ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ 'അറസ്റ്റ് രാംദേവ്' എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങായതിന് പിന്നാലെ വെല്ലിവിളിയുമായി യോഗ ഗുരു ബാബ രാംദേവ്. അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവരുടെ പിതാക്കന്മാർക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് രാംദേവ് വെല്ലുവിളിച്ചു. അവർ വെറുതെ ബഹളമുണ്ടാക്കുകയാണെന്നും രാംദേവ് പറഞ്ഞു. വിവാദമായ വെല്ലുവിളിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നേരത്തെ അലോപ്പതി, ആധുനിക വൈദ്യശാസ്ത്രത്തിനെതിരേയുള്ള ആരോപണങ്ങൾ വലിയ വിവാദമായതിന് പിന്നാലെയാണ് തന്നെ അറസ്റ്റ് ചെയ്യാൻ വെല്ലുവിളി ഉയർത്തുന്ന രാംദേവിന്റെ വീഡിയോയും പുറത്തുവന്നത്.

അറസ്റ്റ് രാംദേവ് എന്നെല്ലാ പറഞ്ഞ് അവർ വെറുതേ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അവരെല്ലാം ട്രെന്റിന് പിന്നാലെയാണെന്നും പരിഹാസത്തോടെ രാംദേവ് വീഡിയോയിൽ പറയുന്നു.

അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും കോവിഡ് പ്രതിസന്ധിക്കിടെ അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷണക്കണിക്ക് ആളുകളാണ് മരിച്ചതെന്നുമായിരുന്നു നേരത്തെ രാംദേവിന്റെ വിവാദ പ്രസ്താവന.

പരാമർശം തെറ്റാണെന്നു സമ്മതിച്ചു സമൂഹമാധ്യമങ്ങളിൽ വിഡിയോ നൽകണമെന്നും കോവിഡിനുള്ള മരുന്നാണ് 'കൊറോനിൽ കിറ്റ്' എന്ന പരസ്യം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്തെത്തിയിരുന്നു. വക്കീൽ നോട്ടിസും അയച്ചു.

ഇതിനുപിന്നാലെ രാംദേവിനെതിരേ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

15 ദിവസത്തിനകം രേഖാമൂലം മാപ്പു പറഞ്ഞില്ലെങ്കിൽ 1000 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാൻ നടപടിയെടുക്കുമെന്ന് ഐഎംഎ ഉത്തരാഖണ്ഡ് സെക്രട്ടറി അജയ് ഖന്ന നോട്ടിസിൽ പറയുന്നു.

സർക്കാർ മാർഗനിർദ്ദേശത്തെയും ചികിത്സയെയും വെല്ലുവിളിക്കുകയും വാക്‌സിനേഷനെപ്പറ്റി തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നതിനാൽ രാജ്യദ്രോഹക്കുറ്റം ചുമത്തി രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു.