തിരുവനന്തപുരം: ചാരിറ്റി പ്രവർത്തകനും ഹോപ്പ് എന്ന സംഘടനയുടെ അമരക്കാരനുമായ ഡോ. മഹേഷ് പരമേശ്വരൻ നായർ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി കേസ്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കരമന പൊലീസ് കേസെടുത്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാൾ അക്കാര്യം മറച്ചുവച്ച് യുവതിയുമായി അടുക്കുകയായിരുന്നു.

യുവതിയുടെ പിതാവ് ഹൃദയാഘാതം മൂലം ആശുപത്രിയിലായിരിക്കെ കോവിഡ് ബാധിതയായിരുന്ന യുവതിയെ ഇയാൾ ബലാൽസംഗം ചെയ്‌തെന്നാണ് പരാതി. യുവതി എതിർത്തപ്പോൾ വിവാഹം ചെയ്‌തോളാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. യുവതിയെ വിവാഹം കഴിക്കാമെന്ന് യുവതിയുടെ കുടുംബാംഗങ്ങൾക്കും ഇയാൾ വാക്ക് കൊടുത്തു. എന്നാൽ ഇയാൾ വിവാഹിതനാണെന്നും മറ്റ് പല യുവതികൾക്കും മുമ്പ് സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും പിന്നീട് യുവതി മനസിലാക്കുകയായിരുന്നു.

ഫെയ്‌സ് ബുക്കിലൂടെയാണ് മഹേഷ് യുവതിയെ പരിചയപ്പെടുന്നത്. യുഎസ്‌ടി ഗ്ലോബലിലെ ഐടി എൻജിനീയർ ആണെന്നാണ് അയാൾ യുവതിയോട് സ്വയം പരിചയപ്പെടുത്തിയത്. സാമൂഹ്യസേവനത്തിൽ തൽപരയായ യുവതി മഹേഷിനോടൊപ്പം പല സേവനപ്രവർത്തനങ്ങളിലും പങ്കാളിയായി.

നിർധനരായ നിരവധിപേർക്ക് വീടുകൾ വച്ചുകൊടുത്തും നിർധനപെൺകുട്ടികൾക്ക് വിവാഹങ്ങൾ നടത്തിയും ചാരിറ്റി രംഗത്ത് ശ്രദ്ധേയമാണ് മഹേഷിന്റെ ഹോപ്പ് എന്ന സംഘടന. ഇത് തന്നെയായിരുന്നു സേവനതൽപരയായ യുവതിയെ മഹേഷിനോട് അടുപ്പിച്ചതും. അതിന് ശേഷമാണ് മഹേഷ് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. യുവതി ദളിതാണെന്ന് അറിയാമായിരുന്നു. അതിന് ശേഷം അവർ ഒരുമിച്ചുപോകുന്ന പരിപാടികളിലൊക്കെ ഭാര്യയെന്ന നിലയിലാണ് മഹേഷ് യുവതിയെ പരിചയപ്പെടുത്തിയിരുന്നത്. മഹേഷിന്റെ യഥാർത്ഥ കുടുംബത്തെ അയാൾ പുറത്തുകാണിച്ചിരുന്നില്ല. സാമൂഹ്യമാധ്യമങ്ങളിൽ പോലും വിവാഹിതനാണെന്ന കാര്യം അയാൾ മറച്ചുപിടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഏപ്രിലിൽ യുവതിയും അച്ഛനും കോവിഡ് ബാധിതരാകുകയും അച്ഛന് ഹൃദയാഘാതം കൂടി ഉണ്ടായതിനാൽ ആദ്യം പാങ്ങോട് എസ്‌കെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന് വസ്ത്രമെടുക്കാൻ വീട്ടിലെത്തിയ മഹേഷ് പിപിഇ കിറ്റ് ധരിച്ച് നിന്ന കോവിഡ് രോഗിയായ യുവതിയെ കടന്നുപിടിക്കുകയും ബലാൽസംഗം ചെയ്യുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.

എതിർത്ത യുവതിയോട് വിവാഹം കഴിച്ചോളാമെന്ന് പറയുകയും യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ പിപിഇ കിറ്റ് വലിച്ചുകീറുകയും ബലാൽകാരമായി പീഡിപ്പിക്കുകയുമായിരുന്നു. എന്നാൽ പിന്നീട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ മഹേഷ് തന്റെ ഭാര്യയുടെയും കുട്ടിയുടെയും ചിത്രം അയച്ചുകൊടുക്കുകയാണ് ചെയ്തത്. തന്നെ ജാതി പറഞ്ഞും അസഭ്യം വിളിച്ചും അധിക്ഷേപിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.

ഫോർട്ട് എ.സി അന്വേഷണം ആരംഭിച്ചു.