ജയ്പുർ: രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചെന്ന പരാതിയുമായി വിമത സ്ഥാനാർത്ഥി. പരാതിക്കാരനായ സഹാറ മണ്ഡലത്തിലെ സ്ഥാനാർത്ഥി ലാധൂലാൽ പിതലിയ തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്തു നൽകി. ഇന്നലെയായിരുന്നു പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി. 17നാണ് പോളിങ്.

കോൺഗ്രസ് എംഎൽഎ കൈലാശ് ത്രിവേദിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണു മറ്റു മണ്ഡലങ്ങൾക്കൊപ്പം സഹാറയിലും ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ത്രിവേദിയുടെ ഭാര്യ ഗായത്രി ദേവിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയപ്പോൾ രത്തൻലാൽ ജാട്ട് ആണ് ബിജെപി സ്ഥാനാർത്ഥി.

ബിജെപി നേതാവായിരുന്ന ലാധൂലാൽ പിതലിയ 2018ൽ സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടർന്നു പാർട്ടി വിടുകയും സ്വതന്ത്രനായി മത്സരിച്ചു 30,573 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. അന്നു ബിജെപി സ്ഥാനാർത്ഥി രൂപ് ലാൽ ജാട്ട് പരാജയപ്പെട്ടതാകട്ടെ ഏഴായിരത്തോളം വോട്ടുകൾക്കും. ഒരു മാസം മുൻപു ബിജെപിയിൽ തിരിച്ചെത്തിയ പിതലിയ ഇത്തവണയും സീറ്റ് കിട്ടാതായതോടെ സ്വതന്ത്രൻ ആകുകയായിരുന്നു.

പിതലിയയ്ക്ക് അർഹമായ സ്ഥാനമാനങ്ങൾ നൽകുമെന്നും കേന്ദ്രസർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളിൽ സംതൃപ്തനായ അദ്ദേഹം പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുവാൻ സ്വമേധയാ നാമനിർദ്ദേശ പത്രിക പിൻവലിക്കുകയായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.