ജയ്പുർ: രാജസ്ഥാനിൽ പക്ഷിപ്പനിക്കെതിരെ ജാഗ്രതാ നിർദ്ദേശം. ഝാലാവാഡിൽ അമ്പതിലേറെ കാക്കകൾ കൂട്ടത്തോടെ ചത്തതു പക്ഷിപ്പനിയെ തുടർന്നാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ മറ്റു ജില്ലകളിലും പക്ഷികൾ കൂട്ടത്തോടെ ചത്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കോട്ട, ബാരൻ, ജോധ്പുർ ജില്ലകളിൽ നിന്നായി 300ലേറെ കാക്കകൾ ചത്തു. നഗോറിൽ 50 മയിലുകളടക്കം നൂറിലേറെ പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. ഝാലാവാഡിൽ കോഴികളിലേക്കും പക്ഷിപ്പനി പടർന്നതായി സൂചനയുണ്ട്. തണുപ്പുകാലമായതോടെ സംസ്ഥാനത്തേക്കു ദേശാടനപ്പക്ഷികൾ കൂട്ടമായി എത്തി തുടങ്ങിയിട്ടുണ്ട്. മനുഷ്യരിലേക്കു പടർന്നാൽ ചില ഇനം പക്ഷിപ്പനികൾ മരണകാരണമാകും.