ശുരനാട്: തന്റെ കുടുംബം ഗതിപിടിക്കാത്തതിന് കാരണം അയൽവാസിക്കുണ്ടാകുന്ന ഉയർച്ചയാണെന്ന് വിശ്വസിച്ച് അയൽവീടിന്റെ പോർച്ചിലിരുന്ന ബൈക്കും സ്‌കൂട്ടറും തീവച്ച് നശിപ്പിച്ച മന്ത്രവാദി പൊലീസ് പിടിയിൽ. പോരുവഴി വടക്കേമുറി പുത്തലത്തിൽ രാജേന്ദ്രനെ(46)യാണ് ഇൻസ്പെക്ടർ എ. ഫിറോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആറിന് രാജേന്ദ്രന്റെ അയൽവാസിയായ അനുജഭവനിൽ അനിൽകുമാറിന്റെ വീടിന്റെ പോർച്ചിലിരുന്ന ബൈക്കും സ്‌കൂട്ടറും ആരോ തീവച്ചു നശിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ അനിലിനോട് ആർക്കും പ്രത്യേകിച്ച് ശത്രുതയോ വിരോധമോ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. വീട്ടുകാർക്കും ആരെയും സംശയം ഇല്ലായിരുന്നു. യാതൊരു കാരണവും കണ്ടെത്താൻ കഴിയാതെ വന്നതോടെ സ്ഥലവാസികൾ പരിഭ്രാന്തിയിലായിരുന്നു. തുടർന്ന് പൊലീസ് ശാസ്ത്രീയ പരിശോധന ആരംഭിച്ചു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അയൽവാസികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ഉപയോഗിച്ച് അന്വേഷണം വിപുലീകരിച്ചു. അങ്ങനെയാണ് രാജേന്ദ്രനാണ് പ്രതി എന്ന് വ്യക്തമായത്.

ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മന്ത്രവാദിയുടെ പരിഹാര ക്രിയകൾ പുറത്തു വന്നത്. നാട്ടിലെ അറിയപ്പെടുന്ന മന്ത്രവാദിയായ രാജേന്ദ്രന്റെ അടുത്ത് പ്രശ്ന പരിഹാര ക്രിയകൾ നടത്താൻ നിരവധി പേർ വരാറുണ്ടായിരുന്നു. എന്നിട്ടും സാമ്പത്തികമായി കുടുംബത്തിന് വലിയ മെച്ചമൊന്നും ഉണ്ടായിരുന്നില്ല. ഇതിനുള്ള കാരണം സ്വയം ഗണിച്ച് രാജേന്ദ്രൻ കണ്ടെത്തിയത് അയൽവാസിയുടെ ഉയർച്ച തന്റെ വളർച്ചയ്ക്ക് വിഘാതമാകുന്നുവെന്നായിരുന്നു. അങ്ങനെയാണ് അനിലിന്റെ വാഹനം കത്തിക്കാൻ തീരുമാനിച്ചത്. അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയുടെ ചെയ്തികൾ.

വാഹനം കത്തിക്കാൻ വേണ്ടി ചക്കുവള്ളിയിലുള്ള പമ്പിൽ നിന്നും കന്നാസിൽ അഞ്ചു ലിറ്റർ പെട്രോൾ വാങ്ങി. ആറിന് പുലർച്ചെ മൂന്നേമുക്കാലിനാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങി ചെന്ന് പെട്രോൾ ഒഴിച്ച് വാഹനം കത്തിച്ചത്. തുടർന്ന് പെട്രോൾ വാങ്ങാൻ ഉപയോഗിച്ച കന്നാസും കൊണ്ടുവരാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കവറും സമീപത്തെ കനാലിൽ എറിഞ്ഞു കളഞ്ഞു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവ് ശേഖരിച്ചു. എസ്ഐമാരായ പി ശ്രീജിത്ത്, ചന്ദ്രമോൻ, പ്രബേഷൻ എസ്ഐ വിപിൻ, അഡിഷണൽ എസ്ഐ ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.