കോതമംഗലം: ഒരു മാസം മുമ്പ് നാട്ടിൽ സംഭവിച്ച കാര്യങ്ങളൊന്നും കോതമംഗലത്തെ മാനസയുടെ അടുത്ത കൂട്ടുകാരികൾ പോലും അറിഞ്ഞിരുന്നില്ല. മാനസയെ രാഖിൽ വെടിവച്ചിട്ട ശേഷമാണ് എല്ലാം എല്ലാവരും അറിയുന്നത്. ഇതിന്റെ ഞെട്ടിലിലാണ് കൂട്ടുകാരികൾ. രാഖിലും ആത്മഹത്യ ചെയ്തതോടെ പ്രകോപനത്തിന്റെ യഥാർത്ഥ കാരണം തേടി മൊബൈൽ ഫോൺ പരിശോധിക്കുകയാണ് പൊലീസ്.

രാഖിലിന്റെ ശല്യം കൂടിയതോടെയാണ് അമ്മയോട് മാനസ ഇക്കാര്യം സൂചിപ്പിച്ചതും പൊലീസിൽ പരാതി നൽകിയതും. രാഖിലിന്റെ അമ്മയും മാനസയുടെ അമ്മയുമായി സംസാരിച്ചിരുന്നു. പലതരത്തിലും അന്തരങ്ങളുള്ളതിനാൽ മകനോട് ഇക്കാര്യത്തിൽ പിന്മാറാൻ പറഞ്ഞുകൊള്ളാം എന്നാണ് അന്നു പറഞ്ഞത്. പൊലീസ് സ്‌റ്റേഷനിലെ ഇടപെടലിന് ശേഷമായിരുന്നു ഇത്. മാനസ അകറ്റിയതോടെ രാഖിൽ ഏറെ ദുഃഖിതനായിരുന്നു. ഇതും അമ്മ മനസ്സിലാക്കിയിരുന്നു. അതിന് ശേഷമായിരുന്നു മാനസയുടെ അമ്മയുമായി സംസാരമെന്നാണ് സൂചന.

രാഖിലുമായി മാനസ പരിചയത്തിലാവുകയും രാഖിലിന്റെ സഹോദരൻ രാഹുലിന് ഉൾപ്പെടെ മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു. രാഖിൽ മറ്റൊരു പെൺകുട്ടിയുമായി ഏറെക്കാലം അടുപ്പമായിരുന്നുവെന്നും ഈ ബന്ധം തകർന്നത് രാഖിൽ കാരണമാണെന്നും മാനസ അറിഞ്ഞതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഇതിന് ശേഷം രാഖിൽ പറഞ്ഞതെല്ലാം കളവാണെന്ന് തിരിച്ചറിഞ്ഞു. രാഖിലിന്റെ കൂടുതൽ ബന്ധങ്ങളും മാനസ മനസ്സിലാക്കി. ഇതോടെയാണ് എല്ലാ അർത്ഥത്തിലും ഒഴിവാക്കിയത്. പിന്നീട് രാഖിൽ ശല്യം ചെയ്തു തുടങ്ങി.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് മൊബൈലിലൂടെ പരിചയം തുടരുകയുമായിരുന്നു എന്നാണു മാനസയുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ മാനസയെ നേരിൽ കണ്ട് ഇഷ്ടപ്പെട്ടാണ് രാഖിൽ പ്രണയിച്ചതെന്നാണ് രാഖിലിനോട് അടുപ്പമുള്ളവർ പറയുന്നത്. എന്തായാലും തുടക്കത്തിൽ നല്ല സൗഹൃദം ഉണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചനകൾ.

ഉച്ചക്ക് കോളജിൽനിന്നെത്തിയശേഷം കൂട്ടുകാരികൾക്കൊപ്പം ഊണു കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മാനസക്ക് മുന്നിൽ രാഖിൽ ഘാതകന്റെ രൂപത്തിലെത്തിയത്. ഇതിന്റെ ഞെട്ടലിലാണ് കൂട്ടുകാരികൾ. കോളജിനടുത്ത് സ്വകാര്യവ്യക്തിയുടെ വീടിന്റെ രണ്ടാംനിലയിലാണ് മാനസയും കൂട്ടുകാരും വാടകക്ക് താമസിച്ചിരുന്നത്. മാനസയെ രാഖിൽ പിടിച്ചുവലിച്ചാണ് അടുത്ത മുറിയിലേക്ക് കൊണ്ടുപോയത്.

അപ്രതീക്ഷിതമായി താമസസ്ഥലത്ത് അതിക്രമിച്ച് കയറിച്ചെന്ന രാഖിലിനെ കണ്ട് മാനസ ഞെട്ടിയെഴുന്നേറ്റ് നീയെന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചതായി കൂട്ടുകാർ പൊലീസിനോട് പറഞ്ഞു. കൂട്ടുകാർക്ക് പ്രതിരോധിക്കാനാവും മുമ്പേ മുറിക്കകത്ത് കയറ്റി വാതിലടച്ച് കുറ്റിയിട്ടു. ഉടൻ മുറിയിൽനിന്ന് ആദ്യം രണ്ട് വെടിയൊച്ചയും പിന്നീട് ഒരു വെടിമുഴക്കവുമാണ് കേട്ടത്. പെട്ടെന്നുള്ള പ്രകോപനത്തിന് എന്തായിരുന്നു കാരണമെന്ന് ആർക്കും അറിയില്ല. ഇക്കാര്യം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.