ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കുറഞ്ഞത് 20 പുതിയ മുഖങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഉത്തർപ്രദേശിനും ബംഗളാലിനും മഹാരാഷ്ട്രയ്ക്കും കൂടുതൽ പ്രാധാന്യം മോദി പുനഃസംഘടനയിൽ നൽകുമെന്നാണ് സൂചന. കേരളത്തിൽ നിന്ന് ആരെങ്കിലും പുതുതായി മന്ത്രിയാകാനുള്ള സാധ്യത കുറവാണ്. വി മുരളീധരൻ സ്ഥാനം നിലനിർത്താനും സാധ്യത ഏറെയാണ്.

മലയാളിയായ രാജീവ് ചന്ദ്രശേഖർ മന്ത്രിയാകുമെന്ന സൂചനയുണ്ട്. കർണ്ണാടകയുടെ പേരിലാകും ഇത്. കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ചാനലിന്റെ ഉടമ കൂടിയാണ്. ബിജെപിയും ഏഷ്യാനെറ്റ് ചാനലുമായി കേരളത്തിലെ ബിജെപി പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയാക്കുന്നതിനെ ചിലർ എതിർക്കുന്നുമുണ്ട്. എന്നാൽ പുതുച്ചേരി രാഷ്ട്രീയം ബിജെപിക്ക് അനുകൂലമാക്കിയ രാജീവ് ചന്ദ്രശേഖറിന് കാബിനറ്റിൽ എത്താൻ സാധ്യത കൂടുതലാണ്. പുതുച്ചേരിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല രാജീവിനായിരുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ തെരഞ്ഞെടുപ്പിൽ കഴിഞ്ഞിരുന്നില്ല. എന്നാൽ വോട്ടെടുപ്പിന് തൊട്ടു മുമ്പ് കോൺഗ്രസിനെ പിളർത്തി നടത്തിയ രാഷ്ട്രീയ നീക്കം എൻഡിഎയ്ക്ക് അനുകൂലമായി. പുതുച്ചേരിയിൽ കോൺഗ്രസ് വിമതരെ മുന്നിൽ നിർത്തി ബിജെപി അധികാരം പിടിച്ചു. ആറു എംഎൽഎമാരേയും ബിജെപിക്ക് കിട്ടി. ഇതിന് പിന്നിൽ വിയർപ്പൊഴുക്കിയത് ഏഷ്യാനെറ്റിന്റെ ഉടമസ്ഥനായിരുന്നു. ഈ സാഹചര്യമാണ് രാജീവ് ചന്ദ്രശേഖറിന് തുണയാകുന്നത്. ബിജെപിക്കെതിരെ കഥകൾ മെനയണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഇമെയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എല്ലാ ഘട്ടത്തിലും ചർച്ചയാക്കുന്നുണ്ട്. ഇത് രാജീവിന് തിരിച്ചടിയാണ്.

കർണ്ണാടകയിലെ ബിജെപിയിൽ ഗ്രൂപ്പുകളികൾ കൂടി പരിഗണിച്ചാണ് രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര മന്ത്രിസഭയിലേക്ക് എടുക്കുന്നത്. കർണ്ണാടകയിൽ ബിജെപിയുടെ സാധ്യത കൂട്ടുന്നതിനൊപ്പം കേരളത്തിലും മലയാളി എന്ന ലേബലിൽ രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിക്കാൻ കഴിയും. ഇ ശ്രീധരനേയോ സുരേഷ് ഗോപിയേയോ കേന്ദ്രമന്ത്രിയാക്കിയാലും രാജീവ് ചന്ദ്രശേഖറിന് സാധ്യത ഏറെയാണ്.

2019ൽ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ്, പ്രതിപക്ഷ ആക്രണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖംമിനുക്കൽ അനിവാര്യമെന്ന ചിന്ത, കോവിഡ് ആഘാതത്തിൽ തളർന്ന വിവിധ മേഖലകൾക്ക് പുനരുജ്ജീവനം നൽകേണ്ടതിന്റെ ആവശ്യകത തുടങ്ങിയ ഘടകങ്ങളാണ് പുനഃസംഘടനയിലേക്ക് നയിച്ചിരിക്കുന്നത്.

ഉത്തർ പ്രദേശ് മന്ത്രിസഭയിലും 2022-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പാർട്ടി ഘടനയിലും മാറ്റങ്ങൾ വരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ വാർത്തയും എത്തുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായും പല തവണ നടത്തിയ ചർച്ചകൾക്കൊടുവിൽ 25 പേരെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടു വരാൻ ധാരണയായതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നിലവിൽ 53 മന്ത്രിമാരാണ് രണ്ടാം മോദി സർക്കാരിൽ ഉള്ളത്. കേന്ദ്രമന്ത്രിസഭയിൽ ഭരണഘടന പ്രകാരം 81 അംഗങ്ങൾ വരെയാവാം എന്നാണ്. ഈ സാധ്യത പ്രയോജനപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനാണ് പ്രധാനമന്ത്രി (ജങ ങീറശ) ഉദ്ദേശിക്കുന്നത് എന്നാണ് സൂചന. പ്രവർത്തന മികവ് കാണിച്ച മന്ത്രിമാർ പലരും തുടരാനാണ് സാധ്യത. ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും 2024-ലെ പൊതുതിരഞ്ഞെടുപ്പും മുന്നിൽ കണ്ടായിരിക്കും മോദിയുടെ മന്ത്രിസഭാ വിപുലീകരണം.  മാത്രമല്ല മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി അധികവകുപ്പുകൾ കൈകാര്യം ചെയ്യുന്ന പലമന്ത്രിമാരിൽ നിന്നും ചില വകുപ്പുകൾ എടുത്തു മാറ്റാനും സാധ്യതയുണ്ട്.

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാതിദ്യ സിന്ധ്യ, അസമിൽ ഹിമന്ത ബിശ്വാസ് ശർമ്മയ്ക്കായി വഴി മാറി കൊടുത്ത സർബാനന്ദ സോനാവൽ, ബീഹാറിൽ നിന്നും സുശീൽ കുമാർ മോദി എന്നിവർ മന്ത്രിസഭയിലേക്ക് എത്തുമെന്ന സൂചനയുണ്ട്.  അതുപോലെ ഹാരാഷ്ട്രയിൽ നിന്നും നാരായണ് റാണേ, ഭൂപേന്ദ്രയാദവ് എന്നിവരും മന്ത്രിസഭയിൽ എത്തിയേക്കാം.  യുപിയിൽ നിന്നും വരുണ് ഗാന്ധി, രാംശങ്കർ കഠേരിയ, അനിൽ ജയ്ൻ, റീത്താ ബഹുഗുണാ ജോഷി, സഫർ ഇസ്ലാം എന്നിവർക്ക് മന്ത്രിസ്ഥാനം കിട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

ഒപ്പം ബിജെപി സഖ്യകക്ഷിയായ അപ്നാ ദളിലെ അനുപ്രിയ പട്ടേലിന്റെ പേരും പട്ടികയിൽ ഉണ്ടെന്ന് സൂചനയുണ്ട്.  ഇതിനുപുറമേ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചച് വച്ച ബംഗാൾ ബിജെപിയിൽ നിന്നും ചിലർ മന്ത്രിസഭയിലേക്ക് വന്നേക്കാം. രാം വില്വാസ് പാസ്വാൻ മരിച്ച ഒഴിവിൽ എൽജെപിയിൽ നിന്നും മകൻ ചിരാഗ് പാസ്വാന് പകരമായി വിമതനീക്കം നടത്തിയ ചിരാഗിന്റെ അമ്മാവൻ പശുപതി പരസ് മന്ത്രിസഭയിലെത്തുമെന്നും റിപ്പോർട്ടുണ്ട്.  എന്നാൽ നിതീഷ് കുമാറിന്റെ ജെഡിയു മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.