കൊല്ലം: എനിക്ക് കുറച്ച് കടമുണ്ട്.. അത് വീട്ടാനാണ് ഈ വിവാഹം കഴിക്കുന്നത്..ആറുമാസം കഴിയുമ്പോൾ അവളെ ഞാൻ ഡിവോഴ്സ് ചെയ്യും. അതിന് ശേഷം നിന്നെ ഞാൻ വിവാഹം കഴിച്ചു കൊള്ളാം. രണ്ടു പേരെയും എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല. കൊട്ടിയത്ത് വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റംസിയോട് പ്രതിശ്രുത വരൻ ഹാരിഷ് ദിവസങ്ങൾക്ക് മുൻപ് ഫോണിൽ സംസാരിച്ചത് ഇങ്ങനെയാണ്. ഇതാണ് ആത്മഹത്യയിലേക്ക് പെൺകുട്ടിയെ തള്ളി വിട്ടതും.

കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത ക്രൂരതയാണ് ഹാരിഷ് പദ്ധതിയിട്ടത്. ഇതിൽ മനംനൊന്താണ് മറ്റൊരു കുട്ടിയുടെ ജീവൻ തകർക്കാനില്ലെന്ന ഉദ്ദേശത്തോടെ റംസി ജീവനൊടുക്കിയത്. അഞ്ചലിൽ ഭാര്യയായ ഉത്രയെ സൂരജ് കൊലപ്പെടുത്തിയത് പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ്. സ്വത്ത് മോഹവും പുനർവിവാഹവുമായിരുന്നു സൂരജ് ലക്ഷ്യമിട്ടത്. അതിന് അപ്പുറത്തേക്കുള്ള തന്ത്രമൊരുക്കലായിരുന്നു സൂരജിന്റേത്. ആറു മാസത്തേക്ക് കാമുകിയിൽ നിന്നും അവധി വാങ്ങിയുള്ള വിവാഹം. അതിന് ശേഷം ഭാര്യയെ ഉപേക്ഷിച്ച് പ്രണയിനിക്കൊപ്പം ജീവിക്കാം എന്ന വാഗ്ദാനം. എന്നാൽ ഹാരിഷ് ചതിയനാണെന്നും തന്നെ പറ്റിക്കുകയാണ് ചെയ്യുന്നതെന്നും തിരിച്ചറിഞ്ഞ റംസി യാത്ര പറയുകയും ചെയ്തു.

തുടക്കത്തിൽ ഇതു വെറുമൊരു ആത്മഹത്യയാക്കാൻ ശ്രമവും നടന്നു. അതിനിടെയാണ് തെളിവുകൾ പുറത്തു വന്നത്. അടുത്തിടെയാണ് ഹാരിഷ് പോളയത്തോട് സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെട്ടതെന്നാണ് റംസി സഹോദരി അൻസിയോട് പറഞ്ഞിരുന്നത്. ആദ്യമൊക്കെ ഹാരിഷ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുകയാണ് എന്ന് പറഞ്ഞിരുന്നത് തമാശയായിട്ടാണ് റംസി കരുതിയത്. എന്നാൽ പിന്നീടാണ് കളിയല്ല കാര്യമാണ് എന്ന് മനസ്സിലായത്.

ഫോൺ വഴിയാണ് പോളയത്തോടുകാരിയായ പെൺകുട്ടിയെ ഹാരിഷ് പരിചയപ്പെട്ടത്. പെൺകുട്ടി സാമ്പത്തിക ഭദ്രതയുള്ള വീട്ടിലുള്ളതായിരുന്നു. വർക്ക്ഷോപ്പ് തുടങ്ങി കടം കയറിയ ഹാരിഷ് പെൺകുട്ടിയെ വളച്ചെടുത്ത് വിവാഹം കഴിക്കാമെന്നായിരുന്നു ഉദ്ദേശം. അങ്ങനെ പെൺകുട്ടിയെ പ്രണയത്തിലാക്കുകയും വിവാഹം കഴിക്കാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ഹാരിഷ് മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞു. റംസിയുടെ വീട്ടിൽ സാമ്പത്തികമില്ലാത്തതിനാൽ അവർക്ക് പുതിയ ബന്ധത്തിൽ താൽപര്യമുണ്ടായി. തുടർന്ന് വിവാഹത്തിനായുള്ള ആലോചനകൾ നടത്തി. ഇതിനിടയിലാണ് റംസിയോട് ഈ വിവരങ്ങൾ ഹാരിഷ് പറയുന്നത്.

ഇത് കേട്ട് റംസി ആകെ തളർന്ന് പോയി. ഒന്നര വർഷം മുൻപ് വിവാഹം ഉറപ്പിച്ച് വളയിടീലും കഴിഞ്ഞിട്ടാണ് ഹാരിഷ് വിവാഹത്തിൽ നിന്നും പിന്മാറാൻ പറയുന്നത്. മാത്രമല്ല, പല സ്ഥലങ്ങളിലും കൊണ്ടു പോകുകയും ഗർഭിണിയാകുകയും ചെയ്തപ്പോൾ അബോർഷൻ വരെ നടത്തി. കൂടാതെ റംസിയുടെ പേരിൽ വിവിധ സ്വകാര്യ ധന ഇടപാട് സ്ഥാപനങ്ങളിൽ നിന്നും പണം ലോണെടുത്തിട്ടുമുണ്ട്. ഇതെല്ലാം ചെയ്തിട്ടാണ് ഒരു സുപ്രഭാതത്തിൽ വിവാഹത്തിൽ നിന്നും പിന്മാറുകയാണ് എന്ന് പറയുന്നത്. റംസി കാലു പിടിച്ചു കരഞ്ഞിട്ടും ഹാരിഷ് തീരുമാനത്തിൽ നിന്നും പിന്മാറിയില്ല.

ഇതോടെ മാനസികമായി ഏറെ തളർന്ന റംസി വീടിനുള്ളിൽ തന്നെ കഴിഞ്ഞ് കരയുകയായിരുന്നു. വിവരമറിഞ്ഞ അൻസിയുടെ ഭർത്താവ് മുനീർ ഹാരിഷുമായി സംസാരിച്ചെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. ദിവസങ്ങളോളം റംസിയുടെ വിഷമം കൊണ്ട് സഹോദരി അൻസി തന്റെ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. വ്യാഴാഴ്ച ഭർതൃ ഗൃഹത്തിലേക്ക് പോയപ്പോഴാണ് റംസി കടുംകൈ ചെയ്തത്. ഒന്നര വർഷം മുൻപ് നടത്തിയ വളയിടീൽ ചടങ്ങിൽ മീൻ കച്ചവടക്കാരനായ റംസിയുടെ പിതാവ് റഹീം ഐഫോൺ-9, ഒന്നര ലക്ഷം രൂപയോളം വിലവരുന്ന റാഡോ വാച്ച്, പണം എന്നിവ ഹാരിഷിന് നൽകിയിരുന്നു. പിന്നീട് പള്ളിമുക്കിൽ കാർ വർക്കഷോപ്പ് തുടങ്ങാനായും പണം നൽകി. ഇതിനൊക്കെ പുറമേ ആയിരുന്നു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുപ്പിച്ചതും.

ഇത്തരത്തിൽ എല്ലാവിധത്തിലും ചൂഷണം ചെയ്ത ശേഷമാണ് ഹാരിഷ് പെൺകുട്ടിയെ നിസ്സാരമായി ഉപേക്ഷിച്ചത്. ഇതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് മാതാവ് ആരിഫയാണ്. ആരിഫയുമായാണ് റംസി അവസാനമായി സംസാരിച്ചത്. ഈ ഫോൺ സംഭാ,ണത്തിൽ എല്ലാ വിവരങ്ങളും ഉണ്ട്. കൂടാതെ ഹാരിഷിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് നിരവധി തവണ റംസിയെ ഷൂട്ടിങ് ലൊക്കേഷനുകളിൽ വിളിച്ചു കൊണ്ടു പോയിട്ടുണ്ട്. ഇവിടേക്ക് കൊണ്ടു പോകുകയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഹാരിഷിനൊപ്പം ദിവസങ്ങളോളം പറഞ്ഞു വിട്ടിട്ടുമുണ്ട്. നടിയുടെ നേതൃത്വത്തിലാണ് റംസിയുടെ മൂന്ന് മാസമായ ഗർഭം അലസിപ്പിച്ചത്. ഗർഭം അലസിപ്പിക്കാനായി അടുത്തുള്ള ജമാഅത്തിന്റെ വ്യാജ വിവാഹ സർട്ടിഫിക്കറ്റും ഇയാൾ നിർമ്മിച്ചിരുന്നു.

ഹാരിഷിന്റെ മാതാവ് ആരിഫയെയും സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരും ബന്ധുക്കളും ആവിശ്യപ്പെടുന്നത്. ഇവർക്ക് രണ്ടുപേർക്കും റംസിയുടെ മരണത്തിൽ കൃത്യമായ പങ്കുണ്ടെന്നാണ് ആരോപണം. അതേസമയം കൊട്ടിയം എസ്.എച്ച.ഒ ദിലീഷിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അമൽ, അൽത്താഫ്, അഷ്ടമൻ എന്നിവർ ഹാരിഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തിയത് സൈബർ സെൽ എസ്‌ഐ അനിൽകുമാറാണ്.

പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം തെളിവെടുപ്പ് നടത്തുകയാണ്. വൈകുന്നേരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിന് ശേഷം കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമായി കസ്റ്റഡിയിൽ വാങ്ങും. സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും ആരിഫയേയും ചോദ്യം ചെയ്യാനായി പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.