കണ്ണൂർ: കോതംമംഗലത്തെ വെടിവെച്ചുള്ള കൊലയ്ക്കും പിന്നിടുള്ള ആത്മഹത്യക്കും പിന്നിൽ പ്രണയ പ്രതികാരം തന്നെ. രാഖിലിന് മാനസയോട് കടുത്ത ഇഷ്ടം ഉണ്ടായിരുന്നുവെന്ന് വീട്ടുകാർക്കും സുഹൃത്തിനും അറിയാം. മാനസ നിരന്തരം അവഗണിച്ചതോടെ രാഖിലിന് പക കൂടി. കഴിഞ്ഞ ദിവസങ്ങളിലും മാനസയെ ഫോണിൽ രാഖിൽ വിളിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

ജീവിതം തകർന്നെന്ന് രാഖിൽ തനിക്ക് മെസേജ് അയച്ചിരുന്നതായി സഹോദരൻ രാഹുൽ വെളിപ്പെടുത്തി. എന്നാൽ സഹോദരനെ കൊലയ്ക്കുള്ള തോക്ക് എവിടെ നിന്ന് കിട്ടിയെന്ന് ബാങ്ക് ഉദ്യോഗസ്ഥനായ രാഹുലിന് അറിയില്ല. പകയാകും കൊലയ്ക്ക് കാരണമെന്ന് തന്നെയാണ് രാഖിലിന്റെ കുടുംബം വിലയിരുത്തുന്നത്. ഈ സംഭവം രാഖിലിന്റെ കുടുംബത്തേയും തകർത്തിട്ടുണ്ട്.

മറ്റൊരു പ്രണയം തകർന്ന ശേഷമായിരുന്നു മാനസയെ രാഖിൽ പരിചയപ്പെട്ടത്. മാനസ തള്ളിപ്പറഞ്ഞത് ഏറെ വിഷമത്തിലാക്കി. കുറേ ദിവസങ്ങളായി ആരോടും കൂടുതൽ സംസാരിക്കാറില്ലായിരുന്നു. പണമുണ്ടാക്കിയാൽ ബന്ധം തുടരാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ തയാറായിരുന്നില്ലെന്നും രാഹുൽ പറഞ്ഞു.

കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നാലു തവണ മാനസയുമായി രാഖിൽ സംസാരിച്ചിരുന്നുവെന്ന് സുഹത്ത് ആദിത്യനും വെളിപ്പെടുത്തി. മറ്റ് കാര്യങ്ങളൊന്നും രാഖിലിനും അറിയില്ല. രാഖിലിന്റെ ബിസിനസ് പങ്കാളി കൂടിയാണ് ആദിത്യൻ. കൊച്ചിയിൽ ആദിത്യനുമൊത്താണ് ഇന്റീരിയർ ഡിസൈനിങ് ബിസിനസ് രാഖിൽ നടത്തിയിരുന്നത്.

മാനസ അവഗണിച്ചിട്ടും അവന് പിന്തിരിയാൻ കഴിഞ്ഞില്ല. അവളെ മറക്കാൻ കഴിയില്ലെന്ന് അവൻ പറയുമായിരുന്നു. എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കുന്നതെന്ന് അറിയണമെന്നും പറഞ്ഞു. മാനസ നിരന്തരം അവഗണിച്ചതോടെയാണ് രാഖിലിന് പകയായി മാറിയതെന്നും ആദിത്യൻ പറയുന്നു.

രാഖിൽ കൊച്ചിയിലേക്ക് പോയത് ബിസിനസ് ആവശ്യങ്ങൾക്കെന്ന് വീട്ടുകാരെ തെറ്റിധരിപ്പിച്ചാണ്. തോക്ക് എവിടുന്ന് കിട്ടിയെന്ന് അറിയില്ല. അങ്ങനെയുള്ള ബന്ധങ്ങളൊന്നും രാഖിലിന് തന്റെ അറിവിൽ ഇല്ലെന്നും ആദിത്യൻ പറയുന്നു. മാനസ കോതമംഗലത്തുള്ളതു കൊണ്ടാണ് കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് രാഖിലിനെ എത്തിച്ചത്.

മാനസയുടെ കൊലപാതകത്തിന് പ്രതി രാഖിൽ ഉപയോഗിച്ച തോക്കിന്റെ പിന്നാമ്പുറം തേടി പൊലിസ് അന്വേഷണത്തിലാണ്. ധർമ്മടം സിഐ യുടെ നേതൃത്വത്തിലാണ് തോക്കിന്റെ ഉറവിടം തേടിയുള്ള അന്വേഷണം നടത്തുന്നത്. ക്‌ളോസ് റെയ്ഞ്ചിൽ നിന്നും അതീവ പ്രഹര ശേഷിയുള്ള 7.62 എം.എം റൈഫിൾ ഇയാൾ മാനസയെ കൊല്ലാൻ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

കണ്ണൂർ, കാസർകോട് മേഖലയിൽ മംഗലാപുരത്തു നിന്ന് തോക്ക് കൈമാറുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ബിഹാറിൽനിന്ന് മംഗലാപുരം വഴി തോക്ക് എത്തും. ഇറക്കുമതി ചെയ്ത പിസ്റ്റളുകളും കിട്ടും. അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള സംഘമാണു തോക്ക് കൈമാറ്റത്തിൽ പ്രധാനമായും ഇവിടെ പ്രവർത്തിക്കുന്നത്.