തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നിർദ്ദേശമനുസരിച്ച് പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. സ‌ർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ കള‌ളക്കേസെടുക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ഇതിന് ഡി.ജി.പി വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പി.ടി തോമസ്, കെ.എം ഷാജി, വി.ഡി സതീശൻ ഉൾപ്പടെ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള‌ളക്കേസ് എടുക്കുകയാണ്.ഇവർക്കെതിരെ പ്രതികാരം തീർക്കാനെത്തിയാൽ യു.ഡി.എഫ് ശക്തമായിത്തന്നെ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പർച്ചേസിലൂടെ കോടിക്കണക്കിന് രൂപ അഴിമതി കാട്ടിയ ഡിജിപിയെ സർക്കാർ സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

കേരളം കണ്ട ഏ‌റ്റവും വലിയ അഴിമതിയും കൊള‌ളയും നടത്തുന്ന ഡിജിപിയാണ് ഇപ്പോൾ ഭരിക്കുന്നത്. പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നാലര വർഷം നടത്തിയ പർച്ചേസിലെയും അഴിമതി അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ടിൽ കൊണ്ടുവന്നതാണ്. ആ റിപ്പോർട്ട് കോൾഡ് സ്‌റ്റോറേജിൽ വച്ചിരിക്കുകയാണ് സർക്കാർ.ഇതിന് പ്രത്യുപകാരമായി എംഎൽഎമാർക്കെതിരെ കേസെടുക്കുകയാണ് ഡിജിപി. സർക്കാരിന് വേണ്ടി എന്ത് വിടുപണിയും ഡിജിപി ചെയ്യും. ഇതിനെ നിയമപരമായി യുഡിഎഫ് നേരിടും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യംതന്നെ ഡിജിപിയുടെ നടപടികൾക്കെതിരെ കമ്മീഷനെ വച്ച് അന്വേഷിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

വിജിലൻസ് തന്നെ ശിവശങ്കരനെ അഞ്ചാംപ്രതിയാക്കിയിരിക്കുകയാണ്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നതെല്ലാം വൻ കൊള‌ളയാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കയാണ്. വടക്കാഞ്ചേരി ലൈഫ് ഫ്ളാ‌റ്റുമായി ബന്ധപ്പെട്ടതുകൊള‌ളയാണ്. ഇതിലൂടെ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്. ഇതൊന്നും മുഖ്യമന്ത്രി അറിയാതെ നടക്കുമോ? അഞ്ചാംപ്രതി ശിവശങ്കറെങ്കിൽ ഒന്നാംപ്രതി മുഖ്യമന്ത്രിയാണ്. സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് എന്തിനെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ബിനീഷ് കോടിയേരി മയക്കുമരുന്നു കേസിൽ പണമിറക്കിയെന്ന ആരോപണത്തിൽ ഇഡി അറസ്റ്റു ചെയ്തതും എം ശിവശങ്കരന്റെ അറസ്റ്റുമെല്ലാം സർക്കാറിന്റെ പ്രതീക്ഷകളെ മങ്ങളേൽപ്പിച്ചു. ഇങ്ങനെ തുടർച്ചയായി തിരിച്ചടികൾ ഏൽക്കുന്ന ഘട്ടത്തിൽ സർക്കാർ മുഖം മിനിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഇടതു മുന്നണിയെ അധികാരത്തിൽ എത്തിച്ച അതേ സോളാർ കേസ് വീണ്ടും പൊടിതട്ടി എടുക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ തുടക്കം യുഡിഎഫ് തിരിച്ചറിഞ്ഞു കഴിഞ്ഞു. അനിൽകുമാറിനെതിരായ ബലാത്സംഗ പരാതിയിൽ മൊഴിയെടുത്തത് ആദ്യ പടിയാണെന്ന സൂചന പുറത്തു വന്നു കഴഞ്ഞു.

അനിൽ കുമാറിനെ കൂടാതെ മറ്റു നേതാക്കളെയും ലക്ഷ്യം വെച്ചുകൊണ്ടാണ് സർക്കാർ നീങ്ങുന്നത്. പഴകിദ്രവിച്ച ആരോപണം ആണെങ്കിലും ഇടതു സർക്കാർ ഈ വിഷയം എടുത്തിട്ടു സർക്കാറിനെതിരായ ആരോപണങ്ങളെ മറികടക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. കോൺഗ്രസ് നേതാവ് എ.പി. അനിൽകുമാറിന് എതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി വിളിച്ചുവരുത്തി രേഖപ്പെടുത്തിയതിനു പിന്നാലെ മറ്റുള്ളവർക്ക് എതിരായ കേസുകളുടെ അവസ്ഥയും വിലയിരുത്തി. ബലാത്സംഗ പരാതിയിലാണ് മൊഴി രേഖപ്പെടുത്തലും തെളിവു ശേഖരിക്കലും നടക്കുന്നത്. ഇതിൽ നേതാക്കളെ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെങ്കിൽ അതിന് വേണ്ടിയും ശ്രമിക്കണമെന്ന രാഷ്ട്രീയ ബുദ്ധിയാണ് സർക്കാറിനുള്ളത്. പൊലീസിലെ ഉന്നതരുമായി ഇതേക്കുറിച്ചു സംസാരിച്ചു കഴിഞ്ഞുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഈ നീക്കം മുന്നിൽ കണ്ടാണ് ഡിജിപിക്കെതിരെ പ്രതിപക്ഷ നേതാവ് ചെന്നിത്തല രംഗത്തെത്തിയത്.

പീഡനപരാതി നിലനിൽക്കില്ലെങ്കിൽ സാമ്പത്തിക തട്ടിപ്പെന്ന കുറ്റം നിലനിൽക്കുമോ എന്നാണ് ആലോചിക്കുന്നത്. നിയമോപദേശവും തേടിയേക്കും. സ്വർണക്കടത്തും ലഹരിക്കടത്തും പ്രോട്ടോക്കോൾ ലംഘനവുമൊക്കെയായി സർക്കാരും അടുപ്പക്കാരും കേസുകളാൽ വരിഞ്ഞ് മുറുകിയിരിക്കുമ്പോൾ കേസകൾ രാഷ്ട്രീയ ആയുധമാണ് എന്നാണ് സർക്കാർ ഉറച്ച് വിശ്വസിക്കുന്നത്. ആ സാഹചര്യത്തിൽ പ്രത്യാക്രമണത്തിനുള്ള ആയുധം പഴയ സോളറിലുണ്ടോയെന്നാണു സർക്കാർ തിരയുന്നത്. പീഡന പരാതിയിൽ 7 കേസുകളാണ് നിലവിലുള്ളത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ, അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള, എ.പി. അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായാണു കേസുകൾ. 2018 അവസാനവും 2019 ആദ്യവുമായി എടുത്ത ഈ കേസുകളിൽ ഒന്നും ചെയ്യാനാവില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഡിജിപി രാജേഷ് ദിവാനും എഡിജിപി അനിൽകാന്തുമൊക്കെ റിപ്പോർട്ട് നൽകിയിരുന്നു. മുതിർന്ന നേതാക്കളെ ബലാത്സംഗ കേസിൽ അറസ്റ്റു ചെയ്യാനാകില്ലെന്ന നിലപാടിലാണ് പൊലീസിലെ പ്രമുഖർ. അതിന് തുനിഞ്ഞാൽ അത് തങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നു. എന്നാൽ, പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദവും ശക്തമായി ഉയരുന്നുണ്ട്.