നേടി. സിപിഎമ്മിന് 16 സീറ്റുകൾ ലഭിച്ചു.

21 ജില്ലാ പഞ്ചായത്തുകളിലെ 636 സീറ്റുകളിൽ 265 എണ്ണം ബിജെപി നേടി. 201 എണ്ണം കോൺഗ്രസും. സിപിഎമ്മും സ്വതന്ത്രരും രണ്ടു വീതവും നേടി. കഴിഞ്ഞ വർഷം മുനിസിപ്പൽ കൗൺസലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 17ൽ 11 മുനിസിപ്പാലികളും കോൺഗ്രസ് നേടിയിരുന്നു. എന്നാൽ, ഒരു വർഷത്തിനിപ്പുറം നടന്ന പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസിനെ പിന്നിലാക്കി.

അതേസമയം, ഈ മാസം 22ന് നടക്കുന്ന അരുണാചൽ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 1075 ബിജെപി സ്ഥാനാർത്ഥികൾക്ക് എതിരില്ലാതെ വിജയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത്രയും വാർഡുകളിൽ ബിജെപിക്ക് എതിർസ്ഥാനാർത്ഥികളില്ല. 75 ജില്ലാ പഞ്ചായത്തു സീറ്റുകളിലും ആയിരത്തിലേറെ പഞ്ചായത്തുകളിലുമാണ് എതിരാളികളില്ലതെ ബിജെപി ജയിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഗെഹ്‌ലോട്ട് സർക്കാരിന്റെ ജനപിന്തുണ കുറഞ്ഞുവരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കർഷസമരങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിക്ക് വൻ തിരിച്ചടി ഉണ്ടാകുമെന്നാണ് മാധ്യമങ്ങൾ അടക്കം പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, കർഷക സമരങ്ങൾ ജനമനസുകളിൽ ഏശിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

രാജസ്ഥാൻ തദ്ദേശതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിത്തന്ന ജനങ്ങളോട് കടപ്പെട്ടിരിക്കുന്നവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പ്രതികരിച്ചു. ബിജെപി സർക്കാരിലും പ്രധാനമന്ത്രി മോദിയിലും രാജ്യത്തെ കർഷകർക്കും ഗ്രാമീണ ജനങ്ങൾക്കും തൊഴിലാളികൾക്കും വിശ്വാസമുണ്ടെന്നാണ് ഫലങ്ങൾ കാണിക്കുന്നതെന്നും നഡ്ഡ കൂട്ടിച്ചേർത്തു.