കോട്ടയം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻ ചാണ്ടിയോട് ആലോചിക്കണമായിരുന്നു. പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിർത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. താനും ഉമ്മൻ ചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷകാലം വലിയ നേട്ടം കൈവരിച്ചു. അധികാരം കിട്ടിയപ്പോൾ താൻ ധാർഷ്ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.കോട്ടയം ഡിസിസി അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

കോൺഗ്രസിൽ ചില പ്രശ്‌നങ്ങൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരൻ പോയപ്പോൾ ഉമ്മൻ കോൺഗ്രസ് എന്ന് പറഞ്ഞു. 17 വർഷം താനും ഉമ്മൻ ചാണ്ടിയും കോൺഗ്രസിനെ നയിച്ചു. താൻ കെപിസിസി പ്രസിഡന്റും ഉമ്മൻ ചാണ്ടി പാർലമെന്ററി പാർട്ടി നേതാവുമായി. ആ കാലയളവിൽ വലിയ വിജയമാണ് കോൺഗ്രസിന് തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവർത്തനം ആണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോൺഗ്രസ് നടത്തിയത്. കെ കരുണാകരനും കെ മുരളീധരനും പാർട്ടിയിൽ പിന്നീട് തിരിച്ചു വന്നെന്നും ചെന്നിത്തല ഓർമിപ്പിച്ചു.

രമേശ് ചെന്നിത്തലയുടെ വിമർശനം ഏറ്റുപിടിച്ച് കെ സി ജോസഫും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല. ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. ചിലർക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ലെന്നും കെ.സി ജോസഫ് വ്യക്തമാക്കി. എന്നാൽ വിമർശനങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചില്ല. ചെന്നിത്തലയുടെ പ്രതികരണത്തോട് നോ കമന്റ്‌സ് എന്നായിരുന്നു മറുപടി. സംഘടനാ തെരഞ്ഞടുപ്പ് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ, ആരും തടസ്സമാകില്ലെന്നും സതീശൻ പറഞ്ഞു.

അതേസമയം ഡി.സി.സി അധ്യക്ഷന്മാരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളും പൊട്ടിത്തെറിയും പരിഹരിക്കാനുള്ള ശ്രമം കെപിസിസി നേതൃത്വം വ്യക്തമാക്കി. ഇതിനുള്ള ആദ്യപടിയായി മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇരുവരേയും ഫോണിൽ നേരിട്ട് വിളിച്ചു. സെപ്റ്റംബർ ആറിന് ചേരുന്ന യു.ഡി.എഫ് മുന്നണി യോഗത്തിൽ പങ്കെടുക്കണമെന്ന് ഇരുനേതാക്കളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപനത്തിൽ രണ്ട് നേതാക്കളും അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു. കാര്യങ്ങൾ വിശദമായി സംസ്ഥാനത്ത് ചർച്ച ചെയ്തില്ലെന്ന ആരോപണമാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഉന്നയിച്ചത്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇവരെ തള്ളി രംഗത്ത് വരികയും ചെയ്തിരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആരോപണപ്രത്യാരോപണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ വെടിനിർത്തലാണ് പുതിയ നേതൃത്വം ആഗ്രഹിക്കുന്നത്.

പുതിയ നേതൃത്വം സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ സമ്പൂർണ യോഗമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുക. ഘടകകക്ഷികളായ ആർഎസ്‌പി, മുസ്ലിം ലീഗ് എന്നിവർക്ക് കോൺഗ്രസിലെ പ്രശ്നങ്ങളിൽ അതൃപ്തിയുണ്ട്. യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് ആർഎസ്‌പിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നാളഎ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.

ഘടകകക്ഷികൾ പങ്കെടുക്കന്ന യോഗം ചേരുന്നതിന് മുൻപ് തന്നെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ഒരു പരിധിവരെയെങ്കിലും പരിഹരിക്കണമെന്ന നിലപാടിലേക്ക് കോൺഗ്രസ് നേതൃത്വം എത്തിയതിനെത്തുടർന്നാണ് വി.ഡി സതീശൻ നേരിട്ട് അനുനയനീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേരിട്ട് പങ്കെടുത്തിരുന്നില്ല. ഓൺലൈൻ വഴിയാണ് ഇരുവരും പങ്കെടുത്തത്. സതീശന്റെ ക്ഷണത്തോട് ഇരുവരും എങ്ങനെ പ്രതികരിക്കുമെന്നത് നിർണായകമാണ്.