കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവിപൂജാരി കുറ്റം സമ്മതിച്ചു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിലാണ് രവി പൂജാരി കുറ്റം സമ്മിതിച്ചത്. നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നാൽ കൊച്ചിയിൽ വെടിവെപ്പ് നടത്താൻ ആളെ ഏർപ്പാട് ചെയ്തത് താനല്ലെന്നാണ് രവി പൂജാരിയുടെ മൊഴി നല്കി. ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂർ, കാസർഗോഡ് സംഘമെന്നും മൊഴിയിലുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് വ്ക്തമക്കുന്ന്ത്.

ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഇന്നലെ രാത്രിയാണ് രവി പൂജാരിയെ കൊച്ചിയിലെത്തിച്ചത്. വീഡിയോ കോൺഫറൻസിങ്ങിലൂടെ എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ പ്രതിയെ ഹാജരാക്കി. ഈ മാസം എട്ടാം തിയതി വരെയാണ് അന്വേഷണ സംഘത്തിന് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. 2018 ഡിസംബർ 15 നാണ് നടി ലീന മരിയ പോളിന്റെ കൊച്ചി കടവന്ത്രയിലെ പാർലറിൽ വെടിവെപ്പുണ്ടായത്. നടിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ പെരുമ്പാവൂരിലെ ക്വട്ടേഷൻ സംഘം രവി പൂജാരിയെ സമീപിക്കുകയായിരുന്നു.

വെടിവയ്പു നടന്ന കടവന്ത്രയിലെ 'നെയിൽ ആർട്ടിസ്ട്രി' ബ്യൂട്ടി സലൂണിൽ പ്രതികളായ വിപിനും ബിലാലും ഉപേക്ഷിച്ച കടലാസു കഷണം പൊലീസിനു ലഭിച്ചതോടെയാണു കേസന്വേഷണത്തിന്റെ ദിശമാറിയത്. കടലാസിന്റെ 2 പുറത്തും 'രവി പൂജാരി' എന്ന് ഹിന്ദിയിൽ എഴുതിയിരുന്നു. വെടിവയ്പു നടന്ന 2018 ഡിസംബർ 15നു തന്നെ ഈ കടലാസു കഷ്ണം പൊലീസ് കണ്ടെത്തിയിരുന്നു.

4 ദിവസങ്ങൾക്കു ശേഷം മലയാളം വാർത്താചാനലുകളുടെ നമ്പറുകളിലേക്കു നേരിട്ടു വിളിച്ച രവി പൂജാരി കൊച്ചിയിൽ വെടിവയ്പു നടത്തിയതു താനാണെന്ന അവകാശവാദം ഉയർത്തിയിരുന്നു. നടി ലീന മരിയാ പോളിനോട് 25 കോടി രൂപയാണു രവി പൂജാരി ആവശ്യപ്പെട്ടിരുന്നത്. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി. ലീന നൽകുന്ന 25 കോടി രൂപ അതിന്റെ യഥാർഥ ഉടമയ്ക്കു തന്നെ നൽകുമെന്നും രവി പൂജാരി വെളിപ്പെടുത്തിയിരുന്നു.