തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ അടുത്ത മുഖ്യ വിവരാവകാശ കമ്മീഷണറായി ഏകകണ്ഠമായി നിയമിച്ചുവെന്ന് വാർത്ത വന്നത് വ്യാഴാഴ്ചയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമിതി അംഗമാണ്. എന്നാൽ, താൻ വിശ്വാസ് മേത്തയുടെ നിയമനത്തെ അനുകൂലിച്ചിട്ടില്ല എന്ന് കാട്ടി അദ്ദേഹം ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

സർക്കാർ നൽകിയ ഓൺലൈൻ ലിങ്ക് വഴി താൻ യോഗത്തിൽ പങ്കെടുത്തെങ്കിലും, മോശം നെറ്റ് വർക്ക് കവറേജും, വീഡിയോയും കാരണം തനിക്ക് വിഷയത്തിൽ ക്യത്യമായ അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ഇപ്പോൾ, തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നുവെന്ന തരത്തിൽ മാധ്യമ റിപ്പോർട്ടുകൾ കാണുന്നു. ജലസേചനവകുപ്പിൽ സ്വകാര്യ അന്താരാഷ്ട്ര കൺസൾട്ടൻസികളെ നിയമിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ വിജിലൻസിനു പരാതി നൽകിയിട്ടുള്ള കാര്യം കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ ക്രമരഹിതമായ രീതിയിലായിരുന്നു കൺസൾട്ടൻസിയെ കൊണ്ടുവരാനുള്ള നീക്കം. നിയമനത്തിൽ തനിക്ക് എതിർപ്പുണ്ടെന്നും ഇക്കാര്യം യോഗത്തിന്റെ മിനിറ്റ്‌സിൽ രേഖപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എ.കെ. ബാലൻ എന്നിവരുൾപ്പെട്ട സമിതി വ്യാഴാഴ്ച വൈകിട്ട് ചേർന്ന യോഗത്തിലാണ് വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാൻ തീരുമാനിച്ചത്. ചെന്നിത്തലയും തീരുമാനത്തെ അനുകൂലിച്ചെന്നായിരുന്നു യോഗത്തിനുശേഷമുള്ള അറിയിപ്പ്. ഈ മാസം 28ന് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ചശേഷമാകും വിശ്വാസ മേത്ത പുതിയ ചുമതല ഏറ്റെടുക്കുക.

എന്നാൽ തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്താൻ സാധിക്കുമെങ്കിലും നിയമനപ്രക്രിയയിൽ ഇടപെടാൻ പ്രതിപക്ഷനേതാവിന് സാധിക്കില്ല. ഗവർണറാണ് തീരുമാനമെടുക്കുന്നത്. ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് ഈ മാസം 28നാണ് വിശ്വാസ് മേത്ത വിരമിക്കുന്നത്.നെതർലാൻഡ്‌സ് അംബാസിഡർ ആയിരുന്ന വേണുരാജാമണി അടക്കം പതിനാല് പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരും നേരത്തെ ഉയർന്നുവന്നെങ്കിലും അദ്ദേഹം അപേക്ഷിച്ചില്ല.സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസുകാരിൽ ഒരു വിഭാഗത്തിനു വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷണർ സ്ഥാനത്തേക്ക് എത്തണമെന്ന താൽപര്യമുള്ളവരാണ്. ഇതു മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെ ഇവർ ധരിപ്പിച്ചിരുന്നു. ഇതെല്ലാമാണ് വിശ്വാസ് മേത്തയുടെ സ്ഥാനത്തേക്കുള്ള സാദ്ധ്യത വർദ്ധിപ്പിച്ചത് എന്നാണ് സൂചന.

സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന് പ്രതിരോധം തീർത്ത വ്യക്തിയാണ് വിശ്വാസ് മേത്ത.അഡീഷണൽ ചീഫ് സെക്രട്ടറി വി.പി. ജോയി പുതിയ ചീഫ് സെക്രട്ടറിയാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വിരമിച്ച പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസിനു വിദ്യാഭ്യാസവകുപ്പിനു കീഴിലെ അസാപ്പിൽ പുനർനിയമനം നൽകിയിരുന്നു. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന മുഖ്യവിവരാവകാശ കമ്മിഷണർ തസ്തികയിൽ അവസാന റൗണ്ടിലെത്തിയതു വിശ്വാസ് മേത്തയും നെതർലാൻഡ് മുൻ അംബാസഡർ വേണു രാജാമണിയുമാണ്.

തെരഞ്ഞെടുപ്പ് സമിതിയിൽ പ്രതിപക്ഷ നേതാവുണ്ടെങ്കിലും മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേരുമ്പോൾ ഭൂരിപക്ഷമായി. അതുകൊണ്ട് തന്നെ തന്നെ സർക്കാരിന് താൽപ്പര്യമുള്ളവർ മാത്രമേ ചീഫ് കമ്മീഷണറാകൂ എന്ന സാഹചര്യമാണ്. 2019-ൽ ഭേദഗതി ചെയ്ത വിവരാവകാശനിയമപ്രകാരം, മുഖ്യവിവരാവകാശ കമ്മിഷണർക്കു മൂന്നുവർഷമാണു കാലാവധി. ചീഫ് സെക്രട്ടറിക്കു തുല്യമായ പദവിയാണിത്.

രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത സംസ്ഥാനത്തെ നാലാം മുഖ്യവിവരാകാശ കമ്മിഷണറാണ്. 28-നാണ് അദ്ദേഹം ചീഫ് സെക്രട്ടറി പദവിയിൽനിന്നു വിരമിക്കുന്നത്. 1986-ൽ ഐ.എ.എസ്. ലഭിച്ച മേത്ത കൊല്ലം അസി. കലക്ടറായി ഔദ്യോഗികജീവിതമാരംഭിച്ചു. റബർ മാർക്കറ്റിങ് ഫെഡറേഷൻ എം.ഡി, ഇടുക്കി, വയനാട് കലക്ടർ, ആരോഗ്യ സെക്രട്ടറി, വിദ്യാഭ്യാസ-റവന്യൂ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുന്ന മേത്ത മികച്ച ഗായകനുമാണ്. സർക്കാരുമായും നല്ല അടുപ്പത്തിലാണ് വിശ്വാസ് മേത്ത.