കൊല്ലം: വി സി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെക്കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വളരെ ഗൗരവമുള്ള വിഷയങ്ങളാണ് ഉന്നയിച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകലാശാലയ്ക്ക് മാത്രമാണ് ഓണററി ഡീലിറ്റ് നൽകാനുള്ള അധികാരം. അതിനകത്ത് സംസ്ഥാന സർക്കാരിന്റെ ഒരു ഇടപെടൽ ഉണ്ടോയോ എന്നചോദ്യവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നൽകാനുള്ള ഗവർണറുടെ ശുപാർശ തള്ളിക്കളയാനുള്ള തീരുമാനം സർക്കാർ ഏത് തരത്തിൽ എടുത്തു എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല സർക്കാറിനോട് ആവശ്യപ്പെട്ടു.

വൈസ് ചാൻസലർ പറഞ്ഞത് സർക്കാരിന്റെ അനുവാദമില്ലെന്നാണ്. ഇതിൽ വ്യക്ത വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ് ചോദ്യങ്ങൾ സർക്കാരിനോട് ചോദിച്ചിരിക്കുകയാണ് ചെന്നിത്തല. ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾ ഇങ്ങനെ:

1. ഇന്ത്യൻ പ്രസിഡന്റിന് ഓണററി ഡീലിറ്റ് നൽകാനുള്ള ശുപാർശ സംസ്ഥാന ഗവർണർ ചാൻസലർ എന്നുള്ള നിലയിൽ കേരള സർവകലാശാല വിസിക്ക് നൽകിയിരുന്നോ? ശുപാർശ എന്ന് നൽകി?

2. രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നൽകാനുള്ള ചാൻസലറുടെ നിർദേശത്തെ സംസ്ഥാന സർക്കാർ ഇടപെട്ട് വൈസ് ചാൻസലറെ കൊണ്ട് നിരാകരിപ്പിച്ചിട്ടുണ്ടോ?

3. രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നൽകാനുള്ള ചാൻസലറുടെ ശുപാർശ സാധാരണ ഗതിയിൽ സിൻഡിക്കേറ്റിന്റെ പരിഗണനയിൽ വയ്‌ക്കേണ്ടതാണ്. ഇതിന് പകരം സർക്കാരിന്റെ അഭിപ്രായം തേടാൻ കേരള വിസിക്ക് എന്ത് അധികാരമാണുള്ളത്? ഏത് നിയമത്തിന്റെ പിൻബലത്തിലാണ് കേരള സർവകലാശാലയുടെ വൈസ് ചാൻസലർ സർക്കാരിന്റ അനുവാദം തേടിയത്?

4. ഇത്തരത്തിലുള്ള ഓണററി ഡീലിറ്റ് നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് എന്ത് നിയമപരമായ അധികാരമാണുള്ളത്?സംസ്ഥാന സർക്കാരിന് ഈ കാര്യത്തിൽ യാതൊരു അധികാരവുമില്ല. ഈ കാര്യങ്ങൾ എല്ലാം തീരുമാനിക്കേണ്ടത് സിൻഡിക്കേറ്റും സെനറ്റിൽ വച്ചുമാണ്. അവസാനം ചാൻസലർ അസൻഡ് കൊടുത്താൽ മാത്രമേ ഓണററി ഡീലിറ്റ് നൽകാൻ കഴിയുകയുള്ളൂ.

5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി വിസി മൂന്ന് പേർക്ക് ഡീലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിക്ക് വേണ്ടി സമർപ്പിച്ചിരുന്നോ? ആ മൂന്ന് പേരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തുമോ?

6. ഈ പട്ടികയ്ക്ക് ഗവർണർ അഡൻഡ് നൽകാതെ ആ ഫയൽ മാറ്റിവയ്ച്ചു എന്ന കാര്യം യൂണിവേഴ്‌സിറ്റിക്ക് ബോധ്യമുണ്ടോ?ഗവർണറുമായി എന്തു കാര്യങ്ങളിലാണ് തർക്കമുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവർ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.