തിരുവനന്തപുരം: എണ്ണുന്ന ഓരോ തപാൽ വോട്ടുകളും കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്ര മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രക്കും സംസ്ഥാന മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കും സംസ്ഥാനത്തെ പോസ്റ്റൽ ബാലറ്റുകളുടെ പിന്തുണ ഉള്ള അഡിഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗളിനും നൽകിയ കത്തിലാണ് പ്രതിപക്ഷ നേതാവ് ആവശ്യങ്ങൾ ഉന്നയിച്ചത്.

പോസ്റ്റൽ ബാലറ്റുകളിലെ മാർക്കിങ് കൗണ്ടിങ് ഏജന്റുമാരുടെ മുന്നിൽ പ്രദർശിപ്പിക്കണം, ഓരോ ബൂത്തുകളിലെയും മൊത്തം ഫലങ്ങൾ കൗണ്ടിങ് ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണം, വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കൗണ്ടിങ് ഏജന്റുമാരെ വിശ്വാസത്തിലെടുത്തു മാത്രമേ മുന്നോട്ട് പോകാവൂ എന്നും അന്തിമ ഫല പ്രഖ്യാപനം വരുന്നതിന് മുമ്പ് അവരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയിരിക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.

തെരഞ്ഞെടുപ്പിന് മുമ്പും രമേശ് ചെന്നിത്തല കള്ളവോട്ടുകൾ തടയണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കൊണ്ടാണ് ചെന്നിത്തല നേരത്തെയും രംഗത്തുവന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ യഥാർത്ഥ ജനാഭിപ്രായത്തെ പ്രതിനിധീകരിക്കുന്നതല്ല. ഇത്തവണ യുഡിഎഫ് തീർച്ചയായും ഭരണത്തിലേറുമെന്ന് പൂർണമായ വിശ്വാസമുണ്ടെന്നും ചെന്നിത്തല അറിയിച്ചു.

എക്സിറ്റ് പോളുകൾ പലതും തട്ടിക്കൂട്ട് സർവ്വേകളാണ്. രണ്ട് ലക്ഷം വോട്ടർമാരുള്ള നിയോജക മണ്ഡലത്തിൽ 250 പേരെ മാത്രം ഫോണിൽ വിളിച്ച് ചോദിച്ച് തയ്യാറാക്കുന്ന ഇത്തരം ഫലങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ല. എക്സിറ്റ് പോളുകൾ തെറ്റാണെന്ന് തെളിയിച്ചിട്ടുള്ള ചരിത്രം കേരളത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ യുഡിഎഫിനെ തകർക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളുണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് മുന്നോട്ട് പോയത്. ജനങ്ങൾ ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പം നിൽക്കുമെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അടുത്ത സർക്കാർ യുഡിഎഫ് സർക്കാർ ആയിരിക്കുമെന്നതിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വോട്ടെണ്ണൽ സമയത്ത് പല തിരിമറികൾക്കും സാധ്യതയുണ്ടെന്നും അതിനാൽ യുഡിഎഫ് സ്ഥാനാർത്ഥികളും ഏജന്റുമാരും ജാഗ്രത പുലർത്തണമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

കേരളത്തിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇടത് സർക്കാരിന് അനുകൂലമായിരുന്നു. കേരളത്തിൽ തുടർഭരണം ഉറപ്പിക്കാമെന്നാണ് പല ചാനലുകളും നടത്തിയ സർവ്വേയിൽ വ്യക്തമായത്. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല.