ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയിൽ മലയാളികൾ ആരും മന്ത്രിയാകില്ല. ഏഷ്യാനെറ്റ് ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിന് സാധ്യത അഠഞ്ഞതായാണ് സൂചന. കർണ്ണാടകയിൽ നിന്ന് ശോഭാ കരന്തലജ മന്ത്രിയാകുമെന്നാണ് സൂചന. ബിജെപിയും ഏഷ്യാനെറ്റ് ന്യൂസും തമ്മിലെ പ്രശ്‌നങ്ങലാണ് രാജീവ് ചന്ദ്രശേഖറിന് വിനയാകുന്നത്.

ഇ ശ്രീധരനേയും മന്ത്രിസഭയിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ പ്രായക്കുടുതൽ കാരണം ഒഴിവാക്കി. ഭാവിയിൽ ശ്രീധരന് മികച്ച പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയേക്കും. നടൻ സുരേഷ് ഗോപിയേയും അവസാന ഘട്ടത്തിൽ ഒഴിവാക്കി. ഇനിയും രാജീവ് ചന്ദ്രശേഖറിനെ പുതിയ മന്ത്രിസഭയിലേക്ക് ക്ഷണിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ തീരുമാനം പ്രധാനമന്ത്രിയുടേതാകും. ആദ്യ ഘട്ട പട്ടികയിൽ രാജീവ് ചന്ദ്രശേഖറിന്റെ പേരുണ്ടായിരുന്നു. എന്നാൽ ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ പിന്തുണയോടെ കേന്ദ്ര ഘടകം ഈ പേരിനെ വെട്ടുകയായിരുന്നു.

വി മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകാനും സാധ്യതയുണ്ട്. വിദേശകാര്യ വകുപ്പിലെ സഹമന്ത്രിസ്ഥാനം മുരളീധരന് നഷ്ടമാകില്ല. വിദേശ പര്യടനത്തിലുള്ള മന്ത്രിയെ ചുമതലയിൽ നിന്ന് ഒഴിവാക്കുന്നത് പ്രോട്ടോകോൾ പ്രശ്‌നമാകും. പാർലമെന്ററീകാര്യത്തിന്റെ ചുമതലയും മാറ്റില്ല. ഇതിനൊപ്പം ടൂറിസത്തിന്റെ സ്വതന്ത്ര ചുമതല കിട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും കാബിനറ്റ് പദവി മുരളീധരന് കിട്ടില്ല. കാബിനെറ്റ് ചുമതലയിൽ എത്താൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം. ഡൽഹിയിൽ ഇല്ലാത്തതിനാൽ മുരളീധരന് അതിന് കഴിയില്ല.

കർണ്ണാടകയുടെ പ്രതിനിധിയായി രാജീവ് ചന്ദ്രശേഖർ മന്ത്രിയാകുമെന്നാണ് സൂചന. പുതുച്ചേരിയിൽ തെരഞ്ഞെടുപ്പിന്റെ ചുമതല രാജീവിനായിരുന്നു. മികച്ച വിജയം എൻഡിഎ നേടി. ഈ സാഹചര്യത്തിലാണ് രാജീവിന് സാധ്യത തെളിഞ്ഞത്. എന്നാൽ കേരള ഘടകം ഇതിന് എതിരായിരുന്നു. കർണ്ണാടക മുഖ്യമന്ത്രി ബി എസ് യദൂരിയപ്പയുടെ അതിവിശ്വസ്തയാണ് ശോഭ കരന്തലജ. ഈ സാഹചര്യത്തിൽ ശോഭയുടെ പേരു ചർച്ചയാക്കി കർണ്ണാടക ഘടകത്തിന്റെ പിന്തുണയോടെ രാജീവിനെ വെട്ടുകയായിരുന്നു ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായ ബിഎൽ സന്തോഷ്.

നിർമല സീതാരാമൻ ധനവകുപ്പിൽ തുടരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അവരെ മറ്റൊരു വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റുമെന്നും ചില സൂചനകൾ പുറത്തുവരുന്നുണ്ട്. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ എന്നിവർ മന്ത്രിമാരാകുമെന്ന് ഏറക്കുറേ ഉറപ്പാണ്. അസം മുൻ മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ, അപ്നാദൾ നേതാവ് അനുപ്രിയ പട്ടേൽ, എൽ.ജെ.പി. വിമത വിഭാഗം നേതാവ് പശുപതി പരസ്, യു.പിയിൽ നിന്നുള്ള പാർലമെന്റ് അംഗം പങ്കജ് ചൗധരി, റീത്താ ബഹുഗുണ ജോഷി, വരുൺ ഗാന്ധി, രാഹുൽ കശ്വാൻ, സി.പി. ജോഷി എന്നിവരാണ് ഡൽഹിയിൽ എത്തിയത്.

ജെ.ഡി.യു. എംപിമാരായ ആർ.സി.പി.സിങ്, ലല്ലൻ സിങ് എന്നിവരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. വൈകീട്ട് ആറ് മണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെന്നാണ് സൂചന. നിലവിൽ പ്രധാനമന്ത്രി അടക്കം 54 പേരാണ് മന്ത്രിസഭയിലുള്ളത്. 81 അംഗങ്ങൾ വരെയാകാം മന്ത്രിസഭയിൽ. ദീലീപ് കുമാറിന്റെ മരണത്തെ തുടർന്ന് കേന്ദ്ര മന്ത്രിസഭാ യോഗം മാറ്റി വച്ചിരുന്നു. ഈ സാഹചര്യത്തിൽ സത്യപ്രതിജ്ഞ മാറ്റുമോ എന്ന സംശയവും സജീവമാണ്.

രണ്ട് വർഷത്തെ പ്രകടനം കണക്കിലെടുത്ത് ചില മന്ത്രിമാരെ ഒഴിവാക്കുകയും ചിലരെ പാർട്ടി ചുമതലയിലേക്ക് കൊണ്ടുവരുകയും ചെയ്തു. യുവാക്കൾക്കും വനിതകൾക്കും ഉന്നതവിദ്യാഭ്യാസമുള്ളവർക്കും ഭരണപരിചയമുള്ളവർക്കും പുതിയ മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകനാണ് സാധ്യത. വിവിധ മതസാമുദായിക വിഭാഗങ്ങൾക്കും തുല്യപ്രാധാന്യം ലഭിച്ചേക്കും. ആറ് മണിക്കാണ് പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കുക എന്നാണ് ലഭിക്കുന്ന സൂചന.

ആറു കാബിനറ്റ് മന്ത്രിമാരെ പുതുതായി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവിന് കാബിനറ്റ് റാങ്ക് ലഭിച്ചേക്കും ഇരുപതോളം പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയും നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകൾ മാറ്റിയും മികച്ചപ്രവർത്തനം നടത്തിയ സഹമന്ത്രിമാർക്ക് സ്വതന്ത്രചുമതല നൽകിയുമായിരിക്കും അഴിച്ചുപണി.മന്ത്രിസഭയിൽ ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർധിക്കും.

അടുത്തവർഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന യു.പി.ക്ക് മന്ത്രിസഭയിൽ വൻ പ്രാതിനിധ്യമുണ്ടാകും. സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രതാ സിങ്, വരുൺ ഗാന്ധി, റീത്താ ബഹുഗുണ ജോഷി, സകൽദീവ് രാജ്ഭർ, രാം ശങ്കർ കത്താരിയ, അജയ് മിശ്ര, പങ്കജ് ചൗധരി എന്നിവരാണ് പരിഗണനയിലുള്ളത്.