ന്യൂഡൽഹി: ഇന്ത്യ ചൈന സേനാതല ചർച്ചകൾ വീണ്ടും തുടങ്ങാനിരിക്കെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലഡാക്കിലെത്തി. അതിർത്തിക്കടുത്തെ സേനാതാവളങ്ങൾ രാജ്‌നാഥ് സിങ് സന്ദർശിക്കുന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് കേന്ദ്രമന്ത്രി ലഡാക്കിലെത്തിയിരിക്കുന്നത്. മേഖലയിൽ ബോർഡർ റോഡ് ഓർഗനൈസേഷന്റെ നിരവധി നിർമ്മാണ പദ്ധതികൾ രാജ്നാഥ് സിങ് രാജ്യത്തിന് സമർപ്പിക്കും.

സുരക്ഷ വിലയിരുത്തൽ നടത്തുന്ന മന്ത്രി സൈനികരുമായും സംവദിക്കും. അതിർത്തി തർക്കം പരിഹരിക്കാൻ ശ്രമിക്കുമെന്നും സേനാ തല ചർച്ചകൾ വീണ്ടും തുടങ്ങുമെന്നും ഇന്ത്യയും ചൈനയും തീരുമാനമെടുത്തിന് പിന്നാലെയാണ് സന്ദർശനം. കരസേനാ മേധാവി എംഎം നരവനെ മന്ത്രിയെ അനുഗമിക്കുന്നുണ്ട്. കിഴക്കൻ ലഡാക്കിലെ നിലവിലെ സാഹചര്യവും സുരക്ഷാ ക്രമീകരണങ്ങളും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പിൽ അവതരിപ്പിക്കും.

ഇതിനിടെ ചൈനീസ് അതിർത്തിയിലുൾപ്പടെ പ്രതിരോധ സേനകളുടെ ഏകീകൃത കമാൻഡുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് കേന്ദ്രം അനുമതി നല്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.

പാങ്കോംഗ് തടാകതീരത്ത് നിന്ന് ഇന്ത്യ ചൈന സേനകളുടെ പിന്മാറ്റം സാധ്യമായെങ്കിലും തുടർ ചർച്ചകൾ വഴിമുട്ടി നില്ക്കുകയാണ്. സേന കമാൻഡർ തല ചർച്ച വീണ്ടും തുടങ്ങാം എന്ന ആലോചനയ്ക്കു പിന്നാലെയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലഡാക്കിൽ എത്തിയത്. 14 കോർ കമാൻഡിലെ ഉന്നത ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രി കണ്ടു. അതിർത്തിക്കടുത്തെ ചില സേന താവളങ്ങളിലും പ്രതിരോധമന്ത്രി എത്തി. ചൈനയുമായി വിട്ടുവീഴ്ചയില്ല. എന്നാൽ ചർച്ചകൾ തുടരും എന്ന സന്ദേശമാണ് സേനയ്ക്ക് രാജ്‌നാഥ് സിങ് നല്കുന്നത്.

ഇതിനിടെ ചൈനീസ് അതിർത്തിയുടെ സംരക്ഷണത്തിന് പ്രതിരോധ സേനകളുടെ ഏകീകൃത കമാൻഡ് രൂപീകരിക്കാനുള്ള നിർദ്ദേശം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് നല്കി. മൂന്നു സേനകളും ചേർന്നുള്ള കമാൻഡ് വേണം എന്നാണ് നിർദ്ദേശം. പാക് അതിർത്തിയിൽ മറ്റൊരു ലാൻഡ് തിയേറ്റർ കമാൻഡിനും ശുപാർശയുണ്ട്.

വ്യോമ പ്രതിരോധം, നാവിക പ്രതിരോധം എന്നിവയ്ക്ക് ഏകീകൃത കമാൻഡുകൾ വേണം എന്ന നിർദ്ദേശവുമുണ്ട്. ജമ്മുകശ്മീരിന് മാത്രമായി ഒരു കമാൻഡ് വേണോ എന്ന ആലോചനയുമുണ്ട്. ഏകീകൃത കമാൻഡ് എല്ലാ സേന മേധാവിമാരും ഉൾപ്പെടുന്ന ചീഫ് ഓഫ് ഡിഫൻസ് സമിതിക്കാവും റിപ്പോർട്ട് ചെയ്യുക. നിലവിൽ ഇന്ത്യയുടെ ആണവ പ്രതിരോധത്തിനും ആൻഡമാൻ നിക്കോബാറിനും ഏകീകൃത കമാൻഡുകൾ സേനയിലുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ ഏകീകൃത കമാൻഡ് രൂപീകരിച്ചുള്ള തീരുമാനം വന്നേക്കും. നിർദ്ദേശത്തോട് വ്യോമസേന ഇതുവരെ യോജിച്ചിട്ടില്ല എന്നാണ് സൂചന.

പ്രതിരോധ മേഖലയെ സുശക്തമാക്കുന്നതിന്റെ ഭാഗമായി കാർവാറിലും കൊച്ചിയിലും രാജ്നാഥ് സിങ് കഴിഞ്ഞയാഴ്ച സന്ദർശനം നടത്തിയിരുന്നു. നാവികസേനയ്ക്കായി വിമാനത്താവളം കാർവാറിലും ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണം കൊച്ചിയിലും നടക്കുന്നത് രാജ്നാഥ് സിങ് വിലയിരുത്തിയിരുന്നു.