ന്യൂഡൽഹി: പുതിയ പാർലമെന്റ് മണ്ഡലത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതിനു പിന്നാലെ രൂക്ഷവിമർശനവുമായി കോൺഗ്രസ്.രണ്ടാഴ്ചയി
ലധികമായി ദേശീയ തലസ്ഥാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ഓർമിപ്പിച്ചാണ് കോൺഗ്രസിന്റെ വിമർശനം.അന്നദാതാക്കളായ കർഷകർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിൽ പ്രതിഷേധിക്കുമ്പോൾ മോദി കൊട്ടാരം പണിയുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി.ജനാധിപത്യ
ത്തിൽ അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാനുള്ളതല്ലെന്നും പൊതുക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാർഗമാണിതെന്നും സുർജേവാല ഓർമ്മപ്പെടുത്തി.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

'മിസ്റ്റർ മോദി, അന്നദാതാക്കൾ 16 ദിവസമായി തെരുവിൽ അവകാശങ്ങൾക്കായി പോരാടുമ്പോൾ സെൻട്രൽ വിസ്തയെന്ന പേരിൽ നിങ്ങൾക്കായി ഒരു കൊട്ടാരം പണിയുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തും. ജനാധിപത്യത്തിൽ അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാനുള്ളതല്ല. പൊതു ക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാർഗമാണത്' - സുർജേവാല ട്വീറ്റ് ചെയ്തു. farmers എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.പ്രതിഷേധ സുചകമായി കോൺഗ്രസ്സ് നേതൃത്വം ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

രാജ്യത്തെ കോവിഡ് സാഹചര്യം, സാമ്പത്തിക പ്രതിസന്ധി എന്നീ വെല്ലുവിളികൾക്കിടയിൽ കേന്ദ്രസർക്കാർ ഇത്രവലിയ തുക മുടക്കി പദ്ധതി നടപ്പാക്കുന്നതിൽ പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശനം ഉന്നയിച്ചിരുന്നു.പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടെ പുതിയതായി നിർമ്മിക്കുന്ന സെൻട്രൽ വിസ്ത എന്ന പേരിട്ടിരിക്കുന്ന പദ്ധതിക്കായി 20,000 കോടിയാണ് ആകെ ചെലവ്. നാലുനിലയുള്ള പാർലമെന്റ് മന്ദിരത്തിന് മാത്രം ഏകദേശം 1000 കോടിയോളം ചെലവ് വരും.