കൊച്ചി: കോൺഗ്രസ്സ് മുൻ സംസ്ഥാന നേതാവിനെതിരെയുള്ള പീഡന പരാതിയിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം. മൈനോറിറ്റി കോൺഗ്രസ്സ് മുൻ സംസ്ഥാന കോഡിനേറ്റർ ലക്സൺ കല്ലുമാടിക്കലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത്. അബോധാവസ്ഥയിലാക്കിയ ശേഷം പീഡനം നടത്തുകയും നഗ്‌ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡനം നടത്തി എന്നുമാണ് പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി സ്റ്റേഷനിലേക്ക് കൈമാറിയിട്ടും കേസെടുക്കാതിരിക്കുന്നത് ഉന്നത് ഇടപെടലാണ് കാരണമെന്നാണ് യുവതി പറയുന്നത്.

2018 ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ബാഗ്ലൂരിൽ സ്ഥിരതാമസമായിരുന്ന കൊടുങ്ങല്ലൂർ സ്വദേശിനിയായ യുവതി 2012ൽ വിവാഹമോചിതയായിരുന്നു. പിന്നീട് എറണാകുളത്തെത്തി വാടകയ്ക്ക് താമസിച്ചു കൊണ്ട് ബിസിനസ് ചെയ്തു വരികയാണ്. വിവാഹ മോചനം നേടി ആറു വർഷങ്ങൾക്ക് ശേഷം യുവതി വീട്ടുകാരുടെ നിർബന്ധപ്രകാരം പുനർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി ഷാദി ഡോട്ട് കോം എന്ന മാട്രിമോണിയൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു. വെബ്സൈറ്റിൽ നിന്നുമാണ് ലക്സൺ യുവതിയെ പരിചയപ്പെടുന്നത്.

കോൺഗ്രസ് നേതാവാണെന്നും ബ്രിട്ടീഷ് പൗരനാണെന്നും പരിചയപ്പെടുത്തുകയും വിവാഹം കഴിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. നിലവിൽ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണെന്നും ഉടൻ വിവാഹമോചനം ലഭിക്കുമെന്നും അറിയിച്ചു. തുടർന്ന് യുവതി മാതാപിതാക്കളുമായി ബന്ധപ്പെടാൻ അറിയിച്ചു. മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചതോടെ 2018 ഒക്ടോബറിൽ ഇയാൾ നാട്ടിലെത്തി. നാട്ടിലെത്തിയ ശേഷം യുവതിയെ കാണുകയും താൻ വലിയ ഭക്തനാണെന്നും വല്ലാർപാടം പള്ളിയിൽ പോയി ഇതു പോലെയൊരു പെണ്ണിനെ തന്നതിന് പ്രാർത്ഥിച്ച് നന്ദി പറയണമെന്നും പറഞ്ഞു.

യുവതിയും ലക്സണും കൂടി വല്ലാർപാടം പള്ളിയിലെത്തുകയും പ്രാർത്ഥിക്കുന്നതിനിടയിൽ യുവതിയുടെ വിരലിൽ നിർബന്ധപൂർവ്വം ഒരു മോതിരം ഇടുകയും ചെയ്തു. എന്തെങ്കിലും കാരണവശാൽ വിവാഹം തടസപ്പെടാതിരാക്കാനാണ് മോതിരം ഇട്ടതെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ യുവതി വീട്ടുകാരുടെ സമ്മതത്തോടെ പള്ളിയിൽ വച്ച് മോതിരം മാറ്റം നടത്തിയാൽ മതി എന്ന് പറഞ്ഞ് എതിർത്തു. ഇതേ തുടർന്ന് ഒക്ടോബർ 10ന് ഇയാളുടെ മാതാവ് ത്രേസ്യാമ്മ മാത്യുവിനൊപ്പം കൊടുങ്ങല്ലൂരിലെ കുടുംബ വീട്ടിലെത്തുകയും ചെറിയ ചടങ്ങോടെ മോതിരം മാറ്റം നടത്തുകയും ചെയ്തു. ചടങ്ങിൽ ബന്ധുക്കൾ എത്താതെന്താണെന്ന് ചോദിച്ചപ്പോൾ നിലവിൽ യു.കെയിലെ കോടതിയിൽ വിവാഹ മോചനത്തിനായുള്ള കേസ് നടക്കുന്നതിനാൽ മറ്റുള്ളവർ അറിഞ്ഞാൽ പ്രശ്നമാകും എന്നു പറഞ്ഞ് വിശ്വസിപ്പിച്ചു.

മോതിരം മാറ്റം ചടങ്ങ് നടന്നതിന് ശേഷം യുവതി എറണാകുളത്തേക്കും ലക്സണും മാതാവും ചങ്ങനാശ്ശേരിയിലേക്കും തിരിച്ചു. ഇവർ ഒരുമിച്ചായിരുന്നു യാത്ര. എറണാകുളം എത്തിയപ്പോൾ ലക്സണിന്റെ മാതാവിന് ദേഹാസ്വാസ്ഥ്യം വരികയും ഇനി യാത്ര ചെയ്യാൻ കഴിയില്ലെന്നും അതിനാൽ യുവതിയുടെ വാടക വീട്ടിൽ ഇന്ന് തങ്ങിക്കോട്ടെ എന്നും ചോദിച്ചു. പന്തികേടൊന്നും തോന്നാത്തതിനാൽ യുവതി ഇത് സമ്മതിച്ചു. അന്ന് രാത്രിയിൽ മൂന്ന് പേരും മൂന്നു മുറിയിലായി കിടന്നു. അർദ്ധരാത്രിയിൽ ലക്സൺ കുടിക്കാൻ വെള്ളം വേണം എന്ന് പറഞ്ഞ് യുവതിയെ മുറിയിലേക്ക് വിളിച്ചു വരുത്തുകയും കടന്നു പിടിക്കുകയും ചെയ്തു. ഞെട്ടിപ്പോയ യുവതി വിവാഹ ശേഷമല്ലാതെ ഒന്നിനും തയ്യാറല്ലാ എന്ന് എതിർത്ത് പറഞ്ഞു. എന്നാൽ യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ യുവതിയെ ഇയാൾ ബലാൽക്കാരമായി പിടിച്ചു വലിച്ച് കിടക്കയിലേക്കിട്ടു. ഹീമോഗ്ലോബിന്റെ കുറവുള്ള യുവതി ഇതോടെ ബോധം കെട്ടു. ഈ സമയം കൊണ്ട് ഇയാൾ യുവതിയെ പീഡനത്തിരയാക്കി. ബോധം തെളിഞ്ഞപ്പോൾ പീഡനത്തിനിരയായി എന്ന് യുവതിക്ക് മനസ്സിലായി.

യുവതി പൊട്ടിക്കരഞ്ഞു കൊണ്ട് തന്നെ പീഡിപ്പിച്ചതിന് പരാതി കൊടുക്കും എന്ന് പറഞ്ഞപ്പോൾ യുവതിയുടെ നഗ്‌ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പിറ്റേന്ന് ലക്സണിന്റെ മാതാവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണല്ലേ നീ. അതൊന്നും കാര്യമാക്കേണ്ട എന്നായിരുന്നു മറുപടി. ഇതോടെ മാതാവിന്റെ ഒത്താശയോടെയാണ് ഇതെല്ലാം നടത്തിയത് എന്ന് മനസ്സിലായി. അവിടെ നിന്നും ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് ഭീഷണിപ്പെടുത്തി കൊണ്ടു പോകുകയും അവിടെയും ദിവസങ്ങളോളം പൂട്ടിയിട്ട് പീഡനം നടത്തുകയും ചെയ്തു. ഇതിനിടയിൽ യു.കെയിലുള്ള ഇയാളുടെ നിലവിലെ ഭാര്യ നാട്ടിൽ വിവാഹമോചനത്തിന് മുൻപ് മറ്റൊരു സ്ത്രീയെ വീട്ടിൽ താമസിപ്പിക്കുന്നു എന്ന് കാട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് യുവതിക്ക് ഇവിടെ നിന്നും രക്ഷപെടാൻ കഴിഞ്ഞത്.

യുവതിയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിച്ചെങ്കിലും ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ കയ്യിലുള്ള ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. യുവതി തിരികെ എറണാകുളത്തെ വീട്ടിലെത്തിയെങ്കിലും ഇയാൾ ഇവിടെയെത്തി വീണ്ടും പീഡനം തുടർന്നു. ഇതിനിടയിൽ യുവതിയോടുള്ള സ്നേഹം മൂലമാണെന്നും ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തതെന്നും ലക്സൺ പറഞ്ഞു. കാലു പിടിച്ച് കരഞ്ഞു പറഞ്ഞതിനാൽ യുവതി ഇതൊക്കെ വിശ്വസിച്ചു. എന്നാൽ ഇയാൾ പിന്നീട് വിവാഹം കഴിക്കാൻ തയ്യാറായില്ല. ഇതോടെ യുവതി പൊലീസിൽ പരാതിപ്പെട്ടു.

എന്നാൽ ലക്സണിന്റെ ഉന്നതസ്വാധീനം ഉപയോഗിച്ച് കേസിൽ യാതൊരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് അന്വേഷണത്തിനായി പരാതി അയച്ചു നൽകി. എന്നാൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. കൊറോണ സാഹചര്യംമൂലമാണ് നടപടി വൈകുന്നതെന്നും ആരുടെയും സ്വാധീനത്തിലല്ല കേസെടുക്കാതിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. അതേസമയം പൊലീസ് ലക്സണിന് ഒത്താശ ചെയ്യുകയാണ് എന്നാണ് യുവതിയുടെ ആരോപണം.