പെരുമ്പാവൂർ: രാമക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളി സംഭാവന നൽകിയെന്ന വാർത്തകൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രചരണങ്ങൾ തെറ്റാണ്. എംഎൽഎ ഇത്തരത്തിൽ പണം നൽകിയിട്ടില്ല. സംഭാവന വാങ്ങിയവർ എംഎൽഎയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ എംഎൽഎ രാമക്ഷേത്ര നിർമ്മാണത്തിന് സംഭവന നൽകിയെന്ന റിപ്പോർട്ട് ചിത്രങ്ങൾ സഹിതം പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം എംഎൽഎയും നേരത്തെ നിഷേധിച്ചിരുന്നു. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് വേണ്ടി സംഭാവന ആവശ്യപ്പെട്ടാണ് തന്റെ അടുത്ത് ഒരുസംഘം ആളുകൾ വന്നതെന്നും രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഫണ്ട് എന്ന് വന്നവർ പറഞ്ഞില്ലെന്നുമായിരുന്നു എംഎൽഎയുടെ വിശദീകരണം.

രാമക്ഷേത്ര നിർമ്മാണത്തിന് പണം നൽകിയെന്നും രൂപരേഖ ഏറ്റുവാങ്ങിയെന്നുമാണ് ചിത്രങ്ങൾ സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ശ്രീ ചെറായി എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് ചിത്രം പ്രചരിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് എൽദോസ് കുന്നപ്പള്ളി എംഎൽഎ തുക സമർപ്പണം നടത്തിയെന്ന് പറഞ്ഞാണ് പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നത്. ജില്ല പ്രചാരക് അജേഷ് കുമാറിൽ നിന്ന് രൂപ രേഖ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. ശ്രീ ചെറായി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ഇതിനോടകം ഈ പോസ്റ്റ് വലിയ തോതിൽ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും രാമക്ഷേത്രത്തിനുള്ള ഫണ്ട് പിരിവാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കി എൽദോസ് കുന്നപ്പള്ളി രം​​ഗത്തെത്തിയിരുന്നു.

രാഷ്‌ട്രീയ ലക്ഷ്യത്തോടെ സമീപിച്ച ആർഎസ്എസ് ചതിച്ചതാണ്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഫോട്ടോ എടുത്തത്. ഇക്കാര്യത്തിൽ ഏതെങ്കിലും മതവിഭാഗത്തിനെ തന്റെ പ്രവൃത്തി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കുകയാണെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കാണാൻ എത്തിയവർ ആർഎസ്എസ് പ്രവർത്തകരാണെന്ന് അറിയില്ലായിരുന്നു. ഇരിങ്ങോൾ കാവിന്റെ ഭാരവാഹികളെന്നു പറഞ്ഞ് എത്തിയവരാണ് തന്നോട് 1000 രൂപ സംഭാവന വാങ്ങുകയും ഫോട്ടോ എടുക്കുകയും ചെയ്‌തത്. പിന്നീട് ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പ്രശ്നത്തിൽ എന്നെ പോലെ ഒരു മതേതരവാദിയെ ഉൾപ്പെടുതത്തുന്നത് ശരിയല്ല. സംഭാവന നൽകിയ വിഷയം എൽഡിഎഫ് രാഷ്‌ട്രീയ പരമായി ഉപയോഗിക്കുകയും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയുമാണ്. മുസ്‌ലിം സംഘടനകളല്ല എൽഡിഎഫാണ് വലിയ പ്രശ്‌നമായി ഈ വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്നും എൽദോസ് കുന്നപ്പള്ളി പറഞ്ഞു. താൻ മതേതരത്വം ഉയർത്തിപ്പിടിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആളാണെന്നും ഫേസ്‌ബുക്ക് വീഡിയോയിലൂടെ എംഎൽഎ പറഞ്ഞു.