പത്തനംതിട്ട: പിഎസ് സി ഉദ്യോഗാർഥികളുടെ സമരത്തിൽ പിടിവാശി തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗാർത്ഥികളുടെ സമരത്തിൽ മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയാണ്. സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറാവണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു. പിൻവാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള വിധേയത്വം മുഖ്യമന്ത്രിക്ക് അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല പരിഹസിച്ചു.

'ജനവികാരത്തിന്റെ മുമ്പിൽ മുഖ്യമന്ത്രിക്ക് മുട്ടുമടക്കേണ്ടി വന്നു. പക്ഷേ, ഇപ്പോഴും അദ്ദേഹത്തിന്റെ നിലപാടിൽ മാറ്റം വന്നിട്ടില്ല. താൽക്കാലികമായി പിൻവാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ വിധേയത്വം അവസാനിച്ചിട്ടില്ല. താൽക്കാലികമായുള്ള പിൻവാതിൽ നിയമനത്തിന്റെ പ്രശ്നം സംവരണ തത്വം അട്ടിമറിക്കപ്പെടുന്നു എന്നുള്ളതാണ്. അതെന്തുകൊണ്ടാണ് സർക്കാരും മുഖ്യമന്ത്രിയും കാണാത്തത്? സംവരണ ആനുകൂല്യങ്ങൾ ലഭിക്കേണ്ട വിഭാഗങ്ങൾക്ക് ഗുരുതരമായ പ്രതിസന്ധിയാണ് പിൻവാതിൽ നിയമനങ്ങളിലൂടെ ഉണ്ടാവുന്നത്. ഒരു ഭരണാധികാരി എന്ന നിലയിൽ മുഖ്യമന്ത്രി അത് കാണേണ്ട കാര്യമല്ലേ? അത് കാണാതെ, അനധികൃതമായി പാർട്ടി ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമിച്ച ആളുകളെ സ്ഥിരപ്പെടുത്തുന്നത് മുഖ്യമന്ത്രി കാണിക്കുന്ന ക്രൂരമായ വഞ്ചനയാണ്', ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം കൊടുക്കുക എന്നതാണ് സർക്കാർ ചെയ്യേണ്ടത്. റാങ്ക് ഹോൾഡേഴ്സിനോട് ക്രൂരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എന്തുകൊണ്ട് മുഖ്യമന്ത്രി ധാർഷ്ട്യം ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാവുന്നില്ല? എന്തുകൊണ്ട് അവരുമായി സംസാരിച്ചുകൂടാ? ഇത് പിടിവാശിയാണ്. മുഖ്യമന്ത്രിയുടെ അനാവശ്യമായ ഈഗോയാണ്. അത് ഒരു ഭരണാധികാരിക്ക് ചേർന്നതല്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്റെ പിടിവാശിയും ദുർവാശിയും ഉപേക്ഷിച്ച് അവരുമായി ചർച്ച ചെയ്യണം. തങ്ങളിതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

യൂത്ത് കോൺഗ്രസുകാർ സ്വാഭാവികമായും സമരം ചെയ്യും. കാരണം, അവർ യുവജന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. കേരളമൊട്ടാകെ, ബിജെപിയും സിപിഐഎമ്മും തമ്മിൽ ഒരു ബന്ധം രൂപപപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അവരുടെ ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ്. ബിജെപിയുടെ വക്താവാണ് ഇക്കാര്യം പറഞ്ഞത്. അത് അവരുടെ ഇപ്പോഴത്തെ അജണ്ടയാണ്. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അന്തർധാര കൂടുതൽ ശക്തിപ്പെടുകയാണ്. അതുകൊണ്ടാണ് പരസ്പര ധാരണയോടുകൂടി യുഡിഎഫിനെ തകർക്കാൻ കഴിയുമോ എന്ന് പരീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.