തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് അധോലോക കുറ്റവാളി രവി പൂജാരി പൊലീസിന് മൊഴി നൽകി. ചെന്നിത്തലയെ തനിക്ക് അറിയില്ല. ഫോണിൽ വിളിച്ചിട്ടുമില്ല. കന്റോൺമെന്റ് അസി. കമ്മിഷണർ ബംഗളുരുവിലെത്തിയാണ് പൂജാരിയെ ചോദ്യംചെയ്തത്. 2016 ഒക്ടോബറിലാണ് ചെന്നിത്തലയെ രവിപൂജാരി എന്ന പേരിൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

പരപ്പന അഗ്രഹാര ജയിലിലായിരുന്ന പൂജാരി ബംഗളുരു വിക്ടോറിയ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. അവിടെ ബംഗളൂരു പൊലീസിന്റെ സഹായത്തോടെയാണ് കേരളാ പൊലീസ് ചോദ്യംചെയ്തത്. പൂജാരിയെ കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് കത്ത് നൽകിയിരിക്കയാണ്.

ചന്ദ്രബോസ് വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെക്കുറിച്ച് മോശമായി സംസാരിച്ചാൽ താങ്കളെയോ കുടുംബത്തിൽ ഒരാളെയോ വധിക്കുമെന്നായിരുന്നു ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല പരാതി നൽകിയിരുന്നു. ബ്രിട്ടനിൽ നിന്ന് +447440190035 എന്ന നമ്പരിൽ നിന്നാണ് ഭീഷണി എത്തിയത്. ഈ നമ്പരിന്റെ വിലാസം ഇന്റർപോൾ മുഖേന ബ്രിട്ടീഷ് പൊലീസുമായി ബന്ധപ്പെട്ട് കണ്ടെത്താൻ ഹൈടെക് സെൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

എന്റെ ഫോണിൽ കഴിഞ്ഞ രണ്ട് ദിവസമായി നെറ്റ് കോൾ വഴി വിദേശത്ത് നിന്ന് ഭീഷണി വരുന്നുണ്ട്. ജയിലിൽ കഴിയുന്ന നിസാമിനെതിരെ മോശമായി സംസാരിച്ചാൽ തന്നേയോ തന്റെ കുടുബത്തിലെ ഒരാളേയോ വധിക്കുമെന്നാണ് ഈ ഫോൺ കോളുകൾ. ഇതിൽ അവസാനമായി ഒരു സന്ദേശം മൊബൈലിൽ വരികയും ചെയ്തു. ഇതോടെയാണ് കളി കാര്യമാണോയെന്ന സംശയം തനിക്കുണ്ടായതെന്ന് രമേശ് ചെന്നിത്തല പറയുന്നു. ഈ സാഹചര്യത്തിലാണ് സന്ദേശം ഉൾപ്പെടെ മുഖ്യമന്ത്രിക്ക് ചെന്നിത്തല കൈമാറിയത്. ഇതിലെ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

ചെന്നിത്തലയുടെ നമ്പറിലേക്ക് +447440190035 എന്ന മ്പറിൽ നിന്നാണ് ഭീഷണിയെത്തിയത്. നിസാമിനെതിരെ വേണ്ടാതീനമൊന്നും പറയരുത്. അതുണ്ടായാൽ തന്നേയോ കുടുംബത്തിലെ അംഗത്തേയോ കൊല്ലം-ഡോൺ രവി പൂജാരി എന്ന പേരിലാണ് സന്ദേശം എത്തിയത്. നെറ്റ് കോളായതുകൊണ്ട് തന്നെ ഉറവിടം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് രവി പൂജാരിയുടെ മൊഴി എടുത്തത്.

ഇന്റർനെറ്റ് വിളികളുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രയാസമാണെന്ന ഇന്റർപോളിന്റെ മറുപടിയോടെ അന്വേഷണം വഴിമുട്ടിയിരുന്നു. സെനഗലിൽ അറസ്റ്റിലായ പൂജാരിയെ ബംഗളുരു പൊലീസ് കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയത്. അതേസമയം തന്നെയും പൂജാരി ഭീഷണിപ്പെടുത്തിയെന്ന് പി.സി. ജോർജ്ജ് വെളിപ്പെടുത്തിയിരുന്നു.

+8244 എന്ന നമ്പരിൽ നിന്നുള്ള ഇന്റർനെറ്റ് കോളിലായിരുന്നു ഭീഷണി. നിങ്ങൾക്ക് അയച്ച സന്ദേശം കണ്ടില്ലേ എന്നായിരുന്നു ആദ്യം ചോദിച്ചത്. കണ്ടില്ല എന്നു പറഞ്ഞപ്പോൾ വിളിക്കുന്നത് രവി പൂജാരിയാണെന്നു പറഞ്ഞു.