ഗുരുവായൂർ: പ്രമുഖ വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ രവിപിള്ളയുടെ മകൻ ഗണേശിന്റെ വിവാഹം നാളെ (സെപ്റ്റംബർ 9) ഗുരുവായൂരിൽവച്ച് നടക്കും. ഇതിന് മുന്നോടിയായി കണ്ണന്‌ 725 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിരീടം ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി സമർപ്പിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ ഗീതാ രവിപിള്ളയും മകൻ ഗണേശുമുണ്ടായിരുന്നു. മരതകക്കല്ല് പതിപ്പിച്ച അത്യപൂർവ്വ ഭംഗിയുള്ള ഈ കിരീടം ഇന്ന് രാവിലെ പന്തീരടി പൂജയ്ക്കുശേഷമാണ് ഭഗവാന്റെ സോപാനനടയിൽ സമർപ്പിച്ചത്. ജ്യോതിഷ വിധിപ്രകാരം ഈ കിരീടസമർപ്പണം നടന്നുവെന്നാണ് അറിയുന്നത്. ഉന്നത നിലവാരമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടം 40 ദിവസംകൊണ്ടാണ് നിർമ്മിക്കുന്നത്. മരതകക്കല്ലിന്റെ തൂക്കം 14.45 കാരറ്റാണ്.

ഏഴേമുക്കാൽ ഇഞ്ച് ഉയരവും അഞ്ചേമുക്കാൽ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനിൽ പൂർണമായും കൈകൊണ്ട് നിർമ്മിച്ചതാണ്. ഓരോ ശിൽപ്പവും അല്ലെങ്കിൽ കലാസൃഷ്ടിയും വ്യത്യസ്മായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേൽശാന്തി എന്നിവരുടെയും നിർദ്ദേശങ്ങൾക്കും വിശ്വാസപരമായ നിബന്ധനകൾക്കും അനുസൃതമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണു കിരീടം പണിതത്.

തിരുപ്പതി ബാലാജി ക്ഷേത്രം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾക്ക് കിരീടം ഉൾപ്പെടെയുള്ള ആടയാഭരണങ്ങൾ പണിത് പ്രശസ്തനായ പാകുന്നം രാമൻകുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.

വിവാഹത്തിന് മുന്നോടിയായി ഗംഭീരമായ അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം ഒരുങ്ങുന്നത്.

പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളുമാണ് ഏറെയും. രാഷ്ട്രീയ സിനിമ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

2015 ൽ രവിപിള്ളയുടെ മകളുടെ വിവാഹം കേരളത്തിലെ ഏറ്റവും വലിയ ആഡംബര വിവാഹമായിരുന്നു. കൊല്ലം ആശ്രാമം മൈതാനത്തായിരുന്നു വിവാഹ ചടങ്ങ് .പങ്കെടുക്കാനെത്തിയവരിൽ വിദേശരാജ്യങ്ങളിലെ പ്രമുഖരും. രവി പിള്ളയുടെ മകൾ ഡോ. ആരതിയും ഡോ. ആദിത്യ വിഷ്ണുവും ആശ്രാമം മൈതാനത്തു പ്രത്യേകം തയ്യാറാക്കി വേദിയിൽ വച്ചാണു വിവാഹിതരായത്. 55 കോടി രൂപയാണ് മകളുടെ വിവാഹത്തിനായി രവി പിള്ള ചെലവഴിച്ചത്.

ബാഹുബലി സിനിമയെ വെല്ലുന്ന തരത്തിലുള്ള സെറ്റായിരുന്നു വിവാഹത്തിനായി ഒരുക്കിയിരുന്നത്. സെറ്റൊരുക്കിയതും ബാഹുബലി ടീം തന്നെയായിരുന്നു. കലാസംവിധായകൻ സാബു സിറിളാണ് വിവാഹപ്പന്തൽ ഒരുക്കിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും മുൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. 42 രാജ്യങ്ങളിൽ നിന്നുള്ള വ്യവസായിക പ്രമുഖരും ഗൾഫ് രാജ്യങ്ങളിലെ രാജകുംടുംബാംഗങ്ങൾ അടക്കം പ്രമുഖരെല്ലാം വിവാഹ ചടങ്ങിനെത്തി. എന്നാൽ, അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ചടങ്ങിൽ പങ്കെടുത്തില്ല.

സൗദി, ബഹ്റൈൻ, ഖത്തർ, ദുബായ് എന്നിവിടങ്ങളിലെ രാജകുടുംബങ്ങളിൽ നിന്നടക്കം വിദേശത്തെ 42 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും മോഹൻലാൽ, മുകേഷ് എന്നിവരടക്കമുള്ള ചലച്ചിത്ര താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാനെത്തി.

രാജസ്ഥാനിലെ പ്രശസ്തമായ ജോധ്പൂർ കൊട്ടാരത്തിന്റെ മാതൃകയിലാണ് കല്ല്യാണപന്തലിന്റെ ഇന്റീരിയർ വർക്ക് ചെയ്തിരുന്നത്. പ്രവേശന കവാടവും കൊട്ടാരസദൃശമായിരുന്നു. കൂറ്റൻ താമരയിൽ നൃത്തത്തിനെത്തിയ നടി മഞ്ജുവാര്യർ, ഏറ്റവും ഒടുവിലായി താമരപ്പൂവിലെ മണ്ഡപത്തിലെത്തിയ വധൂവരന്മാർ, പതിനായിരം ബൾബുകളുടെ പ്രകാശസംവിധാനം ഒരുലക്ഷം വാട്ട്സിന്റെ ശബ്ദക്രമീകരണം എന്നിവയാണ് വിസ്മയം സൃഷ്ടിച്ചത്. ഏത് ഭാഗത്തിരുന്നാലും വിവാഹം കാണാവുന്ന രീതിയിലായിരുന്നു വേദിയുടെ രൂപകൽപ്പന. ലോകത്തെ ഏറ്റവും വലിയ പന്തലും ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹവുമായി ചടങ്ങു മാറിയിരുന്നു.കലാപരിപാടികൾക്കൊടുവിൽ വിടരുന്ന താമരപ്പൂവിലെ കതിർമണ്ഡപത്തിലാണ് വധൂവരന്മാർ മാലയിട്ടത്. 30 കോടിയാണ് കൊട്ടാര സദൃശമായ വിവാഹവേദി ഒരുക്കാൻ മാത്രം ചെലവിട്ടത് എന്നതും വാർത്ത ആയിരുന്നു.