മലപ്പുറം: എ.പി അനിൽകുമാർ എംഎ‍ൽഎയെ തള്ളിപ്പറഞ്ഞ് മലപ്പുറത്ത് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ഐ ഗ്രൂപ്പ് നേതൃയോഗം. യു.ഡി.എഫ് ജില്ലാ ചെയർമാനും മുൻ കെപിസിസി സെക്രട്ടറിയുമായ പി.ടി അജയ്‌മോഹന്റെ പൊന്നാനിയിലെ വീട്ടിൽവച്ചാണ് ജില്ലയിലെ കെപിസിസി, ഡി.സി.സി ഭാരവാഹികളടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കൾ രഹസ്യയോഗം ചോർന്നത്. അജയ്‌മോഹന്റെ മാതാവ് നളിനി മോഹനകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് അനുശോചനമറിയിക്കാനാണ് ചെന്നിത്തല വസതിയിലെത്തിയത്. ചെന്നിത്തലയെത്തുമ്പോൾ ഗ്രൂപ്പ് യോഗം ചേരാൻ ജില്ലയിലെ ഭാരവാഹികളെ പ്രത്യേകം ക്ഷണിച്ചിരുന്നു. രമേശ് ചെന്നിത്തലക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും അനിൽകുമാർ എംഎ‍ൽഎയെ തള്ളിപ്പറയുകയുമായിരുന്നു യോഗം.

കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി സർക്കാരിൽ ജയലക്ഷ്മി മന്ത്രിയായപ്പോൾ അവസരം നഷ്ടമാകുമായിരുന്ന അനിൽകുമാറിനെ തന്റെ കടുംപിടുത്തതിലാണ് മന്ത്രിയാക്കിയതെന്നും ഒപ്പമുണ്ടെന്ന് രാത്രിയിൽ പറഞ്ഞ അനിൽകുമാർ നേരം വെളുത്തപ്പോഴേക്കും വഞ്ചിച്ച് കാലുമാറിയെന്നും വികാരാധീനനായി ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് ചെന്നിത്തലയെ കൈവിട്ട് വി.ഡി സതീശന്റെ പേരായിരുന്നു അനിൽകുമാർ നിർദ്ദേശിച്ചിരുന്നത്. ഇതു മനസിൽവച്ചായിരുന്നു ചെന്നിത്തല തുറന്നടിച്ചത്. ഐ ഗ്രൂപ്പിന്റെ പേരിൽ മന്ത്രിസ്ഥാനവും എംഎ‍ൽഎ സ്ഥാനവും ഉറപ്പിക്കുകയല്ലാതെ ഗ്രൂപ്പിനെയോ നേതാക്കളെയോ സംരക്ഷിക്കാതെ ഒറ്റുകൊടുക്കുകയാണ് അനിൽകുമാറെന്ന് യോഗത്തിൽ പല നേതാക്കളും പൊട്ടിത്തെറിച്ചു.

ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് അനിൽകുമാറിനെ പിന്തുണക്കേണ്ടെന്ന പൊതുനിലപാടാണ് സ്വീകരിച്ചത്. മുൻ കെപിസിസി സെക്രട്ടറിമാരായ പി.ടി അജയ്‌മോഹൻ, കെ.പി അബ്ദുൽമജീദ്, കെപിസിസി നിർവ്വാഹകസമിതി അംഗം പറമ്പൻ റഷീദ്, ഡി.സി.സി ഭാരവാഹികളായ എൻ.എ മുബാറക്ക്, ടി.കെ അഷ്‌റഫ്, ശശി മങ്കട, പി.സി.എ നൂർ, രോഹിൽനാഥ്, ചന്ദ്രവല്ലി എന്നിവരും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ യു.കെ അഭിലാഷ്, ഇ.പി രാജീവ് എന്നിവരും പങ്കെടുത്തു.

അനിൽകുമാർ മന്ത്രിയായിരിക്കെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളായ നസറുള്ള, അസീസ് ചീരാന്തൊടി എന്നിവർക്കൊപ്പം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിറോസും മാത്രമാണ് ഐ ഗ്രൂപ്പിൽ അനിൽകുമാറിനൊപ്പമുള്ളത്. ഇവർ മൂന്നു പേരും യോഗത്തിനെത്തിയിരുന്നില്ല. മുൻ കെപിസിസി സെക്രട്ടറി വി. ബാബുരാജ് ഇപ്പോൾ കെ. സുധാകരനൊപ്പമാണ്.

മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് രണ്ടു ദിവസം ഡൽഹിയിൽ രഹസ്യചർച്ച നടത്തി തന്ത്രം മെനഞ്ഞ് എ.പി അനിൽകുമാറിന് ജില്ലയിലെ ഐ ഗ്രൂപ്പിന്റെ പിന്തുണയില്ലാത്തത് തിരിച്ചടിയാകും. മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന വി.വി പ്രകാശിന് നിലമ്പൂരിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയപ്പോൾ എ.ഐ.സി.സി തലത്തിൽ നടത്തിയ സമവായ ചർച്ചകൾക്കൊടുവിൽ നിലമ്പൂരിനായി അവസാനം വരെ പരിഗണിച്ചിരുന്ന ആര്യാടൻ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകുകയായിരുന്നു. എന്നാൽ സമവായ ധാരണകൾ അട്ടിമറിച്ച് തെരഞ്ഞെടുപ്പിന് ശേഷം ഷൗക്കത്തിനെ മാറ്റി വി. വി പ്രകാശ് തന്നെ വീണ്ടും ഡി.സി.സി പ്രസിഡന്റായി. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പ്രകാശ് ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെ മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റില്ലാത്ത അവസ്ഥയാണിപ്പോൾ.

എ ഗ്രൂപ്പിന്റെ കൈവശമുള്ള മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്തിന്റെ പേരാണ് എ ഗ്രൂപ്പ് നേതൃത്വം ഉയർത്തികാട്ടുന്നത്. എന്നാൽ എ.ഐ.സി.സി സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗാപാലിന്റെ പിന്തുണയിലാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് അനിൽകുമാർ സ്വയം രംഗത്തെത്തിയത്. എ ഗ്രൂപ്പ് നോമിനിയായി കെപിസിസി ജനറൽ സെക്രട്ടറിയായ ഇ. മുഹമ്മദ്കുഞ്ഞിയെ ഒപ്പം നിർത്തി എ ഗ്രൂപ്പിൽ വിള്ളലുണ്ടാക്കിയ അനിൽകുമാറിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് എ ഗ്രൂപ്പ്. എ ഗ്രൂപ്പിന് അവകാശപ്പെട്ട തവനൂർ സീറ്റിൽ അനിൽകുമാറും മുസ്ലിം ലീഗും ഒത്തുകളിച്ച് കെ.സി വേണുഗോപാലിന്റെ പിന്തുണയോടെ ഫിറോസ് കുന്നുംപറമ്പിലിനെ സ്ഥാനാർത്ഥിയാക്കിയതിലുള്ള രോഷം എ ഗ്രൂപ്പിന് ഇതുവരെ ശമിച്ചിട്ടില്ല.