കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയരായ സീരിയൽ നടി ലക്ഷ്മി പ്രമോദും പ്രതിയുടെ കുടുംബാംഗങ്ങളും ഒളിവിൽ പോയിട്ടില്ലെന്ന് പൊലീസ്. ഈ കുടുംബം തങ്ങളുടെ നിരീക്ഷണത്തിൽ തന്നെയാണെന്ന് പൊലീസ് അറിയിച്ചു. ഇവരിൽനിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകൾ സൈബർ പൊലീസ് സംഘം വിശദമായി പരിശോധിച്ചുവരികയാണ്. റിമാൻഡിലുള്ള പ്രതി ഹാരിഷ് മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങിയാലേ തെളിവെടുപ്പും കൂടുതൽ പേരെ പ്രതി ചേർക്കുന്ന നടപടികളിലേക്കും കടക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. സീരിയൽ നടി ഉൾപ്പെടുന്ന പ്രതിയുടെ കുടുംബാംഗങ്ങൾ നേരത്തെ താമസിച്ചിരുന്ന വീട്ടിൽനിന്ന് ദിവസങ്ങൾക്ക് മുമ്പ് തന്നെ താമസം മാറിയതാണെന്നും പൊലീസ് പറയുന്നു.

സീരിയൽ നടിയെയും കുടുംബാംഗങ്ങളെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെയാരും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല. ഇതിനിടെ ഇവർ താമസിച്ചിരുന്ന വീട് പൂട്ടിക്കിടന്നതായും കണ്ടെത്തി. ഇതോടെയാണ് ലക്ഷ്മി പ്രമോദും കൂട്ടരും ഒളിവിൽ പോയെന്ന സൂചന കിട്ടിയത്. ഇതാണ് പൊലീസ് നിഷേധിക്കുന്നത്. ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ചില ഉന്നതർ ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് ഇവരെ കാണാതായും. ഹാരിഷ് മുഹമ്മദിനെ എത്രയും പെട്ടെന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് സംഘത്തിന്റെ ശ്രമം. ഇയാളെ കസ്റ്റഡിയിൽ വാങ്ങി യുവതിയുമായി പോയ സ്ഥലങ്ങളിൽ തെളിവെടുപ്പും നടത്തും. കേസിൽ പ്രതി ചേർക്കാനുള്ള സാധ്യത കൂടിയതിനാൽ സീരിയൽ നടി ഉൾപ്പെടെയുള്ള ഹാരിഷിന്റെ കുടുംബാംഗങ്ങൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കുകയും ചെയ്യും.

വിവാഹത്തിൽനിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊട്ടിയത്തെ യുവതി വീട്ടിനുള്ളിൽ ജീവനൊടുക്കിയത്. വിവാഹനിശ്ചയവും വളയിടൽ ചടങ്ങും കഴിഞ്ഞ ശേഷമായിരുന്നു പ്രതിശ്രുത വരൻ ഹാരിഷ് മുഹമ്മദും കുടുംബവും വിവാഹത്തിൽനിന്ന് പിന്മാറിയത്. പത്ത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. ഇതിനുശേഷം ഹാരിഷ് യുവതിയെ പലയിടങ്ങളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും യുവതിയുടെ കുടുംബത്തിൽനിന്ന് പണവും സ്വർണവും കൈക്കലാക്കുകയും ചെയ്തിരുന്നു. ഹാരിഷിന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദും പലദിവസങ്ങളിലും യുവതിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി. നടിയുടെ കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് സീരിയൽ ലൊക്കേഷനുകളിലേക്കും ഒപ്പം കൂട്ടി. യുവതി ഗർഭിണിയായപ്പോൾ വിവാഹം കഴിഞ്ഞെന്ന വ്യാജരേഖ ചമച്ച് ഗർഭഛിദ്രം നടത്തിയതിലും സീരിയൽ നടിക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.

വ്യാജ വിവാഹ സർട്ടിഫിക്കറ്റ് അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ലക്ഷ്മി പ്രമോദും കുടുംബവും ആരും അറിയാതെ ഒളിവിലേക്ക് മാറിയത്. എന്നാൽ ഇവർ താമസിക്കുന്നിടം അറിയാമെന്നാണ് പൊലീസ് ഭാഷ്യം. ഹാരിഷിന്റെ സഹോദരന്റെയും ഭാര്യയുടെയും ഒപ്പം മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുക്കും. ഇവരെല്ലാം കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. അഞ്ചലിലെ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിന് സമാനമാണ് റംസിയുടെ ആത്മഹത്യയെന്നും വിലയിരുത്തലുണ്ട്.

സ്വത്ത് കിട്ടാനായി വിവാഹ നിശ്ചയം ഉറപ്പിച്ച പെൺകുട്ടിയെ വഞ്ചിച്ചുവെന്നാണഅ നിഗമനം. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിനായി കൊട്ടിയം കണ്ണനല്ലൂർ സിഐമാർ ഉൾപ്പെട്ട പ്രത്യേക സംഘത്തെ ചാത്തന്നൂർ എസിപി നിയോഗിച്ചു. ഒൻപതംഗ സംഘത്തിൽ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരുമുണ്ട്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനു പൊലീസ് അപേക്ഷ നൽകി. ഹാരീഷിന്റെ ചോദ്യം ചെയ്യലും നിർണ്ണായകമാകും.

ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ ഹാരിസ് പെൺകുട്ടിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി. ഗർഭിണിയായ റംസിയെ അബോർഷന് വിധേയമാക്കിയിരുന്നു. ഇതിന് ലക്ഷ്മി പ്രമോദും വേണ്ട സഹായം ചെയ്തു. സീരിയൽ രംഗത്തെ ബന്ധങ്ങൾ ഉപയോഗിച്ചാണ് റംസിയുടെ അബോർഷന് ലക്ഷ്മി പ്രമോദ് സംവിധാനമൊരുക്കിയതെന്നാണ് സൂചന.

കഴിഞ്ഞ മൂന്നിനാണ് ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽനിന്ന് കൊട്ടിയം കൊട്ടുമ്പുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന റഹിമിന്റെയും -നദീറയുടെയും മകൾ റംസി (25)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം ഉറപ്പിച്ചശേഷം വരൻ ഹാരിഷ്് പിന്മാറിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. റംസിയുമായി ഹാരിഷ്് തമിഴ്‌നാട്ടിലും ബംഗളുരുവിലും പോയിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തി. ഹാരിസ് ജമാഅത്തിന്റെ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ഉൾപ്പെടെ പൊലീസ് അന്വേഷണത്തിലാണ്. സീരിയൽ നടി ഉൾപ്പെടെ ഹാരിസിന്റെ ബന്ധുക്കൾക്കും സംഭവത്തിൽ പങ്കുള്ളതായി റംസിയുടെ അച്ഛനമ്മമാർ ആരോപണമുയർത്തിയിട്ടുണ്ട്.

മരിക്കുന്നതിനു മുൻപ് പ്രതി ഹാരിസും ഹാരിഷിന്റെ ഉമ്മയുമായി റംസി ഫോണിൽ സംസാരിച്ചിരുന്നു. ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ആവശ്യമായ സമയത്തെല്ലാം എന്നെ ഉപയോഗിച്ചിട്ട് ഇപ്പോൾ എന്നെ വേണ്ടെന്നു പറഞ്ഞാൽ ഞാനെന്ത് ചെയ്യാനാണ്. എനിക്കെന്തെങ്കിലും പറ്റി കഴിഞ്ഞാൽ എന്റെ മയ്യത്ത് പോലും കാണാൻ വരരുതെന്നും റംസി ഹാരിഷിനോട് പറയുന്നശബ്ദ രേഖയും പുറത്തായിരുന്നു. പത്ത് വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. ഇതിനിടയിൽ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നൽകണമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാൽ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എന്നാൽ പിന്നീട് വിവാഹം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു.

വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിഷ് വിവാഹത്തിൽ നിന്ന് പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിനെ തുടർന്നാണ് റംസി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാർ പറയുന്നത്.